രാജയുടെ കൊലപാതകത്തില്‍ സോനം മുഖ്യപ്രതിയാണെന്ന് പോലീസ് അറിയിച്ചു. അവരുടെ കാമുകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അവർ കൂട്ടിച്ചേർതത്ു. സോനവുമായി പ്രണയത്തിലായിരുന്ന രാജ് കുശ് വാഹയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. വിക്കി ഠാക്കൂര്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ പൊലീസിന് തുമ്പായത് രക്തം പുരണ്ട, തദ്ദേശീയമായി ഉപയോഗത്തിലില്ലാത്ത വെട്ടുകത്തി നൽകിയ സൂചനയാണ്. രാജയുടെ മൃതദേഹത്തിന് സമീപത്തായാണ് ഈ വെട്ടുകത്തി കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ ഇത് ആ പ്രദേശത്ത് ഉപയോഗിച്ചുവരുന്ന വെട്ടുകത്തിയോട് സാമ്യമുള്ളതായിരുന്നു.
advertisement
എന്നാല്‍, ഇതിനിടെ പെട്ടെന്നാണ് അതില്‍ അസാധാരണമായി എന്തോ ഉള്ളകാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്. പ്രദേശത്ത് സാധാരണയായി ഉപയോഗിക്കുന്ന പരമ്പരാഗത ഖാസി ശൈലിയിലുള്ള വെട്ടുകത്തികളുമായി അതിന് സാമ്യമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. സാധാരണയായി ആ നാട്ടുകാര്‍ ഉപയോഗിക്കുന്ന വെട്ടുകത്തിയുടെ ഉറയോ അടയാളങ്ങളോ അതിന് ഇല്ലെന്നും അവര്‍ മനസ്സിലാക്കി.
ഇതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുറുപ്പുചീട്ടായത്. ആയുധം ഈ പ്രദേശത്തിന്റെ പുറത്തുനിന്ന് കൊണ്ടുവന്നതാണെന്നും അതിനാല്‍ രാജയുടെ മരണം കൊലപാതകം തന്നെയാണെന്നും അവര്‍ സംശയിച്ചു.രാജയുടെ മരണം പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായുണ്ടായ ആക്രമണമല്ലെന്നും മറിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഈ കത്തി പോലീസിന് സൂചന നല്‍കി.
കൊലപാതകത്തിന് വേണ്ടി മാത്രമായി വാങ്ങിയതാണ് ഈ വെട്ടുകത്തിയെന്ന് കരുതപ്പെടുന്നു. കൊലപാതകത്തില്‍ പുറത്തുനിന്നുള്ള ആളുകള്‍ക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കാന്‍ ഇത് ഇടയാക്കി. ഹണിമൂണ്‍ യാത്രയെന്ന് കരുതിയിരുന്ന സംഭവം രാജയുടെ കൊലപാതകത്തിന് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പോലീസ് കണ്ടെത്തി.
ദൃക്‌സാക്ഷി വിവരണങ്ങളും സംഭവം നടന്ന സമയക്രമവും
രാജരഘുവംശിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫൊറന്‍സിക് തെളിവുകള്‍ മാത്രമല്ല പ്രദേശത്തെ ദൃക്‌സാക്ഷികളുടെ മൊഴികളും പോലീസിന് സഹായകമായി.
മേയ് 22ന് ദമ്പതികള്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്ന മൗലഖിയാത്ത് ഗ്രാമത്തില്‍ നിന്നുള്ള ഗൈഡായ ആല്‍ബര്‍ട്ട് പിഡെയാണ് രാജയയെ ജീവനോട് അവസാനമായി കണ്ടവരില്‍ ഒരാള്‍. ആ സമയം അവര്‍ക്കൊപ്പം അജ്ഞാതരായ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നുവെന്നും പിഡെ പറഞ്ഞു. രാജ മൂന്ന് പുരുഷന്മാര്‍ക്കൊപ്പം മുന്നില്‍ നടക്കുകയായിരുന്നു. അതേസമയം, സോനം പതുക്കെ അവരുടെ പിന്നിലായി പിന്തുടർന്നു. അവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്നും അതിനാല്‍ അവരോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും പെഡെ പറഞ്ഞു. തലേദിവസം താന്‍ ഗൈഡായി സേവനം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അവര്‍ അത് നിരസിക്കുകയായിരുന്നുവെന്നും പെഡെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസാധാരണമായി തനിക്ക് ഒന്നും തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോനത്തിന് പുറമെ മധ്യപ്രദേശിലെ സാഗറില്‍ നിന്ന് ആനന്ദ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും കേസുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാജ് കുശ് വാഹ സോനത്തിന്റെ ജോലിക്കാരനായിരുന്നു. അവര്‍ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് രാജ രഘുവംശിയുടെ സഹോദരന്‍ വിപുല്‍ രഘുവംശി പറഞ്ഞു.
സോനം രഘുവംശിയെ കാണാതായി എന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകത്തിലെത്തി നില്‍ക്കുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് സോനത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാജയെ കൊലപ്പെടുത്തിയത് സോനം ഏര്‍പ്പെടുത്തിയ ആളുകളാണെന്ന് മേഘാലയ ഡിജിപി ഐ നോണ്‍ഗ്രാംഗ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചന മേഘാലയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ലെന്ന് പോലീസ് വിശ്വസിക്കുന്നു.
മധ്യപ്രദേശ് പോലീസ് നല്‍കിയ സൂചനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരിന് സമീപത്തുവെച്ചാണ് സോനത്തിനെ പോലീസ് പിടികൂടിയത്. വാരണാസി-ഗാസിപൂര്‍ റോഡിലെ കാശി ധാബയില്‍ സോനത്തിനെ കണ്ടതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. സോനം കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് അവരെ പിടികൂടുന്നതിലേക്ക് നയിച്ചത്. ബന്ധുക്കള്‍ മധ്യപ്രദേശ് പോലീസിനെ അറിയിച്ചു.