മാർച്ച് മാസത്തിലാണ് യുവതിയുടെ പേരിൽ പിതാവ് മാട്രിമോണിയൽ പ്രൊഫൈൽ ആരംഭിക്കുന്നത്. സർജി റാവോ പട്ടേൽ എന്ന വ്യാജ പ്രൊഫൈലിൽ നിന്നുമാണ് യുവതിയ്ക്ക് സന്ദേശം ലഭിക്കുന്നത്. തന്റെ അച്ഛൻ ഒരു ഷിപ്പിങ് ബിസിനസ്സുകാരൻ ആണെന്നും അമ്മ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥ ആണെന്നുമാണ് പ്രതി യുവതിയോട് പറഞ്ഞത്. ആഗസ്റ്റിൽ നേരിട്ട് കാണാം എന്ന് അറിയിച്ചതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വേണ്ട കാര്യങ്ങൾ ഒക്കെ ഒരുക്കിയെങ്കിലും പ്രതി എത്തിയില്ല. നിരവധി തവണ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
advertisement
തൊട്ടടുത്ത ദിവസമാണ് തനിക്ക് ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായി എന്നും തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നും പ്രതി യുവതിയെ പറഞ്ഞു ധരിപ്പിക്കുന്നത്. തുടർന്ന് തിരിച്ചു തരാം എന്ന ഉറപ്പിന്മേൽ യുവതിയിൽ നിന്നും ഇയാൾ 2.3 ലക്ഷം രൂപ വാങ്ങി. പണം തിരികെ നൽകാൻ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്സ്‌വേർഡും വേണമെന്നതായിരുന്നു അടുത്ത ആവശ്യം. അതേക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ അക്കൗണ്ട് നിരീക്ഷണത്തിലാണ് എന്ന മറുപടിയാണ് പ്രതി നൽകിയത്.
പിന്നീട് യുവതിയുടെ അക്കൗണ്ടിൽ നിന്നും മറ്റ് അക്കൗണ്ടുകളിലേക്ക് പ്രതി 1.8 ലക്ഷം കൈമാറി. അതും തിരിച്ചു നൽകുമെന്നാണ് പറഞ്ഞിരുന്നത്. അതിനിടയിൽ യുവതി തന്റെ അനിയത്തിയെ കാണാൻ അയർലന്റിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി പിന്നെയും 3.9 ലക്ഷം രൂപ തട്ടിയെടുത്തു. ഇങ്ങനെ 9.4 ലക്ഷത്തോളം രൂപയാണ് യുവതിയിൽ നിന്നും പ്രതി ആദ്യം തട്ടിയെടുത്തത്. നവംബറിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ഇഎംഐ (EMI) അടക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഫോൺ കോളുകളും ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ പേരിൽ 3.7 ലക്ഷം രൂപ പ്രതി വായ്പയും എടുത്തിട്ടുണ്ട് എന്ന് കണ്ടെത്തിയത്. പ്രതിയെ പല തവണ ബന്ധപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ആർസിഎഫ് (RCF) പോലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.