2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്.എസ്.എൽ. ലാബ്) നിന്ന് ദൃശ്യങ്ങൾ കോടതിയ്ക്ക് കൈമാറുന്ന ഘട്ടത്തിൽ ഉണ്ടായിരുന്ന ഹാഷ് വാല്യു അയിരുന്നില്ല തിരിച്ച് ലാബിൽ ദൃശ്യങ്ങൾ എത്തിയ സമയത്ത് ഉണ്ടായിരുന്നത്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ദൃശ്യങ്ങൾ ചോർന്നതിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘo കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
ഇതേത്തുടർന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഈ മാസം 4 ന് എറണാകുളം പ്രിൻസിപ്പൾസ് സെക്ഷൻസ് കോടതി അനുമതി നല്‍കി. കോടതി ശിരസ്തദാറിനേയും തൊണ്ടി ക്ലാര്‍ക്കിനേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അതേസമയം, വധശ്രമ ഗൂഢാലോചന കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അനശ്ചിതത്വം തുടരുകയാണ്. എവിടെ വെച്ചു ചോദ്യം ചെയ്യണം എന്നതിൽ അന്തിമ തീരുമാനമായില്ല.
ബുധനാഴ്ച ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ കാവ്യക്ക് നോട്ടീസ് നൽകിയെന്നും ചോദ്യം ചെയ്യൽ തന്റെ വസതിയിൽ വെച്ച് തന്നെ നടത്തണമെന്നു കാവ്യ നിർബന്ധിച്ചതായും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് അന്വേഷണ സംഘം വെള്ളിയാഴ്ച കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. ചെന്നൈയിലായതിനാൽ തനിക്കുണ്ടായ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീയതി മാറ്റിവെച്ചത്.
ബുധനാഴ്ച ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നൽകിയപ്പോൾ, നടപടിക്രമങ്ങൾ ആലുവയിലെ വസതിയിൽ തന്നെ നടക്കണമെന്ന് അവർ നിർബന്ധിച്ചു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും അവരുടെ വസതിയിൽ സാക്ഷിയായി ചോദ്യം ചെയ്യണമെന്ന് CrPC യുടെ 160-ാം വകുപ്പ് നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ, പ്രതിയായ ദിലീപ് താമസിക്കുന്ന അതേ വീട്ടിൽ തന്നെ ചോദ്യം ചെയ്യുന്നതിനോട് അന്വേഷകർക്ക് എതിർപ്പാണ്. അന്വേഷണ സംഘത്തിന് ഓഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്യുകയും സാക്ഷി മൊഴികളുമായി കാവ്യയെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടി വന്നേക്കാം. ഇത് വീട്ടിൽ വെച്ച് നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിലാണ് അന്വേഷകർ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം തുടർനടപടികൾ തീരുമാനിക്കുക.