മെയ് 19 നാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആക്രമണത്തിൽ തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതി ദാസറഹള്ളിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് യുവതിയുടെ മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പരാതി എഴുതി വാങ്ങിക്കുകയായിരുന്നു.
യുവതിയും ഭർത്താവും സിഡെദഹള്ളിയിലെ എൻഎംഎച്ച് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസിക്കുന്നത്. മെയ് 19 ന് രാത്രി യുവാവ് ഭാര്യയോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് പണം കൈക്കലാക്കിയ പ്രതി രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തി മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വെക്കാൻ തുടങ്ങി. പാട്ടിന്റെ ശബ്‌ദം അയൽക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ യുവതി ഭർത്താവിനോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഉണ്ടായ വാക്ക്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
advertisement
തർക്കം രൂക്ഷമായതോടെ പ്രതി കുളിമുറിയിൽ സൂക്ഷിച്ച ആസിഡ് ഭാര്യയുടെ തലയിലും മുഖത്തും ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 124 (ആസിഡ് ഉപയോഗിച്ച് സ്വമേധയാ ഗുരുതരമായി പരിക്കേൽപ്പിക്കൽ മുതലായവ), 352 (സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം), 85 (ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കുന്ന ഭർത്താവിന്റെ ഭർത്താവോ ബന്ധുവോ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടിയുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.