കോഹ് ഗ്രാമത്തിലെ വീട്ടിൽ ടി വി കണ്ടുകൊണ്ടിരിക്കെയാണ് രേഖയെ പ്രതി ആക്രമിച്ചത്. ഈ സമയം രേഖ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കർഷക തൊഴിലാളിയായ ഭർത്താവ് സഞ്ജു തൊഴിലിടത്തിലും ഏഴും അഞ്ചും വയസുള്ള കുട്ടികൾ സ്കൂളിലുമായിരുന്നുവെന്ന് ഫറാ പൊലീസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് കുമാർ പാണ്ഡേ പറഞ്ഞു.
ഹരിയാനയിലെ ഹസൻപൂർ സ്വദേശിയായ ഉമേഷ്, രേഖയുടെ മൂത്ത നാത്തൂന്റെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. ഉച്ചയോടെ ഉമേഷ് കുപ്പിയിൽ പെട്രോളുമായി എത്തി. സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ലെഹങ്ക ധരിച്ചാണ് ഇയാൾ എത്തിയത്. സുഹൃത്താണ് ബൈക്കിൽ തൊട്ടടുത്ത് എത്തിച്ചത്. വീടിന്റെ ടെറസിലൂടെ ഉമേഷ് അകത്തേക്ക് കടന്നു. റൂമിലെത്തിയ ഉമേഷ്, തനിക്കൊപ്പം വരണമെന്ന് രേഖയോട് ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ചതോടെ കൈയിലുള്ള പെട്രോൾ രേഖയുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
advertisement
നിലവിളി കേട്ട് അയൽക്കാരെത്തിയപ്പോഴും ഉമേഷ് ടെറസിൽ നിന്ന് ചാടി പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. വീഴ്ചയിൽ ഉമേഷിന് പരിക്കേൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുൻപ് പലപ്പോഴും ഉമേഷ് രേഖയുടെ വീട്ടിൽ വരുമായിരുന്നു. താമസിയാതെ ഇരുവരും തമ്മിലടുത്തു. കഴിഞ്ഞ ഓഗസ്റ്റ് 31ന് രേഖ വീടുവിട്ട് ഉമേഷിനൊപ്പം പോയിരുന്നു. കുടുംബം നല്‍കിയ പരാതിയെ തുടർന്ന് ഹിമാചലില്‍ നിന്ന് ഫെബ്രുവരി 10ന് പൊലീസ് രേഖയെ കണ്ടെത്തി തിരിച്ചുകൊണ്ടുവരികയായിരുന്നു. ഈ സംഭവത്തിനുശേഷം തെറ്റുമനസിലാക്കി രേഖ, ഉമേഷുമായി അകലം പാലിച്ചു. ഇതാണ് പകയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു.