എന്താണ് കൊറോണ വൈറസിന്റെ ഇരട്ട ജനിതക മാറ്റം? ഇതുവരെ രാജ്യത്തുണ്ടായിരുന്ന കൊറോണ വൈറസിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു.
ഇരട്ട ജനിതക മാറ്റം സംഭവിച്ച വേരിയന്റ് SARS-CoV2 ന്റെ B.1.617 വേരിയന്റ് എന്നാണ് അറിയപ്പെടുന്നത്. മറ്റ് ജനിതക മാറ്റങ്ങൾ കൂടാതെ വൈറസിന് ശ്രദ്ധേയമായ രണ്ട് ജനിതക മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. E484Q, L425R എന്നീ മാറ്റങ്ങൾ വൈറസിന്റെ വ്യാപനം കൂടാൻ കാരണമാകുന്നുണ്ട്.
ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസിനെ കൂടുതൽ ഭയപ്പെടേണ്ടതുണ്ടോ?
advertisement
പകർച്ചാശേഷി അല്ലെങ്കിൽ രോഗത്തിന്റെ കാഠിന്യം എന്നിവ കൂടുകയോ സ്വീകരിക്കേണ്ട പൊതുജനാരോഗ്യ നടപടികളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ട സ്ഥിതിയോ ഉണ്ടായാൽ വേരിയന്റിനെ വേരിയന്റ് ഓഫ് കൺസേൺ (variant of concern) എന്ന് ലേബൽ ചെയ്യും. എന്നാൽ ഇപ്പോൾ ഈ ഇരട്ട ജനിതക മാറ്റം സംഭവിച്ച വേരിയൻറിനെ സംബന്ധിച്ച് പരിശോധനകൾ പുരോഗമിച്ച് വരികയാണ്. എന്നാൽ ഇതുവരെ പുതിയ വേരിയന്റിനെ ‘variant of concern’ എന്ന് ലേബൽ ചെയ്തിട്ടില്ല.
ഇന്ത്യയിൽ കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നയിക്കുന്നത് ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസാണോ?
ഇക്കാര്യം വ്യക്തമാക്കാൻ വളരെ ബുദ്ധിമുട്ടാണ്. കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടം വീണ്ടും ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസുകളെ തിരിച്ചറിഞ്ഞിരുന്നു.
എന്താണ് ജീനോം സീക്വൻസിംഗ്? ഇവയുടെ പ്രാധാന്യം എന്നത്തേക്കാളും ഇപ്പോൾ കൂടുന്നത് എന്തുകൊണ്ട്?
ജീനോം സീക്വൻസിംഗ് വൈറസിന്റെ വ്യാപനം കണ്ടെത്താനും വൈറസ് എങ്ങനെ മാറുന്നുവെന്ന് മനസ്സിലാക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടാതെ പ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്ന് അറിയാനും ജീനോം സീക്വൻസിംഗ് സഹായിക്കും.
മഹാമാരിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും തരംഗത്തെ നേരിടാൻ ജീനോം സീക്വൻസിംഗ് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ എങ്ങനെ സഹായിക്കും?
നിലവിലെ കണക്കനുസരിച്ച്, ജീനോം സീക്വൻസിംഗ് പ്രചാരത്തിലുള്ള വേരിയന്റുകളെക്കുറിച്ച് വ്യക്തമായ ഒരു ആശയം നൽകും. എന്നിരുന്നാലും, ചികിത്സ യഥാർത്ഥത്തിൽ ഓരോ വേരിയന്റുകളിലും വ്യത്യാസപ്പെടുന്നില്ല. തുടർന്നുള്ള തരംഗങ്ങളും നേരിടാൻ, നമുക്ക് വേണ്ടത് പ്രതിരോധമാണ്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ ഇല്ലയോ, മുമ്പ് രോഗം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ട കാര്യമാണിത്. പ്രതിരോധ കുത്തിവയ്പ്പ്, കഴിയുന്നതും വേഗത്തിൽ എടുക്കുക എന്നതാണ് കോവിഡിന് എതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം.
