ഏകദേശം 75,000 അംഗങ്ങളാണ് താലിബാന്‍ എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള സമ്പത്തും താലിബാനുണ്ട്. ഭീകരസംഘടനയായ താലിബാന് എങ്ങനെയാണ് പണം ലഭിക്കുന്നത്? താലിബാന്‍ പണം സമാഹരിക്കുന്ന വഴികള്‍ എന്തൊക്കെയാണ്?
മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് എന്നിവയ്ക്ക് പുറമേ വിദേശ സ്രോതസുകളില്‍ നിന്നുള്ള നിക്ഷേപവുമാണ് താലിബാന്റെ വരുമാനമാര്‍ഗമെന്ന് ഫോബ്സ് റിപ്പോർട്ട് പറയുന്നു. റേഡിയോ ലിബര്‍ട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാര്‍ഗങ്ങളാണ്.
advertisement
Also Read- Explained: അഫ്ഗാനിൽ ഭരണം പിടിക്കാൻ നേതൃത്വം നൽകിയ താലിബാൻ ഭീകരർ ആരൊക്കെ?
ഖനനം- 464 മില്ല്യണ്‍ ഡോളര്‍, മയക്കുമരുന്ന്- 416 മില്ല്യണ്‍ ഡോളര്‍, വിദേശസഹായം- 240 മില്ല്യണ്‍ ഡോളര്‍, കയറ്റുമതി- 240 മില്ല്യണ്‍ ഡോളര്‍, നികുതി- 160 മില്ല്യണ്‍ ഡോളര്‍, റിയല്‍ എസ്‌റ്റേറ്റ്- 80 മില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ താലിബാന്റെ വരുമാനത്തെക്കുറിച്ച് പറയുന്നത്.
ഓപ്പിയം കച്ചവടം
ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഓപ്പിയം) നിര്‍മാതാക്കളാണ് അഫ്ഗാനിസ്ഥാന്‍. പ്രതിവര്‍ഷം 1.5-3 ബില്ല്യണ്‍ ഡോളര്‍ ഓപിയം കയറ്റുമതിയാണ് അഫ്ഗാനില്‍ നടക്കുന്നത്. രാജ്യത്ത് ഓപിയം ഉത്പാദനം നടക്കുന്ന മുക്കാല്‍ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാനമാര്‍ഗമാണ്. ഹെറോയിന്‍ ആക്കി മാറ്റുന്ന ലാബുകളില്‍ നിന്ന് വന്‍തോതില്‍ നികുതിയാണ് താലിബാന്‍ ഈടാക്കുന്നത്. പുറമേ കര്‍ഷകരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും പത്ത് ശതമാനത്തോളം നികുതി ഈടാക്കും.
ഖനനം
ഖനനമാണ് മറ്റൊരു പ്രധാന വരുമാനം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ മലനിരകള്‍ ഖനനം നടക്കുന്ന മേഖലകളാണ്. നിയമ വിധേയവും നിയമവിരുദ്ധവുമായുള്ള ഖനനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. താലിബാന് വന്‍ തുക നല്‍കിയാണ് ചെറുകിട ഖനന കമ്പനികള്‍ മുതല്‍ വമ്പന്‍ ഖനന കമ്പനികള്‍ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നല്‍കാതെ ഈ മേഖലകളില്‍ ഖനനം നടത്താന്‍ സാധ്യമല്ല.
വിദേശ സഹായം
വിദേശസഹായമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗം. പാകിസ്ഥാന്‍, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ താലിബാന് വിദേശസഹായം നല്‍കുന്നുണ്ടെന്ന് പലപ്പോഴും അഫ്ഗാനും അമേരിക്കയും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഈ രാജ്യങ്ങള്‍ നിരന്തരം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഈ പണത്തിന്റെ കൃത്യമായ അളവ് എത്രയാണെന്ന് വ്യക്തമല്ല. ഇത് പ്രതിവര്‍ഷം 500 മില്ല്യണ്‍ ഡോളര്‍ വരെയാവാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
നികുതി
അഫ്ഗാനിസ്ഥാനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാന്‍ ജനങ്ങളില്‍നിന്നും വ്യവസായ സ്ഥാപനങ്ങളില്‍നിന്നും നികുതി ഈടാക്കുന്നുണ്ട്. ഇത് മറ്റൊരു പ്രധാനവരുമാന മാര്‍ഗമാണ്. ഖനന കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര ധനസഹായത്തോടെയുള്ള വികസന പദ്ധതികള്‍ എന്നിയൊക്കെ താലിബാന് നികുതി കൊടുക്കുന്നുണ്ട്.
സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചാല്‍ ദിനംപ്രതിയെന്നോണം വളരുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ആധിപത്യം കൂടി ലഭിക്കുന്നതോടെ വരുമാനം വീണ്ടും പലമടങ്ങ് വർധിക്കും.