TRENDING:

തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്: അഞ്ചു വകുപ്പുകള്‍ ഇല്ലാതായി പുതിയ വകുപ്പ് വരുമ്പോൾ

Last Updated:

ജില്ലാ ആസൂത്രണ സമിതിയെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് വകുപ്പുകളുടെ ഏകീകരണം സഹായിക്കുകയെന്നും മന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022ലെ കേരള തദ്ദേശ സ്വയം ഭരണ പൊതു സര്‍വീസ് ബില്‍ നിയമസഭ പാസാക്കി.നിലവില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ തല പിന്തുണയ്ക്കും ഏകോപനത്തിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകുപ്പ് തിരിഞ്ഞ് സമീപിക്കേണ്ടി വരുന്ന സ്ഥിതിയുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ പഞ്ചായത്ത് വകുപ്പ് എന്ന നിലയിലും ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമവികസന വകുപ്പ് എന്ന നിലയിലും നഗരസഭകള്‍ നഗരകാര്യ വകുപ്പ് എന്ന നിലയിലുമാണ് നിലവില്‍ ബന്ധപ്പെടുന്നത്. എഞ്ചിനീയറിംഗും ടൗണ്‍ പ്ലാനിംഗും വേറെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ സര്‍ക്കാരിനും വ്യത്യസ്ത വകുപ്പുകളിലൂടെ നടപടി സ്വീകരിക്കേണ്ടി വരുന്നു. ഒരേ പ്രദേശത്ത് യോജിച്ച നിലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ പ്രയാസങ്ങളുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ നിയമങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ജോയിന്റ് കമ്മിറ്റികള്‍ ഇതേ കാരണം കൊണ്ട് സജീവമല്ല.
advertisement

നിലവിൽ അഞ്ച് വകുപ്പുകളിലെ ജീവനക്കാരുടെ സര്‍വീസ് നിലനില്‍ക്കുന്നത് വ്യത്യസ്തങ്ങളായ സര്‍വീസ് ചട്ടങ്ങളിലൂടെയാണ്. 1968ലെ കേരള പബ്ലിക് സര്‍വീസ് നിയമത്തിനും 1994ലെ പഞ്ചായത്തീരാജ് ആക്ട്, മുൻസിപ്പാലിറ്റി ആക്ട് തുടങ്ങിയ നിയമങ്ങള്‍ക്ക് കീഴിലുമാണ് ഈ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്. പൊതുവായ സര്‍വീസ് രൂപീകരിക്കുന്നതിന് നിലവിലുള്ള അഞ്ചു വകുപ്പുകളിലെയും ജീവനക്കാരുടെ നിയമനരീതികളും സേവന വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന അവരുടെ സ്പെഷ്യല്‍ റൂളുകള്‍ റദ്ദ് ചെയ്തുകൊണ്ട് ഏകീകൃത വകുപ്പിനാവശ്യമായ സ്റ്റേറ്റ്-സബോര്‍ഡിനേറ്റ് സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരത്തോടെ റൂളുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. പ്രസ്തുത ചട്ടങ്ങള്‍ നിയമപരമായി വിജ്ഞാപനം ചെയ്യുന്നതോടെ അഞ്ചു വകുപ്പുകള്‍ ഇല്ലാതാകുകയും പുതിയ വകുപ്പ് നിലവില്‍ വരികയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന് പൂര്‍ണമായും വിവേചനാധികാരമുള്ളതും നിയമപരവുമായ കാര്യമാണിത്.

advertisement

ഇങ്ങനെ അഞ്ച് വകുപ്പുകള്‍ ഏകീകരിച്ച് പുതിയ സര്‍വീസ് നിലവില്‍ വരുമ്പോള്‍ തദ്ദേശസ്വയംഭരണ സര്‍വീസുമായി ബന്ധപ്പെട്ട് നിലവിലുള്ള ചില നിയമങ്ങളില്‍ ഭേദഗതി ആവശ്യമാണ്. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 2016ലെ കേരള നഗരഗ്രാമാസൂത്രണ ആക്ട് എന്നിവയിലെ ചില വ്യവസ്ഥകള്‍ അതത് നിയമങ്ങളില്‍ വെവ്വേറെ ഭേദഗതി ചെയ്യുന്നതിന് പകരമായാണ് ഏകീകൃത വകുപ്പിനും സര്‍വീസിനുമുള്ള ഒരു പൊതുബില്‍ അവതരിപ്പിച്ചത്.

പാസാക്കിയ ബില്‍ ഒരു തരത്തിലും 73 – 74 ഭരണഘടനാ ഭേദഗതികളിലൂടെ സ്വയംഭരണാധികാരങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ട് നിലവില്‍ വന്ന പഞ്ചായത്തുകള്‍-മുനിസിപ്പാലിറ്റികള്‍ എന്നിവയെ ഏകീകരിക്കുന്നതിനോ അവയുടെ അധികാരങ്ങള്‍ എടുത്തു കളയുന്നതിനോ അല്ലെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഭരണഘടനയിലെ 243 –ജി,ഡബ്ല്യൂ എന്നീ അനുച്ഛേദങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്ന സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക നീതിക്കുമുതകുന്ന പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള ഏകോപിത സംവിധാനമൊരുക്കുന്നതിനാണ് പുതിയ നീക്കം. നഗര – ഗ്രാമാസൂത്രണ വകുപ്പിന്റെ സഹായം നിലവില്‍ പഞ്ചായത്തുകള്‍ക്ക് ലഭ്യമാകുന്നില്ല. പൊതുസര്‍വീസ് നിലവില്‍ വരുന്നതോടെ പഞ്ചായത്തുകള്‍ക്കടക്കം ഇവരുടെ സേവനം ലഭ്യമാകും.

advertisement

Also Read :- ഇനി മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാലും പിടിവീഴും; പുത്തൻ പരിശോധനാ സംവിധാനം; രാജ്യത്ത് ആദ്യം

ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും മാറി മാറി ജോലി ചെയ്യുന്നതോടെ പ്രാദേശിക വികസന ആസൂത്രണ പ്രശ്നങ്ങളില്‍ സമഗ്രമായ ധാരണയുള്ള ഒരു മനുഷ്യവിഭവശേഷി രൂപപ്പെടും. ഇതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷിയും സംയോജനക്ഷമതയും വര്‍ദ്ധിപ്പിക്കും. അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളോട് പൂര്‍ണമായും യോജിച്ചു പോകുന്നതാണ് ഈ മാറ്റം. ഭരണഘടയുടെ അനുച്ഛേദം 243 ഇസഡ് ഡി(ZD)അനുസരിച്ച് നിലവില്‍ വന്നിരിക്കുന്ന ജില്ലാ ആസൂത്രണ സമിതി നഗരസഭകളെയും പഞ്ചായത്തുകളെയും സംയോജിപ്പിച്ചുള്ള ആസൂത്രണ കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്.

advertisement

തദ്ദേശ സ്വയം ഭരണ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ യോജിച്ച പ്രവര്‍ത്തനം വികസന വെല്ലുവിളികള്‍ നേരിടുന്നതിന് അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയില്‍ പറഞ്ഞു. മാലിന്യ പ്രശ്നത്തിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലുമെല്ലാം ഏകീകൃത തദ്ദേശ വകുപ്പിന് നിര്‍ണായക പങ്ക് വഹിക്കാനാകും. നവകേരളം സൃഷ്ടിക്കുന്നതിന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും നടത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഏകീകരിച്ച് ഒറ്റ സര്‍വീസായി മാറ്റണമെന്ന് തീരുമാനിച്ചത് വികേന്ദ്രീകൃതവും ജനകേന്ദ്രിതവുമായ പ്രാദേശിക ഭരണ സംവിധാനം സംബന്ധിച്ച ദീര്‍ഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ്. ഈ കാഴ്ചപ്പാട് പ്രായോഗികമായി സാധ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

advertisement

ജില്ലാ ആസൂത്രണ സമിതിയെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് വകുപ്പുകളുടെ ഏകീകരണം സഹായിക്കുകയെന്നും മന്ത്രി പറഞ്ഞു.

വിശദവും ആഴത്തിലുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഏകീകൃത സര്‍വീസ് ചട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള എല്ലാ ജീവനക്കാര്‍ക്കും പിരിയുന്നതുവരെ അവരുടെ പ്രമോഷന്‍ സംരക്ഷിച്ചിട്ടുള്ളതിനാല്‍ സര്‍വീസില്‍ ഒരു നഷ്ടവും ഒരു ജീവനക്കാരനും സംഭവിക്കുന്നില്ല. സംസ്ഥാനം സാമ്പത്തികമായി കൂടുതല്‍ ശക്തമാകുന്നതോടെ കൂടുതല്‍ പണം അനുവദിച്ചും സാമ്പത്തികമായി സ്വയംപര്യാപ്തരാക്കിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ജനകേന്ദ്രീകൃതമാക്കുന്നതിനുള്ള നടപടികളാണ് ഏകീകൃത സര്‍വീസ് രൂപീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Explained/
തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്: അഞ്ചു വകുപ്പുകള്‍ ഇല്ലാതായി പുതിയ വകുപ്പ് വരുമ്പോൾ
Open in App
Home
Video
Impact Shorts
Web Stories