തൊഴിൽ ദാതാവിന്റെ വിഹിതമുള്ളവർക്ക് (സ്വകാര്യ മേഖല) പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ചുമത്തും. തൊഴിൽദാതാവിന്റെ വിഹിതമില്ലാത്ത അക്കൗണ്ടാണെങ്കിൽ (സർക്കാർ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കായിരിക്കും നികുതി. ജീവനക്കാരുടെ വിഹിതമാണ് നികുതിക്കായി കണക്കാക്കുന്നത്.
തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്ക് നികുതി ബാധകമല്ല. ആ വർഷം അധികമായി എത്തുന്ന തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ പരിഗണിക്കുക. ഇതിന്റെ പലിശയ്ക്കാണ് നികുതി. 2021 മാർച്ച് 31 വരെയുള്ള ബാലൻസ് തുകയും ആദ്യ അക്കൗണ്ടിൽ തന്നെയായിരിക്കും പരിഗണിക്കുക. ഇതിനും നികുതി ബാധകമല്ല.
advertisement
പുതിയ ഉത്തരവ് എന്തിന്?
പ്രോവിഡന്റ് ഫണ്ടുകളിൽ പ്രതിവർഷം 2.5 ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശയ്ക്കു നികുതി ഏർപ്പെടുത്തുമെന്നായിരുന്ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർ ഒരു ശതമാനത്തിലും താഴെയാണെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. പ്രോവിഡന്റ് ഫണ്ടിൽ ഒരു കോടി രൂപ നിക്ഷേപിക്കുകയും 8 % പലിശ വാങ്ങുകയും ചെയ്യുന്നത് നീതികരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അന്ന് പറഞ്ഞിരുന്നു.
സാധാരണക്കാരെ ഈ തീരുമാനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കിൽ നിക്ഷേപിച്ചാൽ നികുതി കൊടുക്കേണ്ടി വരുന്നവർ സാധാരണക്കാർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിച്ചു പലിശ വാങ്ങുന്നത് തടയാനാണ് ശ്രമമെന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
കണക്കാക്കുന്നത് എങ്ങനെ?
സ്വകാര്യമേഖലയിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ പ്രതിമാസ പി എഫ് വിഹിതം 24,000 രൂപയാണെന്നു കരുതുക. അപ്പോൾ വാർഷിക പിഎഫ് നിക്ഷേപം 2.88 ലക്ഷമാകും. ഇതിൽ 2.5 ലക്ഷത്തിനു മീതെയുള്ള 38,000 രൂപയുടെ പലിശയ്ക്കായിരിക്കും നികുതി ഈടാക്കുക. ഇതിൽ 2.5 ലക്ഷം രൂപ ആദ്യ അക്കൗണ്ടിലും ബാക്കിയുള്ള 38,000 രൂപ രണ്ടാം അക്കൗണ്ടിലും ആയിരിക്കും കണക്കാക്കുക. ഒരു അക്കൗണ്ടിന് നികുതി ബാധകവും മറ്റൊന്നിനു ബാധകവുമായിരിക്കില്ല.
