സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പിച്ചള, സിങ്ക് എന്നീ അഞ്ച് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്ത 'പഞ്ചലോഹം' കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹ പ്രതിമകളില്‍ ഒന്നാണിത്.
'ഭദ്ര വേദി' എന്ന് പേരിട്ടിരിക്കുന്ന, 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിവിധ നിലകള്‍ വേദ ഡിജിറ്റല്‍ ലൈബ്രറി, ഗവേഷണ കേന്ദ്രം, പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, ശ്രീരാമാനുജാചാര്യരുടെ വിവിധ കൃതികള്‍ വിശദീകരിക്കുന്ന വിദ്യാഭ്യാസ ഗാലറി എന്നിവയ്ക്കായാണ് നീക്കിവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഷംഷാബാദിനടുത്തുള്ള മുചിന്തലില്‍ സ്ഥിതി ചെയ്യുന്ന ശ്രീരാമാനുജാചാര്യ ആശ്രമത്തിലെ ശ്രീ ചിന്നജീയാര്‍ സ്വാമിയാണ് പ്രതിമയുടെ ആശയം രൂപപ്പെടുത്തിയത്. പരിപാടിയില്‍ ശ്രീരാമാനുജാചാര്യരുടെ ജീവിതയാത്രയും ശിക്ഷണവും സംബന്ധിച്ച 3ഡി പ്രദര്‍ശനവും സംഘടിപ്പിച്ചു.
advertisement
സമത്വ പ്രതിമയ്ക്ക് ചുറ്റുമുള്ള 108 ദിവ്യദേശങ്ങളുടെ (അലങ്കാരമായി കൊത്തിയെടുത്ത ക്ഷേത്രങ്ങള്‍) സമാന നിര്‍മ്മിതികളും മോദി സന്ദര്‍ശിച്ചു. ദേശീയത, ലിംഗഭേദം, വര്‍ഗം, ജാതി, മതം എന്നിവയ്ക്കതീതമായി എല്ലാ മനുഷ്യരും തുല്യരാണെന്ന മനോഭാവത്തോടെ ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച വ്യക്തിയാണ് ശ്രീരാമാനുജാചാര്യ. ശ്രീരാമാനുജ സഹസ്രാബ്ദി സമാരോഹം എന്ന, പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീരാമാനുജാചാര്യരുടെ 1000-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സമത്വ പ്രതിമ ഉദ്ഘാടനം ചെയ്തത്. ഇതിന് മുമ്പായി, പ്രധാനമന്ത്രി ഹൈദരാബാദിലെ പട്ടഞ്ചെരുവിലുള്ള ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി-അരിഡ് ട്രോപിക്സിന്റെ (ICRISAT) കാമ്പസ് സന്ദര്‍ശിക്കുകയും ഇക്രിസാറ്റിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും.
ഇക്രിസാറ്റിന്റെ, സസ്യസംരക്ഷണത്തിന് വേണ്ടിയുള്ള കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രവും റാപ്പിഡ് ജനറേഷന്‍ അഡ്വാന്‍സ്മെന്റ് ഫെസിലിറ്റിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ രണ്ട് സൗകര്യങ്ങളും ഏഷ്യയിലെയും സബ്-സഹാറന്‍ ആഫ്രിക്കയിലെയും ചെറുകിട കര്‍ഷകര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഇക്രിസാറ്റിന്റെ പ്രത്യേകം രൂപകല്പന ചെയ്ത ലോഗോ അനാച്ഛാദനം ചെയ്യുകയും സ്റ്റാമ്പ് പ്രകാശനം ചെയ്യുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തെലങ്കാനയിലെ മൃഗസംരക്ഷണ മന്ത്രി തലസാനി ശ്രീനിവാസ് യാദവ് ഉച്ചകഴിഞ്ഞ് 2.45ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും.
ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍, ഡിജിപി മഹേന്ദര്‍ റെഡ്ഡി എന്നിവര്‍ വെള്ളിയാഴ്ച മുചിന്തലില്‍ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ നഗര സന്ദര്‍ശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുച്ചിന്തലിലെയും ഇക്രിസാറ്റിലെയും പരിപാടികളുടെ സുഗമവും തടസ്സരഹിതവുമായ നടത്തിപ്പിനായി മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സുരക്ഷ, സംരക്ഷണം, ഗതാഗതം, ലോജിസ്റ്റിക്സ്, പാര്‍ക്കിങ് തുടങ്ങിയവയ്ക്കായി മറ്റ് അവശ്യ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.