ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അംഗങ്ങൾ യോഗം ചേർന്ന് പൊതു അറിയിപ്പ് നൽകിയതിന് ശേഷമാണ് പേരു മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിർദേശം അംഗീകരിച്ചതായി എൻഡിഎംസി അംഗം കൂടിയായ കേന്ദ്ര വിദേശകാര്യ, സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും കണക്കിലെടുത്ത് രാജ്പഥിനെ കർത്തവ്യ പാഥ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചതായും മീനാക്ഷി ലേഖി പറഞ്ഞു. ജനങ്ങളുടെ മനസിൽ ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലുള്ള കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുക എന്ന ലക്ഷ്യവും പേരുമാറ്റത്തിനു പിന്നിലുണ്ട്.
20 മാസത്തെ അടച്ചിടലിനു ശേഷം നവീകരിച്ച കർത്തവ്യ പാഥ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഉദ്ഘാടന ദിവസം, ഇന്ത്യാ ഗേറ്റ് മുതൽ മാൻ സിംഗ് റോഡ് വരെയുള്ള ഭാഗത്ത് സന്ദർശകരെ അനുവദിച്ചില്ല. സെപ്തംബർ 9 മുതൽ മുഴുവൻ പ്രദേശങ്ങളും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
കിങ്സ്‍വേ രാജ്പഥ് ആയത് എങ്ങനെ?
1911 ഡിസംബർ 12-ന് ഡൽഹി ദർബാറിൽ വെച്ച് ജോർജ്ജ് അഞ്ചാമൻ രാജാവ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചു. തലസ്ഥാനം ഡൽഹിയിലേക്കു മാറ്റിയാൽ ഇന്ത്യ ഭരിക്കുന്നത് എളുപ്പവും സൗകര്യപ്രദവുമാണെന്ന് ബ്രിട്ടീഷുകാർ കരുതി.
നഗരാസൂത്രണ സമിതി ഷാജഹാനാബാദിന്റെ തെക്ക് ഭാഗത്തുള്ള റെയ്‌സിന ഹില്ലിൽ സ്ഥിരതാമസമാക്കി. ഇത് പിന്നീട് പുതിയ അധികാര കേന്ദ്രമായും മാറി. ഈ ഭൂപ്രദേശം ഉയരത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അവിടെ നിന്നാൽ ദില്ലിയിലെ മുൻ നഗരങ്ങൾ കാണാൻ കഴിയുംമെന്ന് ചരിത്രകാരി സ്വപ്ന ലിഡിൽ 'കൊണാട്ട് പ്ലേസ് ആൻഡ് ദ മേക്കിംഗ് ഓഫ് ന്യൂ ഡൽഹി' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
കിഴക്കുഭാഗത്ത് ഇടതുവശത്തായി ഷാജഹാനാബാദ്, 14-ആം നൂറ്റാണ്ടിലെ ഫിറോസാബാദ്, പുരാണ കില, വലതുവശത്ത് ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരം, നിസാമുദ്ദീൻ എന്ന സൂഫി ആരാധനാലയം എന്നിവ കാണാം. കിങ്സ്‍വേയ്ക്ക് സമാനമായ പേരാണ് നൽകിയത്.
കിംഗ്സ്‌വേയിൽ നിന്ന് രാജ്പഥിലേക്ക്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, കിംഗ്സ്‌വേ രാജ്പഥ് എന്ന് പുനർനാമകരണം ചെയ്തു. എന്നാൽ അക്ഷരാർത്ഥത്തിലുള്ള ഹിന്ദി പരിഭാഷയായിരുന്നു ഇത്. ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതാക്കൾ പ്രദേശം മുഴുവൻ ആശുപത്രികളാക്കാൻ നിർദ്ദേശിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നുണ്ട്. പിന്നീട് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കുന്നതിനുള്ള സ്ഥലമായി ഇവിടം തിരഞ്ഞെടുക്കപ്പെട്ടു.
ഇനി മുതൽ കർത്തവ്യ പാത
13,500 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതികളുടെ ഭാഗമായാണു 608 കോടി രൂപ ചിലവഴിച്ച് ഇന്ത്യ ഗേറ്റ്, വിജയ് ചൗക്ക് പ്രദേശങ്ങൾ മോടിപിടിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ചത്. 1.1 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിൽ പച്ചപ്പ് നിറഞ്ഞ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകൾ, രാജ്പഥിൽ 133-ലധികം ലൈറ്റ് തൂണുകൾ, 4,087 മരങ്ങൾ, 114 ആധുനിക സൈനേജുകൾ, സ്റ്റെപ്പ് ഗാർഡനുകൾ എന്നീ മാറ്റങ്ങളും വരുത്തിയിട്ടുണ്ട് .