അത്തരത്തിലൊരു കാഴ്ച്ചയാണ് ചൈനയിലെ ഹൈക്കോ സിറ്റിക്ക് മുകളിൽ കഴിഞ്ഞ ദിവസം കണ്ടത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട മനോഹര കാഴ്ച്ചയ്ക്ക് സാക്ഷിയായവർ അത് സോഷ്യൽമീഡിയയിലൂടെ മറ്റുള്ളവർക്കും പങ്കുവെച്ചു.
സന്ധ്യാസമയത്ത് ആകാശത്ത് മേഘങ്ങൾക്ക് മുകളിലായി കണ്ട മഴവില്ലിനെ കുറിച്ചാണ് സോഷ്യൽമീഡിയയിലെ ചർച്ച. കണ്ടാൽ മേഘത്തിന് ചുറ്റും പല വർണത്തിലുള്ള സ്കാർഫ് ചുറ്റിയതാണെന്ന് തോന്നും. മഴവില്ല് തന്നെ അത്ഭുതമായി തോന്നുമ്പോഴാണ് അതിലും വലിയ അത്ഭുതമെന്നാണ് പലരും പറയുന്നത്.
advertisement
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 21 നാണ് അപൂർവ കാഴ്ച്ച ചൈനയിലെ ആകാശത്ത് വിരിഞ്ഞത്.
ഇതിനകം അപൂർവ മഴവില്ലിനെ കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നു. യഥാർത്ഥത്തിൽ ഇത് മേഘമാണത്രേ. പിലിയസ് മേഘങ്ങൾ (Pileus cloud)എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. മേഘത്തിൽ പെടാതെ മുകളിൽ തൊപ്പി പോലെ കാണപ്പെടുന്ന പിലിയസ് മേഘങ്ങൾ വീഡിയോയിൽ കാണുന്നത് പോലെ സാധാരണ മേഘങ്ങളെക്കാൾ വലുതാണ്. പെട്ടെന്ന് രൂപമാറ്റവും സംഭവിക്കും. തൊപ്പി മേഘം (cap cloud)അല്ലെങ്കിൽ ഹുഡ് മേഘം (hood cloud).
ഒരു മേഘം അതിവേഗം മുകളിലേക്ക് വളരുകയും ക്യുമുലസിന് മുകളിൽ സ്ഥിരതയുള്ള ഒരു പാളിയിൽ തങ്ങി നിൽക്കുകയും ചെയ്യുമ്പോഴാണ് സാധാരണ ക്യാപ് ക്ലൗഡ് രൂപപ്പെടുന്നത്. ഇത് മേഘത്തിന് മുകളിൽ മഴവില്ല് പോലെയുള്ള പ്രഭാവം സൃഷ്ടിക്കുന്നു. സാധാരണ ഗതിയിൽ മിനുട്ടുകൾ മാത്രമാണ് ഈ പ്രതിഭാസം നിലനിൽക്കുകയുള്ളൂ.