സംസ്ഥാന പാർട്ടി ആകാനുള്ള യോഗ്യതകൾ
- സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന സാധുതയുള്ള വോട്ടിൻ്റെ ആറ് ശതമാനമെങ്കിലും നേടി ആ അസംബ്ലിയിൽ കുറഞ്ഞത് രണ്ട് സീറ്റെങ്കിലും നേടണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന സാധുവായ വോട്ടിൻ്റെ ആറ് ശതമാനമെങ്കിലും നേടുകയും ലോക്‌സഭയിൽ ഒരു സീറ്റെങ്കിലും നേടണം. നാല് എംഎൽഎ( ആകെ നിയമസഭാ സീറ്റിന്റെ 3 ശതമാനം ) നേടണം. ഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എം.പി. ഉദാരവൽക്കരിച്ച മാനദണ്ഡമനുസരിച്ച്, സംസ്ഥാനത്ത് പോൾ ചെയ്ത മൊത്തം സാധുവായ വോട്ടിൻ്റെ എട്ട് ശതമാനമോ അതിൽ കൂടുതലോ നേടിയാൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് അർഹതയുണ്ട്.
advertisement
2. ഇങ്ങനെ സിപിഐ, മുസ്‌ലിം ലീഗ്,കേരള കോൺഗ്രസ് (എം), ആർ എസ് പി,ജനതാദൾ എസ്, എൻ സിപി ആർജെഡി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുണ്ട്. ബിജെപി, കോൺഗ്രസ്,സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ദേശീയ പാർട്ടികൾ.
3. നിയമസഭയിലേക്ക് 10 സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ പിജെ ജോസഫ്, മോൻസ് ജോസഫ് എന്നീ 2 എംഎൽഎമാരാണ് കേരള കോൺഗ്രസ് പാർട്ടിക്കുള്ളത്. 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് കോട്ടയത്തു നിന്നും ജയിച്ചതാണ് കേരള കോൺഗ്രസിന് സംസ്ഥാന പാർട്ടി അംഗീകാരം ലഭിക്കുവാൻ വഴിയൊരുക്കിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കേരളത്തിൽ ഒരു ലോക സഭാ മണ്ഡലം.
ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് ജയിച്ചത്. മറ്റു പല ചിഹ്നങ്ങളും അന്ന് ആലോചിച്ചിരുന്നു എങ്കിലും ഒടുവിൽ ഓട്ടോറിക്ഷ എന്ന പരിചിത ചിഹ്നത്തിലേക്ക് എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയതായി പാർട്ടി ചെയർമാൻ പി ജെ ജോസഫ് അറിയിച്ചു. മുമ്പ് സൈക്കിൾ, കുതിര എന്നിവയായിരുന്നു ജോസഫ് നയിക്കുന്ന വിഭാഗത്തിന് ഓരോ കാലത്ത് അനുവദിച്ചിരുന്ന ചിഹ്നങ്ങൾ.
കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് ഉന്നതാധികാരസമിതി യോഗം സംസ്ഥാന കോ ഓഡിനേറ്ററായി അപു ജോൺ ജോസഫിനെ നിയമിച്ചു. ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തിയ അപു പുതിയ നിയമനത്തിലൂടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി. മക്കൾ രാഷ്ട്രീയത്തിന് ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് പാർട്ടികളിൽ ജോസഫ് ഗ്രൂപ്പും അത് പിന്തുടരുന്നതിന്‍റെ സൂചനയായി അപുവിന്‍റെ സ്ഥാനക്കയറ്റം.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യൂത്ത് ഫ്രണ്ടിന്റെ ചുമതലയുള്ള പാർട്ടി ഉന്നതാധികാര സമിതിയംഗവുമാണ്.