3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. സിനിമയെന്ന കലയെ സംബന്ധിച്ച് വലിയ നേട്ടമാണ് അവതാര് 2 ലൂടെ ജെയിംസ് കാമറൂണ്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തിരിക്കുന്നു. ആയതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഉയര്‍ന്ന സമയ ദൈര്‍ഘ്യം ക്ഷമിക്കത്തക്കതാണെന്നും ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തു.
പ്രേക്ഷകരില്‍ പലരും ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 2022ലെ ഏറ്റവും മികച്ച ചിത്രമെന്നും പലരും പറയുന്നുണ്ട്. ഗംഭീര ചിത്രമെന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നത്.
1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള മൾട്ടിപ്ലെക്സ് തീയറ്റരുകളിലെല്ലാം വലിയ പ്രീ ബുക്കിംഗ് ലഭിച്ച ചിത്രത്തിന് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്.
ലോകശ്രദ്ധയാകർഷിച്ച അവതാറിന്റെ ആദ്യഭാഗത്തിന് ശേഷം 13 വർഷത്തിന് ശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം തീയറ്ററുകളിലെത്തുന്നത്. ഈ ഭാഗം പൂർണമായും ജേക്കിനേയും നെയിത്രിയെയും കേന്ദീകരിച്ചാണെന്ന് കാമറൂൺ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ആഗോള സിനിമാപ്രേമികള്‍ മറ്റൊരു ചിത്രത്തിനും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. മുന്‍പ് ടൈറ്റാനിക് എന്ന വിസ്മയവും പ്രേക്ഷകര്‍ക്ക് നല്‍കിയ ജെയിംസ് കാമറൂണിന്‍റെ അവതാര്‍ ആദ്യ ഭാഗമാണ് ലോക സിനിമാ ചരിത്രത്തില്‍ ഇന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം.
2009ല്‍ അവതാര്‍ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് കുറിച്ച റെക്കോര്‍ഡാണ് അവതാര്‍ തകര്‍ത്തത്. സെപ്റ്റംബറില്‍ അവതാര്‍ റീ റീലിസിലൂടെ 2.9 ബില്യണ്‍ ഡോളര്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു. ഒമ്പത് വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ റീ റിലീസിന് വീണ്ടും ലഭിച്ച സ്വീകാര്യത ചിത്രത്തിന്റെ അണിയറയിലെ ക്രാഫ്റ്റ് വ്യക്തമാക്കുന്നതായിരുന്നു.