കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ടവരെ, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാൽ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല. കഴിഞ്ഞ എട്ട് വർഷക്കാലം അമ്മ സംഘടനയിൽ പ്രവർത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളിൽ നിന്ന് ലഭിച്ച ചാനൽ ഉപദേശങ്ങൾ എൻ്റെ ഹൃദയത്തിൽ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.
advertisement
ലാലേട്ടൻ കമ്മിറ്റിയിൽ ഇല്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഞാനും പിന്മാറാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് എല്ലാവരും ചേർന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോൾ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാൽ, ഇത് എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ എല്ലാ അംഗങ്ങൾക്കും ഈ അവസരത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.
സ്നേഹത്തോടെ, ബാബുരാജ് ജേക്കബ്.
ഇതും വായിക്കുക: AMMA | അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറി
ഓഗസ്റ്റ് 15 നാണ് അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ ജഗദീഷും പിന്മാറിയിരുന്നു. ഇനി അധ്യക്ഷ പദവിയിലേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരിക്കും കടുത്ത മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യാ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് രണ്ടുപേരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ അന്തിമ മത്സര ചിത്രം തെളിയും.