വർഷങ്ങൾ പാഞ്ഞുപോയത് അറിഞ്ഞില്ല. ഇത്രയും വർഷങ്ങൾ തനിക്കു മേൽ സ്നേഹം ചൊരിഞ്ഞ എല്ലാവരോടും റഹ്മാൻ നന്ദി അറിയിക്കുന്നു.
മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തിൽ നായകനോളം കിടപിടിക്കുന്ന വേഷം തന്നെയായിരുന്നു റഹ്‌മാന് ആദ്യ ചിത്രത്തിൽ തന്നെ ലഭിച്ചത്. ഊട്ടിയിലെ ഹൈസ്കൂൾ വിദ്യാർത്ഥി അങ്ങനെ സിനിമയിലേക്ക്. അത് പ്രകടനത്തിൽ മാത്രമല്ല, പുരസ്കാരത്തിലും കൊണ്ടെത്തിച്ചു. കന്നിചിത്രം തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം 16 വയസ്സുകാരനായ റഹ്‌മാന് നേടിക്കൊടുത്തു.
advertisement
അധികം വൈകാതെ തന്നെ റഹമാനെ നായക വേഷങ്ങളിൽ മലയാള സിനിമ കണ്ടു തുടങ്ങി. എന്നാൽ അഭിനേതാവെന്നതിലുപരി അന്നത്തെ ചെറുപ്പക്കാർക്കിടയിൽ റഹ്മാൻ ഹരമായി മാറിയത് നൃത്തത്തിലൂടെയാണ്. 'കാണാമറയത്ത്' എന്ന ചിത്രത്തിലെ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ...' എന്ന് തുടങ്ങുന്ന ഡാൻസ് നമ്പർ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി. ഈ ഗാനത്തിന് 'തേജാഭായ് ആൻഡ് ഫാമിലി' എന്ന സിനിമയിൽ പുതിയ തലമുറ വേർഷനുമൊരുങ്ങി.
1990 കളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച റഹ്മാൻ, ഒന്നുരണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൊണ്ണൂറുകളുടെ അവസാനത്തോടെ മടങ്ങിയെത്തി. 2000ങ്ങളുടെ അവസാനത്തിൽ തുടങ്ങി മുഖ്യധാരാ മലയാള ചിത്രങ്ങളിൽ റഹ്മാൻ നിറസാന്നിധ്യമായി.
2019ൽ പുറത്തിറങ്ങിയ മൾട്ടി-സ്റ്റാർ ചിത്രം 'വൈറസ്' ആണ് റഹ്മാൻ വെള്ളിത്തിരയിലെത്തിയ ഏറ്റവും പുതിയ ചിത്രം.
