മിമിക്രി കലാകാരന്മാര്‍ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ സതീഷ് സത്യന്‍ പറയുന്നത്. സത്യനെ കൃത്യമായി അവതരിപ്പിച്ചാല്‍ ഒരു പവന്‍ നല്‍കുമെന്നാണ് മകന്റെ വാഗ്ദാനം. കഴിഞ്ഞ ദിവസം സത്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സത്യന്‍ സ്മൃതി'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യനെ അനുകരിക്കുന്നവരില്‍ ചിലര്‍ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നാണ് മകന്‍ പറയുന്നത്. സത്യനെ കൃത്യമായിട്ടല്ല പലരും അനുകരിക്കുന്നത്. മായം ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. സത്യന്‍ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകന്‍ പറഞ്ഞു. മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഗുരുത്വമില്ലായ്മ കാണിക്കരുതെന്നും അദ്ദേഹം പറയുന്നു.
advertisement
സത്യനെ അനുകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട്, ഒരു മൂളലോ ചിരിയോ ഏതെങ്കിലും ഒരു രംഗമോ കൃത്യമായി അനുകരിച്ചാല്‍ ഒരു പവന്‍ സമ്മാനമായി നല്‍കുമെന്നാണ് മകന്‍ പറയുന്നത്. അതിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താനും താന്‍ തയ്യാറാണെന്നും സതീഷ് പറഞ്ഞു.
1952ല്‍ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്. നീലക്കുയില്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കരിനിഴല്‍, കടല്‍പ്പാലം, യക്ഷി, ഓടയില്‍നിന്ന്, ചെമ്മീന്‍ തുടങ്ങി മലയാള സിനിമയിലെ നിരവധി ക്ലാസിക്കുകളിൽ അദ്ദഹം വേഷമിട്ടു. 1971 ലാണ് അദ്ദേഹം മരണപ്പെടുന്നത്.