സച്ചിയുടെ ആകസ്മിക നിര്യാണം മലയാള ചലച്ചിത്രമേഖലയെ ഒന്നടങ്കം പിടിച്ചുലച്ചിരിക്കുന്നു. വിയോഗവാർത്തയറിഞ്ഞ സിനിമാ പ്രവർത്തകർ നേരിട്ടും സോഷ്യൽ മീഡിയ വഴിയും സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സച്ചിയുടെ ഓർമ്മകളുമായി നടി അമല പോൾ ഇൻസ്റ്റാഗ്രാം കുറിപ്പുമായി എത്തുന്നു. അമല പോളിനെ സംബന്ധിച്ച്, തന്റെ കരിയറിലെ എക്കാലവും ഓർക്കപ്പെടുന്ന ഹിറ്റുകളിൽ ഒന്നായ 'റൺ ബേബി റൺ' സമ്മാനിച്ച തിരക്കഥാകൃത്താണ് സച്ചി. ഇതിൽ മാധ്യമപ്രവർത്തകയായ രേണുക എന്ന കഥാപാത്രമായിരുന്നു അമല അവതരിപ്പിച്ചത്. മോഹൻലാലിന്റെ (ക്യാമറാമാൻ വേണു) നായിക. അമലയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പരിഭാഷ ചുവടെ:
advertisement
"മലയാള ചലച്ചിത്ര മേഖലയിൽ എന്റെ മികച്ച ഹിറ്റുകളിൽ ഒന്നായ 'റൺ ബേബി റൺ' സമ്മാനിച്ചത് സച്ചിയാണ്. അതിലെ കഥാപാത്രം രേണുക ഓരോരുത്തരുടെയും ഹൃദയത്തിൽ ഇന്നും കുടികൊള്ളുന്നു. സച്ചിക്ക് എന്തിനെപ്പറ്റിയും അറിയാമായിരുന്നു. എനിക്ക് ഓഷോയെ പരിചയപ്പെടുത്തി തന്നത് സച്ചിയാണ്. 'റൺ ബേബി റണ്ണിന്റെ' ഇടയിൽ ഞങ്ങൾ സിനിമക്ക് പുറത്തുള്ള ജീവിതത്തെപ്പറ്റി ഒരുപാട് നേരം സംസാരിക്കുമായിരുന്നു. ആ സൗഹൃദം പുതുക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് അദ്ദേഹം നമ്മെ വിട്ടകന്നത്. അദ്ദേഹം ഈ ഭൂമിയിൽ പിറവിയെടുത്തു, തന്റെ കലയിൽ അഗ്രഗണ്യനായി, മറ്റൊന്നിലേക്ക് കുടിയേറി. ഒന്നിച്ച് ചിലവഴിച്ച കാലങ്ങളുടെ ഓർമ്മയിൽ നിന്നുകൊണ്ട്, പ്രിയ സുഹൃത്തിന് വിടചൊല്ലട്ടെ. വീണ്ടും കണ്ടുമുട്ടുംവരെയും, വിട.