നോൺപ്ളെയിങ് ക്യാപ്റ്റൻ സ്ഥാനത്ത് മോഹൻലാൽ ഉണ്ടാകില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്തു നിന്നാണ് അമ്മയുടെ പിന്മാറ്റം. താരങ്ങൾക്ക് സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിന് വിലക്കില്ല.
മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്നും ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ നിന്നും ‘അമ്മ’ നീക്കം ചെയ്യുമെന്നും സംഘടന അറിയിച്ചു. തന്റെ ചിത്രങ്ങൾ സിസിഎല്ലിന് ഉപയോഗിക്കരുതെന്ന് മോഹൻലാൽ നിർദേശിച്ചതായാണ് റിപ്പോർട്ട്.
നടൻ കുഞ്ചാക്കോ ബോബനാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത്. ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ടീമിൽ കളിക്കുന്നുണ്ട്. 2011 -ലാണ് താര സംഘടനകള്‍ ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. 2012-ലാണ് ‘അമ്മ’ ലീഗില്‍ ചേരുന്നത്.
കേരള സ്‌ട്രൈക്കേഴ്‌സുമായി അമ്മയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് അമ്മ ജന. സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
രാജ്കുമാര്‍ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്‌സന്‍ എന്നിവരാണ് ഇപ്പോള്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമസ്ഥര്‍. കോവിഡിനെ തുടർന്ന് മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് സിസിഎൽ എത്തുന്നത്. 19 മത്സരങ്ങൾ ഉള്ള ടൂർണമെന്റ് ഫെബ്രുവരി 18നാണ് ആരംഭിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കേരള സൈക്കേഴ്സിന്റെ അടുത്ത മത്സരം ഞായറാഴ്ച തിരുവനന്തപുരത്താണ്.