ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
advertisement
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മത്സരിക്കുന്നു.
രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചതോടെയാണ് അമ്മയിൽ ചേരിതിരിവുണ്ടായത്. രൂക്ഷമായ വിമർശനത്തിനൊടുവിൽ ബാബുരാജ് പത്രിക പിൻവലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസും ഉയർന്നുവന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ശ്വേതയ്ക്ക് പിന്തുണയുമായി സ്ഥാനാർത്ഥികൾ ഉൾപ്പടെ എത്തി.

