TRENDING:

KPAC Lalitha: 'അഭിനയ പാടവം കൊണ്ട് ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടി': മുഖ്യമന്ത്രി; 'സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭ': പ്രതിപക്ഷ നേതാവ്

Last Updated:

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായ കെ പി എ സി ലളിതയുടെ (KPAC Lalitha) നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അനുശോചനം രേഖപ്പെടുത്തി. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി.
advertisement

നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അതുല്യ പ്രതിഭ: പ്രതിപക്ഷ നേതാവ്

advertisement

മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയായ കെ.പി.എ.സി ലളിതയ്ക്ക്‌ ആദരാഞ്ജലി... അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവർ അനുപമമാക്കി. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രി... സ്വാഭാവിക അഭിനയത്തിന്റെ പാഠശാല... നാടകവേദി മൂർച്ച കൂട്ടിയതാണ് കെ.പി.എ.സി ലളിതയുടെ അഭിനയ പാടവം.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവർ പ്രവർത്തിച്ചു. രണ്ടോ മൂന്നോ തലമുറകൾക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിത. അഞ്ച് പതിറ്റണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്ക് അവസാനം . ആ വലിയ വ്യക്തിത്വത്തിന്, കലാകാരിക്ക് പ്രണാമം.

advertisement

നഷ്ടമാകുന്നത് മികച്ച അഭിനേത്രിയെ: മന്ത്രി വി എൻ വാസവൻ

മികച്ച അഭിനേത്രിയും സംഗീത നാടക അക്കാദമി ചെയർപേഴ്സനുമായ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ. വ്യത്യസ്ത ഭാവങ്ങളിൽ വൈവിദ്ധ്യമാർന്ന വേഷങ്ങൾ തന്മയത്വത്തോടെ അരങ്ങിലും തിരശീലയിലും എത്തിച്ച അതുല്യ അഭിനേത്രിയായിരുന്നു കെപിഎസി ലളിത. നൃത്തത്തിലൂടെ കലാജീവിതം തുടങ്ങിയ കെപിഎസി ലളിത, ഗായികയായാണ് കെപിഎസിയിലെത്തുന്നത്. പിന്നണിയിൽ നിന്ന് അരങ്ങിലെത്തിയപ്പോൾ അനുഭവങ്ങൾ പാളിച്ചകൾ, സ്വയംവരം, കൂട്ടുകുടുംബം, ശരശയ്യ തുടങ്ങിയ പ്രശസ്ത നാടകങ്ങളിലൂടെ പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചു.

advertisement

കൂട്ടുകുടുംബം സിനിമയായപ്പോൾ നാടകത്തിലെ അതേ കഥാപാത്രത്തെ തിരശീലയിലും അനശ്വരമാക്കി. ആദ്യ കാലത്ത് തന്നെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. നീല പൊൻ മാനിലെ ഈ പുരസ്ക്കാരമടക്കം നാല് സംസ്ഥാന പുരസ്കാരവും രണ്ട് ദേശീയ പുരസ്കാരവും നേടി. ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദം സാന്നിദ്ധ്യം മാത്രം കൊണ്ട് മികച്ച പ്രകടനം നടത്തി വ്യത്യസ്തയായി. മലയാള സിനിമയിലെ ആദ്യകാല പ്രതിഭകൾക്ക് ഒപ്പം അഭിനയ ജീവിതം ആരംഭിച്ച് ഏറ്റവും പുതിയ തലമുറയ്ക്ക് ഒപ്പം അഭിനയിക്കാനും കഴിഞ്ഞു. മികച്ച അഭിനേത്രിയെയാണ് സിനിമാ ലോകത്തിന് നഷ്ടമാകുന്നത്. കെപിഎസി ലളിതയുടെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

advertisement

ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു: മന്ത്രി കെ രാധാകൃഷ്ണൻ

മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത ചമയങ്ങളഴിച്ചു അണിയറയിലേക്ക് വിടവാങ്ങിയിരിക്കുന്നു....

മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും നാല് സംസ്ഥാന അവാർഡുകളും നിറം ചാർത്തിയ അനശ്വരമായ നടനസപര്യയിൽ ലളിത നാടകരംഗത്തെ അനുഭവം കരുത്തും ഊർജ്ജവുമാക്കി മാറ്റി. പുരോഗമന പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ബന്ധം എന്നും തുടർന്ന അവർ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചു....

ആട്ടവിളക്ക് അണഞ്ഞുപോയിരിക്കുന്നു.... എങ്കിലും ഭാവം പകർന്ന കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിന്റെ അരങ്ങത്ത് നിറവാർന്നു ജ്വലിച്ചുനിൽക്കും.... ആത്മകഥാപരമായ കൃതിക്ക് അവർ നൽകിയ പേര് പോലെ...."കഥ തുടരും"...അതെ... തുടർന്നുകൊണ്ടേയിരിക്കും... ലോകമുള്ള കാലത്തോളം...

അന്തരിച്ച അഭിനേത്രി കെ.പി.എ.സി ലളിത വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നുവെന്ന് മുൻമന്ത്രി ​കെ.കെ. ശൈലജ. മലയാള സിനിമയുടെ തിളക്കമുള്ള മുഖമായിരുന്നു അവരെന്നും ശൈലജ ടീച്ചർ അനുസ്മരിച്ചു.

ഈ ശൂന്യത നികത്താനാകാത്തത്: കെ കെ ശൈലജ

കെ.പി.എ.സി ലളിതയുടെ വിയോഗവാര്‍ത്ത ഏറെ ദുഃഖകരമാണ്. മലയാളത്തിലും തമിഴിലുമായി 550 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അവര്‍ കെപിഎസി എന്ന മലയാളികള്‍ക്ക് സുപരിചിതമായ നാടക സമിതിയിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അഭിനേത്രി എന്നതിലുപരി വ്യക്തിപരമായി എനിക്കേറെ അടുപ്പമുണ്ടായിരുന്ന ഒരാളാണ് ലളിത ചേച്ചി.

രോഗാവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞിരുന്നെങ്കിലും ആരോഗ്യവതിയായി അവര്‍ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലളിതചേച്ചിയുടെ വിയോഗം ഏറെ ദുസ്സഹമായി.

പ്രിയപ്പെട്ട കെ.പി.എ.സി ലളിതയുടെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല കലാലോകത്തിനാകെയും സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവാത്തതാണ്. ലളിത ചേച്ചിയെ സ്‌നേഹിക്കുന്ന എല്ലാവരോടുമൊപ്പം ഞാനും ഈ ദുഃഖത്തില്‍ പങ്കുചേരുന്നു.

സിനിമാ - രാഷ്ട്രീയ രംഗത്തെ പ്രമുഖർ കെപിഎസി ലളിതയെ അനുസ്മിരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
KPAC Lalitha: 'അഭിനയ പാടവം കൊണ്ട് ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടി': മുഖ്യമന്ത്രി; 'സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭ': പ്രതിപക്ഷ നേതാവ്
Open in App
Home
Video
Impact Shorts
Web Stories