കൊച്ചിയില്‍ ഇന്ന് ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയതറിയിച്ച് സലിംകുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.
പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീംകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസ് നേതാക്കളടക്കം ഒട്ടേറെ പേരാണ് സലിംകുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.
advertisement
25ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പ് മുഖ്യവേദിയായ സരിത തിയറ്ററില്‍ ഇന്ന് വൈകിട്ട് ആറിന് സിനിമാ മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ പ്രതീകമായി 25 ദീപം തെളിച്ചാണ് മേളക്ക് തുടക്കം കുറിക്കുന്നത്.
സലിം കുമാറിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം: കമൽ
നടൻ സലിം കുമാറിനെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും, പങ്കെടുക്കില്ല എന്ന തീരുമാനം സലിം കുമാറിന്റേതാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തീരുമാനം രാഷ്ട്രീയ താത്പ്പര്യമാണെന്നും കമൽ പറഞ്ഞു. സംഘാടക സമിതി സലിം കുമാറുമായി സംസാരിച്ചിരുന്നു. സലിം കുമാർ മോശമായി പ്രതികരിച്ചു എന്നാണ് അവർ തന്നെ അറിയിച്ചതെന്ന് കമൽ. സലിം കുമാറിനെ നേരിട്ട് വിളിച്ചു അര മണിക്കൂറോളം സംസാരിക്കുകയും, ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കമൽ അറിയിച്ചു.
വർഷങ്ങളായുള്ള ബന്ധമാണ് സലിം കുമാറുമായുള്ളത്. തങ്ങൾ തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ല. മറ്റാരും വിളിച്ചില്ലെങ്കിലും താൻ നേരിട്ട് പോയി വിളിക്കുമായിരുന്നു എന്നും അതിനുള്ള അവസരമാണ് സലിം കുമാർ നഷ്‌ടപ്പെടുത്തിയതെന്നും കമൽ മാധ്യമങ്ങളോടായി പറഞ്ഞു. കമൽ വിളിച്ചെങ്കിലും കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ പങ്കെടുക്കില്ല എന്നായിരുന്നു സലിം കുമാറിന്റെ നിലപാട്.തിരുവനന്തപുരത്ത് യോഗം ചേർന്നെന്നും സലിം കുമാറിന്റെ പേര് ഒഴിവാക്കി എന്നതും ഏത് അർത്ഥത്തിൽ പറഞ്ഞു എന്നറിയില്ല. അത്തരമൊരു യോഗം തിരുവനന്തപുരത്ത് കൂടിയിട്ടില്ല. കൊച്ചിയിലെ സംഘാടക സമിതിയാണ് സലിം കുമാറുമായി ബന്ധപ്പെട്ടത്.
