വിരലിൽ എണ്ണാവുന്ന സിനിമകളെ ഷാഹിയുടെ പേരിൽ ഉള്ളുവെങ്കിലും അവയൊക്കെ തന്നെ ഓർത്തിരിക്കാൻ പറ്റുന്ന കഥാതന്തുക്കൾ ഉള്ളവയാണ്. കഥപറച്ചിലിന്റെ ദൃശ്യവത്കരണത്തിന്റെ വേറിട്ടൊരുനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ഷാഹി കബീര്‍ എന്ന ചലച്ചിത്രകാരന്റെ പുറത്തിറങ്ങിയ നാല് ചിത്രങ്ങളും ഗംഭീരമാണ്. ത്രില്ലർ സിനിമകളുടെ വീര്യം ഒട്ടും കുറയാതെയാണ് ഷാഹി കബീർ തന്റെ ചിത്രങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സസ്പെൻസ് നിലനിർത്തി കഥ പറഞ്ഞവസാനിപ്പിക്കുന്നതാണ് ഷാഹിയുടെ ശൈലി.
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ഏറ്റവും പുതിയ ചിത്രവും ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്.
advertisement
ജോസഫിന് ശേഷം ഷാഹി കബീർ തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തിയ പോലിസ് ഉദ്യോഗസ്ഥർക്കിടയിലെ സംഘർഷങ്ങളുടെ കഥ പറഞ്ഞ നായാട്ട്. ഷാഹിക്ക് 2023ൽ മികച്ച തിരക്കഥക്കുള്ള ദേശിയ ചലച്ചിത്ര അവാർഡ് നേടി കൊടുത്ത ചിത്രമെന്ന പ്രത്യേകതയും നായാട്ടിനുണ്ട്. ഷാഹി ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രമാണ് 'ഇലവീഴാപൂഞ്ചിറ'. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടി.
ഒരു പോലീസുകാരനായതുകൊണ്ട് കൊണ്ട് തന്നെ അത്തരം സ്റ്റോറികളോടാണ് ഷാഹിക്ക് താല്പര്യം.'ജോസഫ്' -ആണ് ആദ്യ ചിത്രമെങ്കിലും നായാട്ടാണ് യഥാർത്ഥ പോലീസ് കഥയെന്ന് പല ഇന്റർവ്യൂകളിലും ഷാഹി പറഞ്ഞിട്ടുണ്ട്.ദിലീഷ് പോത്തന്റെ കൂടെ തൊണ്ടിമുതലും ദൃക്സാക്ഷിയിലും സംവിധാന സഹായി ആയാണ് ഷാഹി സിനിമയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം പോലീസിൽ നിന്നും അഞ്ച് വർഷത്തോളം അവധിയെടുത്തായിരുന്നു സിനിമാ പ്രവർത്തനം തുടർന്നത്. ജനങ്ങളുടെ സന്തോഷത്തേക്കാൾ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് കാണുന്നവരാണ് പോലീസുകാർ. ആ പോലീസുകാർക്കും നിരവധി പ്രശ്നങ്ങളുണ്ട്. ഈ അനുഭവങ്ങള്‍ ഇതുവരെയുള്ള തന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ടെന്ന് പല വേളകളിലും ഷാഹി തുറന്നു പറഞ്ഞിട്ടുണ്ട്.
നാടകം, എഴുത്ത് തുടങ്ങിയ മേഖലയുമായി ബന്ധമുള്ള വ്യക്തിയായിരുന്നു ഷാഹി കബീറിന്റെ പിതാവ്. എന്നാല്‍ താൻ സിനിമയില്‍ എത്തുന്നത് കാണാന്‍ അദ്ദേഹം ഉണ്ടായില്ലെന്ന ദുഖം ദേശിയ ചലച്ചിത്ര അവാർഡ് നേടിയ സമയത്ത് ഷാഹി പങ്കു വെച്ചിരുന്നു.
ഇപ്പോൾ പോലിസ് ഉദ്യോഗസ്ഥനല്ല ഷാഹി കബീർ
മുഴുവൻ സമയവും സിനിമയിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പോലീസ് സേനയിൽ നിന്നും കഴിഞ്ഞ ആഴ്ച താൻ രാജിവെച്ചു എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
അദ്ദേഹത്തിൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോന്ത്'. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോന്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
