'സമ്മർ ഇൻ ബത്‌ലഹേം' എന്ന ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ രണ്ടാം ഭാഗവുമായി എത്തുന്നു എന്നൊരു സൂചന തന്നിരിക്കുകയാണ് സിബി മലയിൽ. സിബി മലയില്‍ – രഞ്ജിത്ത് – സിയാദ് കോക്കർ കൂട്ടുക്കെട്ട് വീണ്ടുമെത്തുകയാണ്. ‘ആഫ്റ്റർ 27 ഇയേഴ്സ്’, രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് എഴുതിയ പോസ്റ്റർ പുറത്തുവന്നു.
'പൂച്ചയ്ക്ക് മണി കെട്ടിയതാര്? ചിലതൊക്കെയുണ്ട്. സർപ്രൈസിനായി കാത്തിരിക്കൂ'- എന്ന ക്യാപ്ഷനോടെയാണ് സിബി മലയിൽ ഒരു പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നും അതിലും മഞ്ജു വാരിയർ ഉണ്ടാകുമെന്നും നേരത്തെ സിയാദ് കോക്കർ പറഞ്ഞിരുന്നു.
advertisement
സിബി മലയിലും രഞ്ജിത്തും 26 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 1999-ൽ ഉസ്താദ് എന്ന ചിത്രത്തിലാണ് രഞ്ജിത്തും സിബി മലയിലും അവസാനമായി ഒന്നിച്ചത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‌ലഹേം 1998-ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിനുള്ള എല്ലാ ചേരുവകളും ബാക്കിവച്ചാണ് അന്ന് സിനിമ അവസാനിപ്പിച്ചത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു