പ്രിയ കൂട്ടുകാരൻ മരണത്തിലേക്ക് വഴുതി വീഴാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ എന്നു സ്റ്റീഫൻ അറിഞ്ഞില്ല. ബാലഭാസ്കറിന്റെ മരണത്തിനു കുറച്ചു മുൻപാണ് സ്റ്റീഫൻ ദേവസ്സി ഫേസ്ബുക് ലൈവിൽ വന്നു സുഹൃത്തിന്റെ അവസ്ഥയിൽ പുരോഗതിയുണ്ടെന്നു പ്രാർത്ഥനകളോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ പറയുന്നത്. നേരിയ ചലനങ്ങൾ പോലും ജീവിതത്തിലേക്കുള്ള പ്രതീക്ഷകളായി മാറിയപ്പോഴാണു ഉറ്റവരെ തീരാദുഖത്തിലേക്കു തള്ളിവിട്ടു ബാലു കാല യവനികക്കുള്ളിൽ മറഞ്ഞത്. അനവധി വേദികളിൽ ഒന്നിച്ചു സംഗീത വിരുന്നു അവതരിപ്പിച്ചിട്ടുണ്ട് ബാലഭാസ്കറും സ്റ്റീഫൻ ദേവസ്സിയും.
advertisement
വളരെ വലിയ പ്രതീക്ഷകളുമായി, കഴിഞ്ഞ ഒരാഴ്ച മുതൽ തന്നെ കണ്ണിമ വെട്ടാതെ ഒപ്പമുണ്ടായിരുന്നു ബാലുവിന്റെ സുഹൃത്തുക്കൾ. ആശുപത്രി പരിസരം ഒരിക്കലും ആളൊഴിഞ്ഞിരുന്നില്ല. മരണത്തിനു ഒരു ദിവസം മുൻപേ ശുഭ പ്രതീക്ഷകളാണ് പുറത്തു വന്നിരുന്നത്. "ബാലുവിന്റെ നിലയിൽ പുരോഗതിയുണ്ടെന്നു കേട്ടാണ് ഞങ്ങൾ കഴിഞ്ഞ ദിവസം പിരിഞ്ഞതു. ഒരുപാട് പേരുണ്ടായിരുന്ന സംഘത്തിൽ നിന്നും കുറച്ചു പേർ മാത്രമായി ആശുപത്രിയിൽ മാറി മാറി തങ്ങി. അപ്പോഴാണ് ഞങ്ങളെ തേടി ഈ വാർത്ത വരുന്നത്. മികച്ച ചികിത്സ ലഭിക്കുന്ന എവിടെയും കൊണ്ട് പോകാനായി തയ്യാറായി നിൽപ്പായിരുന്നു ഞങ്ങൾ. ലക്ഷ്മിയുടെ കാര്യത്തിൽ നില വഷളാണെന്നു കേൾക്കുന്നു," ജാസി ഗിഫ്റ് പറയുന്നു.
പ്രാർഥനകൾ വിഫലമായി; ബാലഭാസ്കർ അന്തരിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികളാണ് ജാസ്സിയും ബാലുവും. ഇവിടുത്തെ കലാ പ്രവർത്തനങ്ങൾക്ക് മുൻ വിദ്യാർത്ഥികളെന്ന നിലയിൽ ഇവർ മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഇരുവരും സംഗീത മേഖലയിലും ഒന്നിച്ചു പ്രവർത്തിച്ചവരാണ്.