2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്ന ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷന്‍ ചിത്രങ്ങളുമടങ്ങിയതാണ് ഈ ആന്തോളജി. 1994ല്‍ 'കര്‍ഫ്യൂ' എന്ന ചിത്രത്തിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ യുനെസ്‌കോ അവാര്‍ഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്.
ഗാസയിലെ പലസ്തീന്‍ ചലച്ചിത്രകാരന്മാര്‍ക്ക് ധനസഹായം അനുവദിക്കുന്ന 'ദ മഷറാവി ഫണ്ട്' എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഈ ചിത്രം 2024ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രൂക്ഷമായ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കിടയിലും ഗാസയിലെ ചലച്ചിത്രരംഗം സജീവമാണ് എന്ന് തെളിയിക്കുകയാണ് ഈ സംരംഭം.
advertisement
മൂന്നു മുതല്‍ ആറു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയാണ് ഈ അന്തോളജിയിലെ ചിത്രങ്ങള്‍. പലസ്തീന്‍ ജനത നേരിടുന്ന വെല്ലുവിളികള്‍, ദുരിതങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളും ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. 97ാമത് ഓസ്‌കര്‍ അവാര്‍ഡിന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള വിഭാഗത്തില്‍ പലസ്തീന്റെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 'ഫ്രം ഗ്രൗണ്ട് സീറോ'. കാന്‍ മേളയില്‍ ആദ്യപ്രദര്‍ശനം നടത്താനിരുന്ന ചിത്രം അവസാന നിമിഷം 'രാഷ്ട്രീയകാരണങ്ങളാല്‍' സംഘാടകര്‍ പിന്‍വലിക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് മേളയുടെ വേദിക്കു പുറത്ത് റഷീദ് മഷറാവി ചിത്രത്തിന്റെ പ്രതിഷേധ പ്രദര്‍ശനം ഒരുക്കിയിരുന്നു.