മുഖ്യകഥാപാത്രങ്ങളായ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയ, ഉര്‍സ്വല ഇഗ്വാരന്‍ എന്നിവരെ ചേര്‍ത്ത് മാര്‍കേസ് തീര്‍ത്ത മാസ്മരിക ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ലോറ മോറ, അലക്‌സ് ഗാര്‍സിയ ലോപസ് എന്നിവര്‍ ചേര്‍ന്നാണ് വെബ് സിരീസ് സംവിധാനം ചെയ്തിരിക്കുന്നത്. കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും താരങ്ങള്‍ സിരീസില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് നോവല്‍ പശ്ചാത്തലത്തെ കൂടുതല്‍ മിഴിവോടെ പ്രേക്ഷകരിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
advertisement
ക്ലോഡിയോ കാറ്റനോ ആണ് കേണല്‍ ഔറേലിയാനോ ബ്യൂണ്ടിയയുടെ വേഷം അവതരിപ്പിക്കുന്നത്. മാര്‍ക്കോ ഗോണ്‍സാലസ് ജോസ് ആര്‍ക്കോഡിയോ ബ്യൂണ്ടിയായും സുസാന മൊറേല്‍സ് ഉര്‍സ്വല ഇഗ്വാരനായും സിരീസില്‍ പ്രത്യക്ഷപ്പെടുന്നു.
സ്പാനിഷ് ഭാഷയില്‍ ചിത്രീകരിച്ച സിരീസിന്റെ ഭൂരിഭാഗം ഭാഗങ്ങളും കൊളംബിയയിലും പരിസര പ്രദേശത്തുമാണ് ചിത്രീകരിച്ചത്. മാര്‍കേസിന്റെ കുടുംബത്തിന്റെ പിന്തുണയും സീരീസിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബ്യൂണ്ടിയ കുടുംബത്തിന്റെ കഥ പറയുന്ന സിരീസ് 16 എപ്പിസോഡുകളായാണ് റിലീസ് ചെയ്യുന്നത്.
1967ലാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ (One Hundred Years of Solitude) രചിച്ചത്. ലോകമെമ്പാടുമുള്ള വായനക്കാരെ പിടിച്ചിരുത്താന്‍ ഈ കൃതിയ്ക്കാവുകയും ചെയ്തു. മാജിക്കല്‍ റിയലിസത്തിലൂടെ കടന്നുപോകുന്ന നോവലിന് നിരവധി അംഗീകാരങ്ങളും ലഭിച്ചു. 1982ല്‍ മാര്‍കേസിനെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ നോവല്‍ കൂടിയാണിത്.