റാഫി- മെക്കാർട്ടിൻ, ബെന്നി പി. നായരമ്പലം, സച്ചി-സേതു, ഉദയ്‌കൃഷ്ണ- സിബി കെ. തോമസ് എന്നിവരുടെ തിരക്കഥകൾക്ക് ഷാഫി ആക്ഷനും കട്ടും പറഞ്ഞപ്പോൾ സൃഷ്‌ടിക്കപ്പെട്ടത് സൂപ്പർ ഹിറ്റുകൾ. പ്രിയദർശൻ ടച്ചിലൂടെ മലയാളീകരിച്ച സ്ലാപ്സ്റ്റിക്കിന്റെ അൽപ്പം കൂടി മെച്ചപ്പെട്ട വേർഷൻ എന്ന് വിളിക്കാം ജയറാം-ലാൽ കോംബോയിലൂടെ ഷാഫി ആദ്യം സംവിധാനം ചെയ്ത ചിത്രം 'വൺ-മാൻ ഷോയെ'. കണ്ടവർ കണ്ടവർ പരിസരം മറന്നു ചിരിച്ചുമറിഞ്ഞെങ്കിലും, ആദ്യമായി ക്യാമറയ്ക്ക് പിന്നിലെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തതിന്റെ പിരിമുറുക്കം ഏറെയെന്ന് ഷാഫി സമ്മതിച്ചിട്ടുണ്ട്.
advertisement
"ആദ്യ സിനിമയായതിനാൽ ഞാൻ നല്ല ടെൻഷനിലായിരുന്നു. കൈകാര്യം ചെയ്ത വിഷയം അൽപ്പം കട്ടിയായിരുന്നു. ചില സീനുകൾ പതിനെട്ടും ഇരുപതും പേജുകളാണ്. അതിനു ശേഷം ഉണ്ടായ 'കല്യാണരാമൻ' എളുപ്പം ചെയ്യാൻ കഴിഞ്ഞു. വളരെ കഷ്‌ടപ്പെട്ടു ചെയ്ത ചിത്രം 'വൺ-മാൻ ഷോ'യായിരുന്നു. കാണുന്ന പ്രേക്ഷകർക്ക് തോന്നുന്നത് നേരെ തിരിച്ചും"
ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ അടിച്ചിറക്കിയെങ്കിലും, മലയാളത്തിലെ പ്രഗത്ഭ നായകന്മാർക്കൊപ്പം സഹകരിച്ചുവെങ്കിലും, ഷാഫി ചിത്രങ്ങളിൽ രണ്ടാമതായി പുറത്തുവന്ന ദിലീപിന്റെ 'കല്യാണരാമൻ' ഒന്നിലേറെ കാരണങ്ങളാൽ കൂട്ടത്തിൽ മുന്നിലാണ്. നായകൻ-നായിക-വില്ലൻ ഫോർമാറ്റ് പറഞ്ഞിറങ്ങാറുള്ള സിനിമകളിൽ അന്ധവിശ്വാസത്തെ പിടിച്ച് വില്ലനാക്കിയ ഒരു കഥയുണ്ട് ഈ സിനിമയ്ക്ക് പിന്നിൽ.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ നാടകത്തിലെ ആശയമായിരുന്നു വിവാഹത്തിന് വഴിമുടക്കിയായി മാറുന്ന അന്ധവിശ്വാസം. 'പെണ്ണുങ്ങൾ വാഴാത്ത' പുരുഷന്മാർ മാത്രം അംഗങ്ങളായുള്ള 'തെക്കേടത്ത്' തറവാട്ടിലേക്ക് അമ്പാട്ട് തമ്പിയുടെ രണ്ട് പെണ്മക്കൾ കയറിവരുന്നിടത്തു ട്വിസ്റ്റ് സെറ്റ് ചെയ്തു.
പടമുകളിലെ ലാലിന്റെ പണി നടന്നുകൊണ്ടിരുന്ന വീട്ടിൽ 50 ദിവസത്തേക്ക് ലൊക്കേഷനൊരുങ്ങി.
പാചകക്കാരന്റെ മകളെ നായികയാക്കിയ ആദ്യ കഥയുടെ ചർച്ചയ്ക്കിടെ, എന്തുകൊണ്ട് നായകൻ പാചകക്കാരനായിക്കൂടാ എന്ന ചിന്തയിൽ ദിലീപ് 'അച്ചുവേട്ടന്റെ രാമൻകുട്ടിയായി' മുണ്ടും ഷർട്ടും നെറ്റിയിലെ കുങ്കുമക്കുറിയുമായി അടുക്കളയിൽ കയറി. കൂടെ ഇന്നസെന്റിന്റെ മിസ്റ്റർ പോഞ്ഞിക്കരയും, സലിം കുമാറിന്റെ പ്യാരിയും നർമ്മത്തിന് മേമ്പൊടി വിതറി. അന്നാളുകളിൽ ദിലീപ് നായകനായി തിയേറ്ററുകളിൽ ഓടിയിരുന്ന മീശ മാധവനും, കുഞ്ഞിക്കൂനനും കല്യാണരാമനു വേണ്ടി റിലീസ് കേന്ദ്രങ്ങളിൽ നിന്നുമിറങ്ങി ഉൾനാടൻ തിയേറ്ററുകളിൽ പ്രവേശിച്ചു. ക്രിസ്തുമസ് റിലീസ് ചിത്രമായ 'കല്യാണരാമൻ' അക്കാലത്ത് ബോക്സ് ഓഫീസിൽ പണംവാരിയെങ്കിൽ, ജെൻ ബീറ്റ വരെയുള്ള കാലഘട്ടത്തെ ഒ.ടി.ടിയും, യൂട്യൂബും, മീമും വഴി സ്വാധീനിക്കുന്നു.
എട്ടുവർഷങ്ങൾക്കിപ്പുറം മേരിക്കൊണ്ടൊരു കുഞ്ഞാടും, 2015ൽ ടൂ കൺട്രീസും ഷാഫി-ദിലീപ് കൂട്ടുകെട്ടിൽ സംഭവിച്ചു. മൾട്ടിപ്ളെക്സുകൾ ട്രെൻഡ് ആവാതിരുന്ന കാലത്ത് മൂന്നരക്കോടി മുടക്കിയെടുത്ത ദിലീപ്- ഭാവന ചിത്രം 22.5 കോടി വാരിക്കൂട്ടി. വിദേശലൊക്കേഷനുകളിൽ ഉൾപ്പെടെ ചിത്രീകരണം പൂർത്തിയാക്കിയ ദിലീപ്- മംമ്ത ചിത്രം, മുടക്കുമുതലിന്റെ നാലരയിരട്ടി നേടി. 12 കോടി ചിലവഴിച്ച ചിത്രം ബോക്സ് ഓഫീസിൽ 55 കോടി സ്വരൂപിച്ചു.