തുടരും സിനിമയിലെ കറുത്ത അംബാസിഡർ കാറിന് ഈ നമ്പർ വന്നതിനു പിന്നില്‍ രസകരമായ കഥയുണ്ട്. താൻ ആദ്യമായി വാങ്ങിയ വാഹനം മാരുതി 800 ആണെന്നും അതിൻ്റെ നമ്പർ 4455 ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞിരുന്നു. ആ ഒരു നൊസ്റ്റാൾജിയയിലാണ് സിനിമയിലെ വണ്ടിക്ക് ആ നമ്പര്‍ കൊടുത്തതെന്നും റാന്നി രജിസ്‌ട്രേഷനിൽ ഇങ്ങനെ ഒരു വണ്ടി രജിസ്റ്റര്‍ ആകണമെങ്കില്‍ ഏത് കാറ്റഗറി നമ്പര്‍ വരുമെന്ന് നോക്കിയെന്നും L,M,N,O,P നമ്പറുകള്‍ക്കൊക്കെ സാധ്യതകളുണ്ടെന്ന് തൻ്റെ അസിസ്റ്റൻ്റ് പറഞ്ഞുവെന്നും തരുൺ പറഞ്ഞു. അങ്ങനെയാണ് L ഉപയോഗിച്ചതെന്നും തരുൺ പറഞ്ഞിരുന്നു.
advertisement
എന്നാൽ അതിലും രസകരമെന്തെന്നാൽ, മോഹൻലാലിന്റെ പഴയ വാഹനത്തിന്റെ നമ്പറും 4455 ആയിരുന്നു. ഇതറിയാതെയാണ് തരുൺ സിനിമയിലെ വാഹനത്തിന് ഇതേ നമ്പർ നൽകിയത്.
ഷൂട്ടിങ്ങ് പകുതി പിന്നിട്ടപ്പോഴാണ് ‘എന്റെ അംബാസിഡര്‍ കാര്‍ കണ്ടിട്ടുണ്ടോ’ എന്ന് മോഹൻ ലാൽ തരുണിനോട് ചോദിച്ചത്. ഒരു പ്രത്യേക കളറുള്ള വണ്ടിയാണ്. ആ വണ്ടിയുടെ മുന്നില്‍ നില്‍ക്കുന്ന രസമുള്ള ഫോട്ടോയും കാണിച്ചു. ആ ഫോട്ടോ നോക്കിയപ്പോള്‍ അതേ കാറിന്റെ നമ്പറും 4455 ആണ്. അപ്പോള്‍ തരുണ്‍ ചോദിച്ചു. ഈ കാറിന്റെ നമ്പറും 4455 ആണല്ലോയെന്ന്. മോഹൻലാൽ അതുവരെ കരുതിയത് ഈ നമ്പറുമായുള്ള തന്റെ ബന്ധം അറിഞ്ഞിട്ടാണ് തരുൺ ഇതേ നമ്പർ ഉപയോഗിച്ചതെന്നാണ്.
36 വർഷം മുൻപുള്ള ചിത്രം
പ്രൊഡക്ഷൻ കണ്‍ട്രോളറായ ബദറുദീൻ അടൂർ ഫേസ്ബുക്കിൽ പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോണ്ടസ വാഹനത്തിന്റെ പുറത്ത് ചെസ് കളിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. കാറിന്റെ നമ്പർ തുടരും സിനിമയിലെ കാറിന്റേതിൽ നിന്ന് ചെറിയ വ്യത്യാസം മാത്രം 5544. ദശരഥം സിനിമയുടെ ചിത്രീകരണത്തിനിടെ 1989ൽ മോഹൻലാലിന്റെ സുഹൃത്തും സംവിധായകനുമായ രാജീവ് നാഥ് പകർത്തിയ ചിത്രമാണിത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷ നേരംകൊണ്ട് ചിത്രം ലാൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.