Hridayapoorvam | കേരളജനതയ്ക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ വാർത്തയിലെ അത്ഭുതമായിരുന്ന കാലം. ജയറാം, മുകേഷ് എന്നിവരെ നായകന്മാരാക്കി കമൽ 'ആയുഷ്ക്കാലം' സംവിധാനം ചെയ്തു പുറത്തിറക്കിയ വർഷം 1992. സിനിമ ശാസ്ത്രമായി അവതരിപ്പിക്കാതെ അൽപ്പം സൂപ്പർനാച്ചുറൽ ചേരുവകൾ കൂട്ടിളക്കി, ഹൃദയം സ്വീകരിച്ച യുവാവിനെ പിന്തുടരുന്ന ആത്മാവിന്റെ കഥയുമായി മറ്റൊരു ബോക്സ് ഓഫീസ് ഹിറ്റ് പിറന്നു. എബി മാത്യു എന്ന ആത്മാവ് തന്റെ അപകടമരണം കൊലപാതകമെന്ന് തെളിയിക്കാൻ ഹൃദയം സ്വീകരിച്ച ബാലകൃഷ്ണന്റെ സഹായം തേടുന്നതായിരുന്നു പ്രമേയം. സാറ്റലൈറ്റ് യുഗത്തിൽ 'ആയുഷ്ക്കാലം' കൂടുതൽ തിളങ്ങി. 2025ൽ സത്യൻ അന്തിക്കാട് പറയുന്ന കഥയിലെ നായകൻ മരിച്ചുപോയ വ്യക്തിയുടെ ഹൃദയം സ്വീകരിക്കുന്ന മോഹൻലാൽ കഥാപാത്രമായ സന്ദീപ് ബാലകൃഷ്ണൻ. കേരളത്തിൽ തന്നെ വിജയകരമായി ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഈ കഥയെ ഫ്രഷ് ആയി, ന്യൂ ജെൻ ഫോർമുല നൽകി സത്യൻ അന്തിക്കാട് എങ്ങനെ 'ഹൃദയപൂർവം' എന്ന പേരിട്ട് സ്‌ക്രീനിലെത്തിച്ചു?
advertisement
ഹൃദയം സ്വീകരിച്ച സന്ദീപിനെ (മോഹൻലാൽ) തേടി യഥാർത്ഥ ഹൃദയത്തിന്റെ ഉടമയായിരുന്ന കേണൽ രവീന്ദ്രനാഥിന്റെ മകൾ ഹരിത (മാളവിക മോഹനൻ) എത്തുന്നിടത്തു നിന്നുമാണ് 'ഹൃദയപൂർവം' തുടങ്ങുക. ഇനിയങ്ങോട്ട് ഈ സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണോ എന്ന ചോദ്യം പ്രേക്ഷകന്റെ മനസിലേക്ക് തരുന്ന ഷോട്ടുകളും ഫ്രയിമുകളും ട്വിസ്റ്റുകളും കാത്തിരിക്കേണ്ട സമയം. ഇന്നും 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്' ഫാസിൽ സംവിധാനം ചെയ്ത ചിത്രമെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ (ചിത്രത്തിന്റെ രചയിതാവാണ് ഫാസിൽ) , നാളെയൊരു കാലത്ത് 'ഹൃദയപൂർവം' ഒരു പുതുതലമുറ സംവിധായകന്റെ സൃഷ്‌ടി എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ തെറ്റുപറയാനാവില്ല.
തിലകനും, ഇന്നസെന്റും, കെ.പി.എ.സി. ലളിതയും, മാമുക്കോയയും, ശ്രീനിവാസനും ഹരിതശോഭ പടർന്നു പന്തലിച്ച നാട്ടിൻപുറവും, അവിടുത്തെ നന്മയും ഏഷണിയും പിണക്കവും ഇണക്കവും, ഇനി ഇതൊന്നുമല്ലെങ്കിൽ, സാധാരണക്കാരിൽ സാധാരണക്കാരനായ നായകനും ഇല്ലാത്ത ഒരു സത്യൻ അന്തിക്കാട് ചിത്രം അന്തിക്കാട് മാജിക്കിന്റെ ആരാധകർക്ക് സങ്കല്പിക്കുക പ്രയാസമാകും. അവരെ നേരെ പൂനെയിലേക്ക് കൊണ്ടുപോയി, പരിഷ്കാരിയായ നായികയും, അത്രകണ്ട് സാധാരണക്കാരൻ എന്ന് വിളിക്കാൻ കഴിയാത്ത നായകനുമായി 'ഹൃദയം തൊട്ട്' കഥ പറയുന്നു സത്യൻ അന്തിക്കാട്.
ബാലകൃഷ്ണനെ പിന്തുടരുന്ന പോലൊരു ആത്മാവ് സന്ദീപിന്റെ പിന്നാലെയില്ല. പകരം, കേരളത്തിൽ നിന്നും പൂനെയിലെത്തുന്ന സന്ദീപിനെ കാത്തിരിക്കുന്നത് അവരുടെ പ്രിയപ്പെട്ട രവി എന്ന രവീന്ദ്രനാഥിന്റെ ഹൃദയം തുടിക്കുന്ന ജീവനെ കാണാൻ കണ്ണുംനട്ടിരിക്കുന്ന കുടുംബവും കൂട്ടുകാരും ചേരുന്ന മറ്റൊരു പരിസരം. കൂടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ സന്ദീപിന്റെ സഹായിയായ ജെറിയും (സംഗീത് പ്രതാപ്). തമാശയും വൈകാരിക മുഹൂർത്തങ്ങളും കൂട്ടിയിണക്കിയ കഥപറയൽ ശൈലിയിലൂടെയാണ് കഥാപുരോഗതി. ആദ്യപകുതിയിൽ മോഹൻലാൽ, സംഗീത് പ്രതാപ് ഹ്യൂമർ ടൈമിംഗ് പലയിടങ്ങളിലും പ്രശംസ നേടി.
കഥയും പരിസരവും കഥാപാത്രങ്ങളും 'ന്യൂ ജി' ടാഗിൽ കോർത്തു. ഇനി അത് അഭിനയിച്ചു ഫലിപ്പിക്കേണ്ട ചുമതല പ്രധാനമായും നായികാ-നായകന്മാരായ മോഹൻലാൽ, മാളവിക മോഹനൻ എന്നിവരുടെ മേലാണ്. ദൃശ്യം, എമ്പുരാൻ, തുടരും റൂട്ടുകൾ താണ്ടി നിൽക്കുന്ന പോയിന്റിലെ മോഹൻലാലിന്റെ പുത്തൻ സ്റ്റോപ്പാണ് 'ഹൃദയപൂർവം'. എന്നിരുന്നാലും, ഒരിക്കൽക്കൂടി ബോയിങ് ബോയിങ്, ഹരികൃഷ്ണൻസ്, ചന്ദ്രലേഖ, സ്ഫടികം, മണിച്ചിത്രത്താഴ് മോഡിലേക്ക് പ്രിയപ്പെട്ട ലാലേട്ടനെ കിട്ടിയാൽ തരക്കേടില്ല എന്നാഗ്രഹിക്കുന്ന മോഹൻലാൽ ഫാൻസിനെ കൂടി സംവിധായകൻ പരിഗണിച്ചു എന്ന് തോന്നുന്നു.
പഴയതുപോലെ ഓടിച്ചാടിയും, വഴിയേപോയ വയ്യാവേലി തോളത്തെടുത്തു വച്ചും, പെണ്ണിന്റെ പിന്നാലെ പ്രേമിച്ചു നടന്നും ആത്മനിർവൃതിയടയുന്ന നായകനായി മോഹൻലാലിനെ അവതരിപ്പിക്കാൻ തുനിയാതിരിക്കുകയാവും അഭികാമ്യം എന്ന് അദ്ദേഹത്തെ വച്ച് സിനിമയെടുക്കുന്ന ഓരോ സംവിധായകനുമറിയാം, പ്രത്യേകിച്ചും സത്യൻ അന്തിക്കാടിന്. ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ 'വീണ്ടും നന്മയുമായാണോ വരവ്' എന്ന പരിഹാസചോദ്യം അദ്ദേഹത്തിന്റെ ചെവിയിലുമെത്തിയിരിക്കാം. പ്രേക്ഷകർ ഇന്ന് ലാലിന്റെ മേൽ അതിലേറെ പ്രതീക്ഷ പുലർത്തുന്നതാണ് കാരണം. എന്നാൽ, ടിക്കറ്റ് എടുത്തു കയറുന്ന ഒന്നിലേറെ തലമുറകളെ തൃപ്തിപ്പെടുത്തുക വേണംതാനും. ഓവർ ആയി എന്ന് തോന്നിക്കാതെ എവിടെയെല്ലാമോ അൽപ്പം അപ്പുകുട്ടൻ ആൽഫി, ഹരികൃഷ്ണൻ ഫീൽ മോഹൻലാലിന് നൽകാൻ സ്ക്രിപ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്ന സംവിധായകരുടെ ഒപ്പം മോഹൻലാൽ സഹകരിച്ച് അഞ്ചു വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ 'ബിഗ് ബദ്റിലും' അതിനും മുൻപ് 'ഡ്രാമ'യിലും ഉണ്ടായ പാളിച്ചകൾ ഇല്ലാതിരിക്കാൻ സന്ദീപ് ബാലകൃഷ്ണൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഹരികൃഷ്ണൻസിൽ ജൂഹി ചാവ്‌ലയും, ചന്ദ്രലേഖയിൽ പൂജാ ഭദ്രയും, കാലാപാനിയിൽ തബുവും മോഹൻലാലിന്റെ നായികയായപ്പോൾ, 'ഹിന്ദിക്കാരികൾ നമ്മുടെ മോഹൻലാലിന് ചേരില്ല' എന്ന് അടക്കം പറഞ്ഞവർ ഉണ്ടായിരുന്നു. ചുണ്ടനക്കം തെറ്റാതെ അവർ എത്ര നന്നായി മലയാളം പറഞ്ഞു എന്ന് സൂക്ഷമദർശിനിയുമായി നോക്കിയിരുന്നവർ പോലുമുണ്ടായി. മലയാളി എങ്കിലും, ഉത്തരേന്ത്യയിൽ പഠിച്ചു വളർന്ന മാളവിക മോഹനൻ മോഹൻലാലിന്റെ നായികയാവുന്നു എന്ന പ്രഖ്യാപനം വന്നപ്പോഴും, സമാനചിന്ത ഉണ്ടായവരുണ്ടാകാം. ഇൻസ്റ്റഗ്രാം പേജിൽ കാണുന്ന ഗ്ലാമറസ് സുന്ദരി, കാമ്പുള്ള കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിച്ചു ഫലിപ്പിക്കും എന്ന് മലയാളികൾക്ക് മനസിലാക്കിക്കൊടുത്ത 'ക്രിസ്റ്റി' മലയാള മണ്ണിൽ പിറന്ന സിനിമയാണ് എന്ന് മറന്നുകൂടാ. ശുദ്ധമലയാളം അല്ലെങ്കിലും, തെറ്റില്ലാത്ത മലയാളം പറയുന്ന പൂനെ മലയാളിയെ, മോഹൻലാലിന്റെ ഒപ്പം കിടപിടിക്കുന്ന നിലയിൽ മാളവിക അവതരിപ്പിച്ചുവെങ്കിൽ, ഈ നായികയെ നോക്കിവയ്ക്കുക.
'ഹിന്ദിക്കാരി'യെ പേരിനൊന്നു തലകാണിച്ചു വിടാതെ സിനിമയിലുടനീളം അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം കാട്ടിയ സത്യൻ അന്തിക്കാടിന് സ്‌പെഷൽ കയ്യടി ഇരിക്കട്ടെ. മാനറിസം കൊണ്ടും, അഭിനയം കൊണ്ടും മാളവിക എവിടെയും തെറ്റുകുറ്റങ്ങൾക്ക് ഇട നൽകാത്ത ഹരിതയെ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇടവേളകളിൽ മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്ന പ്രിയപ്പെട്ട 'ശ്യാമള'യായ സംഗീതയും ഹരിതയ്‌ക്കൊപ്പം പിടിച്ചുനിൽക്കുന്ന അമ്മ വേഷത്തിൽ തിളങ്ങി.
തനിക്ക് ഇത്രയും 'സംസ്കാരമേയുള്ളൂ' എന്ന് ഊറ്റംകൊള്ളുന്ന ജെറിയായി സംഗീത് പ്രതാപ് ഉള്ളത് കഥയിലുടനീളം ഹ്യൂമർ, ന്യൂ ജെൻ എലിമെന്റുകൾ നിലനിർത്താൻ സഹായകമാണ്. മോഹൻലാലിന്റെ കൂടെനടക്കുന്ന കൂട്ടുകാരൻ വേഷങ്ങളിൽ ഒരുകാലത്ത് മുകേഷ്, സിദ്ധിഖ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ നൽകിയ 'എക്സ്ട്രാ ഗും' ഇവിടെ പുതുതലമുറയിൽ നിന്നുള്ള സംഗീത് ഭംഗിയായി നിർവഹിച്ചു. പണ്ടുള്ളവർ സമപ്രായക്കാരെങ്കിലും, സംഗീത് തന്റെ മികച്ച ഫോമിലാണ് മോഹൻലാലിന്റെ ഒപ്പം നിൽക്കുന്നത്. ചില സമയങ്ങളിൽ, സന്ദീപിന്റെ ഉള്ളിലുള്ളത് പുറത്തു കൊണ്ടുവരാൻ ജെറി ഇല്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് തോന്നിപ്പോകും.
ലാലു അലക്സിന്റെ സ്നേഹമയിയായ കൂട്ടുകാരൻ ജേക്കബ് ക്ളൈമാക്സ് വരെ നിലനിർത്തുന്ന ഹ്യൂമർ പറയാതിരിക്കാനാവില്ല. 'കളിപ്പാട്ടം' സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച ഒറ്റപ്പാലത്തെ കരുണൻ ചിറ്റപ്പന് ശേഷം ഈ സിനിമയിലെ ജനാർദ്ദനന്റെ 'ചിറ്റപ്പൻ' വേഷം നന്നായിരിക്കുന്നു. കുറച്ചു നേരം മാത്രമേ സ്‌ക്രീനിൽ ഉള്ളൂവെങ്കിലും, ഈ ചിറ്റപ്പന്മാർ കഥയിലെ പ്രധാനികളായി തുടക്കം മുതൽ അവസാനം വരെ അദൃശ്യരായി നിലനിൽക്കുന്നതാണ് ഹൈലൈറ്റ്. അകത്തു കത്തിയും പുറത്തു പഞ്ഞിയുമായി' സിദ്ധിഖിന്റെ പണിക്കർ അളിയനും ഹ്യൂമർ നിലനിർത്തുന്ന കഥാപാത്രമാണ്.
കഥയേയും കഥാപാത്രങ്ങളെയും നിർകീക്ഷിച്ചു കഴിഞ്ഞാൽ, 'ന്യൂനത' എന്ന് പൂർണമായും വിളിക്കാൻ കഴിയാത്ത ഒരു വസ്തുത പണിപ്പെട്ടു കണ്ടെത്തേണ്ടി വരും. അങ്ങനെയൊന്നു പറയണമെങ്കിൽ, അത് സെറ്റ് ഒരുക്കിയതിലാകും. സിനിമയുടെ കഥ പുരോഗമിക്കുന്ന സെറ്റുകൾ എല്ലാം ചെത്തിമിനുക്കി ഫിനിഷ് ചെയ്ത മാതൃക പിന്തുടരുന്നു. പലപ്പോഴും പരസ്യചിത്ര മേഖലയിൽ നിന്നും വരുന്ന നവാഗത സംവിധായകർ കാട്ടുന്ന കണിശത സെറ്റുകളിൽ കാണാം. പ്രത്യേകിച്ചും കേണൽ രവിയുടെ പൂനെ വീട്ടിൽ. മറ്റൊരു വഴിക്ക് ചിന്തിച്ചാൽ, ഒരു മുതിർന്ന പട്ടാളക്കാരന്റെ ചിട്ടവട്ടങ്ങൾ നിറഞ്ഞ വീട് ഇങ്ങനെയാകാം എന്ന് അനുമാനിക്കാം. അതേസമയം, വഴിയിലെ കോഫി ഷോപ്പ്, റെസ്റ്റോ ബാർ, സഞ്ചരിക്കുന്ന ബസ്, സന്ദീപിന്റെ നാട്ടിലെ വീട്, അതിനുള്ളിലെ സൗകര്യങ്ങൾ എന്നിവയിലും ഈ പെർഫെക്ഷൻ നിറഞ്ഞു നിൽക്കുന്നതായി കാണാം. മുഷിഞ്ഞ കിടക്കയും, പഴകിയ പത്രങ്ങളും, അഴുക്കുപിടിച്ച സ്വിച്ചും ഒക്കെയുള്ള വീടകങ്ങളുടെ കഥ നിറയുന്ന റിയലിസ്റ്റിക് സിനിമാ കാലമായതു കൊണ്ടാകാം ഒരുപക്ഷേ ഇത്രയും പെർഫെക്ഷൻ ലേശം കൂടിയില്ലേ എന്ന തോന്നലുണ്ടാവാൻ. അതൊരു പ്രശ്നമാണ് എന്ന് പറയാനാവില്ല താനും.
മോഹൻലാലിന്റെ പുത്രൻ പ്രണവ് മോഹൻലാൽ നായകനായ 'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ ഒരു പരാമർശം കൂടി അയവിറക്കി അവസാനിപ്പിക്കാം. പ്രായംചെന്ന സംവിധായകനും, സംഗീത സംവിധായകനും പുതുതലമുറ നടൻ നിതിൻ മോളിയെ വച്ച് പടമെടുക്കാൻ ഇറങ്ങുമ്പോൾ, പഴയതലമുറക്കാർ ഇറക്കിയ ഒരു പടമെങ്കിലും ഇവിടെ വിജയിച്ചിട്ടുണ്ടോ എന്ന ചോദ്യമൊരെണ്ണം കേൾക്കാം. 'ഹൃദയപൂർവം' കണ്ട് കുടുകുടെ ചിരിച്ചും കയ്യടിച്ചതും തിയേറ്റർ വിടുമ്പോൾ ഈ സിനിമയുടെ സംവിധായകന് പ്രായം എഴുപതും നായകന് അറുപത്തിയഞ്ചും വയസും പിന്നിട്ടു എന്ന് ഓർമപ്പെടുത്തിക്കൊള്ളട്ടെ. അതെ, പ്രായം വെറുമൊരു നമ്പറാണ്.