മോഹൻലാലിന് ദുബായിൽ വച്ച് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്. എമ്പുരാൻ വിവാദവുമായി നടപടികൾക്ക് ബന്ധമില്ലെന്ന് ആദായനികുതി വകുപ്പിലെ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നടന് നോട്ടീസ് അയച്ചത്. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തിലാണ് വ്യക്തത തേടിയത്. സിനിമയിൽ അഭിനയിച്ചതിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയെന്ന് കണ്ടെത്തി. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിലാണ് വ്യക്തത തേടിയത്.
advertisement
ഇതിന് മുന്നെയുള്ള ദിവസമായിരുന്നു എമ്പുരാൻ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തിയത്. ഗോകുലം ഗോപാലന്റെ ചെന്നൈയിലേയും കൊച്ചിയിലേയും കോഴിക്കോട്ടേയും ഓഫീസുകളിലാണ് ഇഡി റെയ്ഡ് നടന്നത്. പിന്നാലെ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു.
2022 ഡിസംബർ മാസത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്ര മേഖലയിലെ സിനിമാ നിർമ്മാതാക്കളുടെ സ്വത്തുവകകളിൽ ആദായനികുതി വകുപ്പ് വൻ റെയ്ഡ് നടത്തിയിരുന്നു. ഒരു വ്യാഴാഴ്ച രാവിലെ 7.30 ന് ആരംഭിച്ച റെയ്ഡ് പിറ്റേന്ന് പുലർച്ചെ 4.30 വരെ തുടർന്നു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 50 ഓളം സ്ഥലങ്ങളിലായി നിർമ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ, ആന്റണി പെരുമ്പാവൂർ, നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ എന്നിവരുമായി ബന്ധപ്പെട്ട സ്വത്തുക്കളിലാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
34 കൊല്ലമായി മോഹൻലാലിൻ്റെ സന്തതസഹചാരി ആയ ആൻറണി പെരുമ്പാവൂർ 2000ൽ നരസിംഹം എന്ന സൂപ്പർഹിറ്റ് ചിത്രത്തോടെ നിർമാതാവ് എന്ന നിലയിലേക്ക് മാറി. ദൃശ്യമടക്കം 36 ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സുഹൃത്ത് മോഹൻലാൽ തന്നെയായിരുന്നു 35 ചിത്രങ്ങളിലും നായകൻ. പ്രണവ് മോഹൻലാൽ നായകനായെത്തിയ 'ആദി' ആയിരുന്നു മോഹൻലാൽ നായകനാകല്ലാത്തൊരു ചിത്രം.