തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് 'വരാഹ രൂപം' എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഒരു താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇപ്പോള്‍, വരാഹരൂപം എന്ന പാട്ട് ഒഴിവാക്കിയത് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. നിരവധി ആരാധകര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
ചിത്രത്തില്‍ നിന്ന് ഗാനം നീക്കം ചെയ്തതിനെ കുറിച്ച് തൈക്കുടം ബ്രിഡ്ജ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണമറിയിച്ചിട്ടുണ്ട്. "കാന്താര എന്ന സിനിമയില്‍ നിന്ന് ആമസോണ്‍ പ്രൈം ഞങ്ങളുടെ നവരസം ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തിട്ടുണ്ട്. നീതിയുടെ വിജയമാണിത്. ഞങ്ങളെ പിന്തുണച്ച അറ്റോര്‍ണി സതീഷ് മൂര്‍ത്തിക്കും മാതൃഭൂമിക്കും നന്ദി. ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി."
കാന്താരയുടെ ഹിന്ദി പതിപ്പ് കഴിഞ്ഞ മാസം ഒക്ടോബര്‍ 13 നാണ് റിലീസ് ചെയ്തത്. അതേസമയം, ഇതുവരെയുള്ള കണക്ക് പ്രകാരം മൊത്തം 393.31 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. ഇതില്‍ 359.31 കോടി രൂപ ഇന്ത്യയില്‍ നിന്നുള്ളതാണ്. 34 കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് 50 ദിവസം പൂര്‍ത്തിയായെങ്കിലും, ഓസ്‌ട്രേലിയ, യുകെ, കാനഡ, യുഎഇ, യുഎസ്എ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 1,000ത്തിലധികം സ്‌ക്രീനുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ഇപ്പോഴും 900-ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര' സെപ്തംബര്‍ 30 നാണ് തിയറ്ററുകളിലെത്തിയത്. കര്‍ണാടകയില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകള്‍ കാണാനും പ്രേക്ഷകര്‍ നിരവധിയാണ്. റിഷബ്, കിഷോര്‍, അച്യുത് കുമാര്‍, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെജിഎഫ് ഒരുക്കിയ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തിലെത്തിച്ചത്.