'നല്ല സിനിമ നല്ല നാളെ' എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂന്നി പങ്കാളിത്തത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കാനായി 2025 ഓഗസ്റ്റ് 2, 3 തിയതികളിലായി കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടത്തുന്ന കോൺക്ലേവ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം തുടങ്ങിയ ഇടങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും.
advertisement
ജർമ്മനി, യുകെ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ഫിലിം പ്രതിനിധികളുണ്ടാകും. എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രകാശ് മഖ്തും, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സയീദ് അക്തർ മിർസ, സുഹാസിനി മണിരത്നം, ഹൻസൽ മെഹ്ത, റസൂൽ പൂക്കുട്ടി, ആശിഷ് കുൽകർണി, ഉദയ് കൗശിഷ്, സൊനാലി ബാവ, അഭിജിത് ദേശ്പാണ്ഡെ, രേവതി തുടങ്ങിയവർ പാനലിസ്റ്റുകളാകും.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്ര ചർച്ചകൾ
1. മലയാളസിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലും
2. തൊഴിൽ-കരാർ-പണിയിടം
3. നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും
4. നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും
സബ് പാനൽ - പ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കൽ
5. തിയേറ്ററുകൾ - ഇ-ടിക്കറ്റിംഗ് - വിതരണക്കാർ - പ്രദർശകർ: മലയാള സിനിമയുടെ തിയേറ്റർ രംഗത്തിൻ്റെ കാര്യക്ഷമതയ്ക്കുള്ള വിപണി അധിഷ്ഠിത പരിഷ്കാരങ്ങൾ
6. സുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലും
7. സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവും
8. ഫിലിം ടൂറിസം - സോഫ്റ്റ് ഇക്കണോമിക് പവർ - ആഗോളവ്യാപകമായ നിർമാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക,
9. ചലച്ചിത്ര വിദ്യാഭ്യാസവും സമൂഹ പങ്കാളിത്തവും-ചലച്ചിത്രമേളകൾ, ഫിലിം സൊസൈറ്റികൾ ഇവയുടെ പങ്ക്
ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, സാമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐഎഎസ്, നിർമാതാവ് ജി. സുരേഷ് കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, സംവിധായകരായ ടി.കെ. രാജീവ് കുമാർ, ഡോ. ബിജു, വി.സി. അഭിലാഷ്, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഡോ. വാസുകി, ഡോ. ദിവ്യ എസ്. അയ്യർ, സരസ്വതി നാഗരാജൻ, സ്വപ്ന ഡേവിഡ്, ആർ. പാർവതിദേവി, എം.വി. നികേഷ് കുമാർ തുടങ്ങിയവർ സെഷനുകൾ മോഡറേറ്റ് ചെയ്യും.
ആദ്യ ദിനം വൈകുന്നേരം പ്രതിനിധികൾക്കായി നവ്യ നായർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി അരങ്ങേറും. രണ്ടാം ദിനം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സിനിമയെ സംബന്ധിച്ച് കേരള സർക്കാരിൻ്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിൻപറ്റിയാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. അടൂർ കമ്മിറ്റിയുടേത് അടക്കമുള്ള റിപ്പോർട്ടുകൾ സിനിമാ നയം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. 2023 ജൂണിൽ സിനിമാ നയത്തിനായി ഒരു പാനൽ രൂപീകരിച്ചിരുന്നു. 75 ഓളം വിഷയങ്ങളിലായി സിനിമയിലെ സമഗ്ര മേഖലകളിലെയും സംഘടനകളും വ്യക്തികളുമായി കേരളത്തിലുടനീളം വിപുലമായ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.
തൈക്കാട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, കേരള സംസ്ഥാന ചലച്ചിത്ര പ്രവർത്തന ക്ഷേമനിധി ചെയർമാൻ കെ. മധുപാൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.