പാട്ടിന്റെ ലോകത്തേക്ക് കടന്നുവന്നത് എങ്ങനെയാണ്?
എനിക്ക് എഴുതാൻ കഴിവുണ്ടെന്ന് കണ്ടുപിടിച്ചത് ഭർത്താവാണ്. കഴിഞ്ഞ വർഷം ഒരു കസിൻ ബ്രദറിന്റെ വിവാഹത്തിന് വേണ്ടിയാണ് ആദ്യമെഴുതിയത്. ശങ്കർ തന്നെയാണ് ഈണമിട്ടത്. പിന്നീട് ഒരു പാട്ട് തയ്യാറാക്കുന്നതിനിടെ എഴുതിനോക്കാൻ ശങ്കർ ആവശ്യപ്പെടുകയായിരുന്നു. എഴുതി വന്നപ്പോൾ അത് കൊള്ളാമെന്നായി ശങ്കർ. അങ്ങനെ ആദ്യഗാനം ഒരുങ്ങി. എന്നാൽ സിനിമ മുടങ്ങിയതോടെ പാട്ട് പുറത്തുവന്നില്ല. ശങ്കർ വേറെ സിനിമകൾ ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ശങ്കർ സണ്ണി സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നതിനിടെ വെറുതെ എഴുതിയ വരികളാണ്. കൊള്ളാമെന്ന് ശങ്കർ പറഞ്ഞു. സംഗീതസംവിധായകൻ ഭർത്താവായതുകൊണ്ട് എനിക്ക് എഴുതാനൊന്നും ടെൻഷനുണ്ടായില്ല. രഞ്ജിത് ശങ്കറിന് അയച്ചുകൊടുത്തപ്പോൾ വരികൾ അംഗീകരിക്കുകയായിരുന്നു. പിന്നീട് മധു നീലകണ്ഠനും ജയസൂര്യയുമൊക്കെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് വലിയ എക്സൈറ്റ്മെൻഡായി.
advertisement
പാട്ടെഴുത്തിലേക്ക് കടന്നുവരാൻ ആഗ്രഹിച്ചിരുന്നോ?
അങ്ങനെ ആഗ്രഹത്തോടെ വന്ന മേഖലയല്ല ഗാനരചനാരംഗം. ഒരു കൗതുകത്തിനാരംഭിച്ചതാണ്. ഈ രംഗത്ത് പരിചയസമ്പന്നരും ഗുരുതുല്യരുമായവർ നന്നായി എന്ന് പറഞ്ഞു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി.
സണ്ണിയിലെ ഗാനങ്ങൾ ആവിഷ്കരിച്ചത് എങ്ങനെയാണ്?
കഥയിലെ ഗാനങ്ങളുടെ സാഹചര്യം വ്യക്തമായ രീതിയിൽ നരേറ്റ് ചെയ്തിരുന്നു. ആ സോളോ കഥാപാത്രം അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ എല്ലാം വിവരിച്ചു തന്നിരുന്നു. എഴുതി നോക്കിയപ്പോൾ എന്തുകൊണ്ടോ ശരിയായി. ട്യൂണും നരേഷനും കൊണ്ടാണ് എന്തെങ്കിലും എഴുതാൻ സാധിച്ചത്. ഹസ്ബൻഡും ഹരിശങ്കറുമായിരുന്നു ഗായകർ. പാട്ട് തയ്യാറായിക്കഴിഞ്ഞപ്പോൾ ഞാൻ എഴുതിയപ്പോൾ ഉള്ളതിനേക്കാൾ മനോഹരമായി തോന്നി. നീ വരും എന്ന ഗാനമാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടമായത്. എന്നാൽ ഇനി ദൂരം എന്ന പാട്ടാണ് എനിക്ക് ഏറെ ഇഷ്ടം.
വായന എത്രത്തോളം പാട്ടെഴുത്തിന് സഹായകമായി?
വായിക്കുന്ന ശീലം മുമ്പേയുണ്ട്. കവിതകൾ ഏറെ വായിച്ചിരുന്നില്ല. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളാണ് വായിച്ചത്. ബെസ്റ്റ് സെല്ലേഴ്സ് എല്ലാം വായിക്കാറുണ്ട്. കൂടുതലും നോവലും കഥകളുമാണ്.
ഇഷ്ടപ്പെട്ട ഗാനരചയിതാക്കൾ?
ഗിരീഷ് പുത്തഞ്ചേരി എക്കാലത്തെയും ഫേവറിറ്റാണ്. ക്യൂൻ, കോൾഡ് പ്ലേ, വൺ ഡയറക്ഷൻ തുടങ്ങിയ ബാൻഡുകൾ ഏറെ ഇഷ്ടമാണ്.
പുതിയ പ്രോജക്ടുകൾ?
സായാഹ്നവാർത്തകൾ എന്ന സിനിമയിൽ എഴുതി. രഞ്ജിത് ശങ്കറിന്റെ ഫോർ ഇയേഴ്സ് എന്ന സിനിമയിലും എഴുതുന്നുണ്ട്. കുറച്ചു ജിംഗിളുകൾ എഴുതി. കുഞ്ഞായതോടെ എഴുത്ത് കുറച്ചു നിർത്തി വയ്ക്കുകയായിരുന്നു. ഹൃദയ് ശങ്കർ എന്നാണ് മോന് പേരിട്ടത്. ഇപ്പോൾ ആറുമാസമായതേയുള്ളൂ.
പാട്ടെഴുത്തല്ലാതെ എഴുത്തിന്റെ മേഖലകൾ?
കുറച്ചു പ്രൈവസി ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. പാട്ടെഴുത്തല്ലാതെ മറ്റൊന്നും ആലോചനയിലില്ല. പൊതു കാര്യങ്ങളിൽ ഇടപെടാൻ അൽപം ഭയവുമുണ്ട്.