അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി സരിക (Sarika) തിരിച്ചുവരികയാണ്. അമേരിക്കൻ ആന്തോളജി വെബ് സീരീസായ മോഡേൺ ലവിൽ (Modern Love) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന മോഡേൺ ലവ് മുംബൈ (Modern Love Mumbai) എന്ന സീരീസിലൂടെയാണ് സരിക തിരിച്ചുവരവ് നടത്തുന്നത്. സീരീസിലെ അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന മൈ ബ്യൂട്ടിഫുൾ റിങ്കിൾസ് (My Beautiful Wrinkles) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയാണ് സരിക അവതരിപ്പിക്കുന്നത്. പുറത്ത് വന്നിട്ടുള്ള ട്രെയിലർ അനുസരിച്ച് 60 വയസ്സുകാരിയായ സ്ത്രീയും 20കാരനായ യുവാവും തമ്മിലുള്ള പ്രണയമാണ് ഈ ചിത്രം പറയുന്നതെന്ന് വ്യക്തമാണ്. 60കാരിയായ ദിൽബറിനെ സരിക അവതരിപ്പിക്കുമ്പോൾ 20കാരനായ കുനാലിനെ ഡാനിഷ് റസ‍്‍വിയാണ് അവതരിപ്പിക്കുന്നത്.
advertisement
മുതിർന്ന സ്ത്രീയും യുവാവും തമ്മിലുള്ള പ്രണയം അത്ര പുതുമയുള്ള വിഷയമൊന്നുമല്ല. ദിൽ ചാഹ്താ ഹെയും അലംകൃതയുടെ തന്നെ ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖയുമൊക്കെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. എന്നാൽ ഇതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമാണ് മൈ ബ്യൂട്ടിഫുൾ റിങ്കിൾസിൻെറ പ്രമേയമെന്ന് സംവിധായിക പറയുന്നു. “ഇത് വളരെ പുതുമയുള്ള പ്രമേയമാണെന്നാണ് എൻെറ വിശ്വാസം. ഇതിലെ നായിക തൻെറ മധ്യവയസ്സിലൂടെ കടന്ന് പോകുന്നയാളാണ്. തുടക്കത്തിൽ അവരുടെ ജീവിതത്തിൽ എല്ലാം ശരിയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ വെച്ച് അവർക്ക് ജീവിതത്തോട് വല്ലാത്ത വിരക്തി തോന്നുന്നു. എന്നാൽ ഡാനിഷുമായുള്ള (കുനാൽ) കൂടിക്കാഴ്ച അവരുടെ ജീവിതത്തെ വല്ലാതെ മാറ്റിമറിക്കുന്നു. അതാണ് പിന്നീട് അവരെ മുന്നോട്ട് നയിക്കുന്നത്,” അലംകൃത വിശദീകരിച്ചു.
ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ തിരക്കഥ രൂപപ്പെട്ടതെന്നും അലംകൃത വ്യക്തമാക്കി. തനിക്ക് ഇതുമായി വല്ലാത്ത ആത്മബന്ധം തോന്നിയത് കൊണ്ടാണ് ഈ കഥ തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു. “ദിൽബറിൻെറ ജീവിത യാത്രയോട് എനിക്ക് വല്ലാത്ത അടുപ്പം തോന്നി. നമ്മുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളും വളരെ സാമ്പ്രദായികമായ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്നതാവണമെന്നില്ല. നമ്മൾ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമ്മെ മാറ്റിമറിക്കും. അങ്ങനെ നമ്മൾ കൂടുതൽ മനോഹരമായി ജീവിതത്തിൽ മുന്നോട്ട് പോവും,” അലംകൃത വ്യക്തമാക്കി.
സരികയെ തൻെറ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കൊണ്ടുവരികയാണ് മൈ ബ്യൂട്ടിഫിൾ റിങ്കിൾ. ഈ കഥാപാത്രം വെല്ലുവിളികൾ നിറഞ്ഞതാണോയെന്ന് ചോദിക്കുമ്പോൾ സരികയുടെ ഉത്തരം ഇങ്ങനെയാണ്. “സത്യസന്ധമായി പറഞ്ഞാൽ വെല്ലുവിളി, ആളുകൾ ഉൾക്കൊള്ളുമോ എന്ന ഭയം... ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല. സമൂഹത്തിൻെറ ചില കോണുകളിൽ ഇത്തരം വിഷയങ്ങളോട് മുഖം തിരിച്ച് നിൽക്കുന്നവരുണ്ടാവും. എന്നാൽ വേറൊരു വിഭാഗം ഇത്തരം ബന്ധങ്ങളെയൊക്കെ അതിൻേറതായ അർഥത്തിൽ ഉൾക്കൊള്ളുന്നവരാണ്. അങ്ങനെ നോക്കുമ്പോൾ ഇതൊരിക്കലും വെല്ലുവിളിയല്ല,” സരിക പറഞ്ഞു. “ഓ... ഇത് വല്ലാത്ത കഥയാണല്ലോ... എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം വരുന്നത്. പക്ഷേ അങ്ങനെ കാണേണ്ടതില്ല. ജീവിതത്തോട് ചേർന്ന് കിടക്കുന്ന വളരെ മനോഹരമായ മുഹൂർത്തങ്ങളാണിത്,” സരിക വ്യക്തമാക്കി.
ദിൽബറിൻെറയും കുനാലിൻെറയും ബന്ധത്തെക്കുറിച്ച് സരികയ്ക്ക് പറയാനുള്ളത് ഇതാണ്: “നിങ്ങൾക്ക് അവരുടെ ബന്ധത്തെ വെറും പ്രണയമായൊന്നും ഒതുക്കാൻ കഴിയില്ല. അവൻ അവളിൽ അനുരക്തയായെന്നോ അവൾ അവനിൽ അനുരക്തയായെന്നോ നിങ്ങൾക്ക് പറയാനാവില്ല. ഈ കഥ അതിനൊക്കെ അപ്പുറത്താണ്. നിങ്ങൾ ഈ സിനിമ കാണുമ്പോൾ കൃത്യമായി അത് മനസ്സിലാകും.”
മീരാ നായരുടെ എ സ്യൂട്ടബിൾ ബോയ് എന്ന ചിത്രത്തിൽ അഭിനയിച്ച് പ്രശംസ നേടിയിട്ടുള്ള ഡാനിഷാണ് കുനാലിനെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ എളുപ്പത്തിൽ തന്നെ തനിക്ക് ഉൾക്കൊള്ളാനാവുന്ന കഥാപാത്രമാണ് ഇതെന്ന് ബോധ്യപ്പെട്ടിരുന്നതായി ഡാനിഷ് പറയുന്നു. “ഇത് മോഡേൺ ലവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ തന്നെ വലിയ സന്തോഷമായി. ഇത്തരമൊരു കഥാപാത്രം ഞാൻ മുമ്പ് ചെയ്തിട്ടില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഈ കഥാപാത്രത്തോട് വല്ലാത്ത താൽപര്യം തോന്നി,” ഡാനിഷ് പറഞ്ഞു.
ട്രെയിലറിൽ കാണിക്കുന്നില്ലെങ്കിലും അഹ്സാസ് ചന്നയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “സരികയുടെ കൊച്ചുമകളായ സിയയുടെ റോളാണ് ഞാൻ അവതരിപ്പിക്കുന്നത്. അവർ വളരെ മനോഹരമായ വ്യക്തിബന്ധം സൂക്ഷിക്കുന്നവരാണ്. അതിൻെറ ഭംഗി നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം,” അഹ്സാസ് ചന്ന പറഞ്ഞു. അലംകൃത ശ്രീവാസ്തവയുടെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ് ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ആമസോൺ പ്രൈമിൽ മെയ് 13 വെള്ളിയാഴ്ച മുതൽ മോഡേൺ ലവ് മുംബൈ പ്രീമിയർ ചെയ്ത് തുടങ്ങിയിട്ടുണ്ട്.