മലയാള സിനിമയിൽ ആദ്യമായി IMAX (ഐമാക്സ്) റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും എമ്പുരാനുണ്ട് . തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ IMAX ഫോർമാറ്റിൽ ചിത്രം കാണാൻ സാധിക്കും. അബ്രാം ഖുറേഷിയും, പ്രിയദർശിനി രാംദാസും, ജതിൻ രാംദാസും കൂട്ടരും രണ്ടാം വരവിൽ എന്താകും ബാക്കിവച്ചേക്കുക എന്ന കാര്യത്തിൽ പ്രതീക്ഷയേക്കാളുപരി ആകാംക്ഷയാകും പ്രേക്ഷകരെ തിയേറ്ററിലേക്ക് നയിക്കുക. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടും മാർച്ച് 27ന് പ്രദർശനത്തിനെത്തും. വെളുപ്പിന് ആറു മണിക്ക് തന്നെ പ്രേക്ഷകർക്ക് മുന്നിൽ ആദ്യ ഷോയ്ക്ക് തിരിതെളിയും.
advertisement
ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് 'എമ്പുരാൻ' ചിത്രീകരിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഇന്ത്യയിൽ ഗുജറാത്ത്, ഹൈദരാബാദ്, ഫരീദാബാദ്, ഷിംല, ലഡാക്ക്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും, അമേരിക്കയിൽ ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, ലൂസിയാന, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. യു.എ.ഇയിൽ റാസ് അൽ-ഖൈമയിലായിരുന്നു ഷൂട്ടിംഗ്.മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട് അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.