പടയോട്ടത്തിലൂടെയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് തുടക്കം. ശേഷം 80-90 കളിലെ പല ചിത്രങ്ങളിലും ഇവർ ഒന്നിച്ചുള്ള ഫ്രയിമുകൾ വെള്ളിത്തിരയിൽ നിറഞ്ഞു. പാവം പൂർണ്ണിമ, എന്തിനോ പൂക്കുന്ന പൂക്കൾ, അങ്ങാടിക്കപ്പുറത്ത്, അവിടത്തെപ്പോലെ ഇവിടെയും, നമ്പർ 20 മദ്രാസ് മെയിൽ, വാർത്ത, ഹരികൃഷ്ണൻസ് എന്നിങ്ങനെ ഒരുപറ്റം നല്ല ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി. ഹരികൃഷ്ണൻസിനു ശേഷം ഒരു നീണ്ട ഇടവേള ഉണ്ടായി. പിന്നീട് 20-20 എന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിച്ചത്.
advertisement
മമ്മൂട്ടിയും മോഹൻലാലും ശേഷം സ്‌ക്രീനിൽ ഒന്നിച്ചെത്തിയില്ലെങ്കിലും, ശബ്ദ സാന്നിധ്യമായി ഇവരുടെ കൂട്ടുകെട്ട് നിലനിന്നു. മോഹൻലാലിൻറെ ഒടിയനിൽ വിവരണം നൽകുന്നത് മമ്മൂട്ടിയാണ്. നേരത്തെ മോഹന്‍ലാല്‍ ചിത്രമായ 1971 ബീയോണ്ട് ബോര്‍ഡേഴ്‌സിലും മമ്മൂട്ടി ഇത്തരത്തില്‍ ശബ്ദം നല്‍കിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്ന പഴശ്ശി രാജയില്‍ വോയിസ് ഓവര്‍ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു.
മോഹൻലാലിൻറെ അറുപതാം പിറന്നാളിന് മമ്മൂട്ടി പോസ്റ്റ് ചെയ്ത ആശംസാ വീഡിയോയിലെ വാക്കുകൾ ഇതാണ്:
"ഞങ്ങൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് 39 വർഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. എന്റെ സഹോദരങ്ങൾ സംബാധന ചെയ്യുന്നതു പോലെ 'ഇച്ചാക്കാ' എന്നാണ് വിളിക്കുന്നത്. പലരും അങ്ങനെ വിളിക്കാറുണ്ട്. എന്നാൽ ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം. എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും."
"ചില്ലറ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഇല്ലാതാകും. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ അനഗ്രഹം വാങ്ങാൻ വന്നത് മറക്കാനാകില്ല," മമ്മൂട്ടി പറഞ്ഞു.