ഒരു റിട്ടയേര്‍ഡ് പൊലീസ് ഓഫീസറുടെ സ്വകാര്യ ജീവിതം ഇത്രമേല്‍ ത്രില്ലറായി പ്രേക്ഷകനെ അമ്പരപ്പിക്കുമോ?. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് കണ്ടപ്പോള്‍ ആദ്യം മനസില്‍ തോന്നിയത് അങ്ങനെയാണ്. മുറിവേറ്റ ഹൃദയവുമായി ജീവിക്കുന്ന മനുഷ്യനാണ് ജോസഫ്. മാന്‍ വിത്ത് ദി സ്‌കാര്‍ എന്ന ടാഗ് ലൈന്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നുമുണ്ട് 'ജോസഫ്'. ഉണങ്ങാത്ത മുറിപ്പാടുകള്‍ മനസിനെ ഉലയ്ക്കുമ്പോഴും ജോസഫിലെ സമര്‍ത്ഥനായ കുറ്റാന്വേഷകന്‍ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്. 'വിരമിച്ച പൊലീസുകാരന് കുറ്റാന്വേഷണത്തില്‍ എന്ത് പ്രസക്തി' എന്നൊരു ചോദ്യം പടം കാണും മുമ്പ് മനസില്‍ തോന്നിയേക്കാം. പക്ഷെ, ജോസഫിന് തിരശ്ശീല വീഴുമ്പോള്‍ അതും അതിനപ്പുറവുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന് ഉറപ്പ്.
advertisement
ഭാര്യയും മകളും ഒപ്പമില്ലാത്ത വീട്ടില്‍ മദ്യപിച്ചും പുകവലിച്ചും ഏകാകിയായി കഴിയുന്ന ജോസഫിനെ തേടി പൊലീസ് സൂപ്രണ്ടിന്റെ ഫോണ്‍കോള്‍ എത്തുന്നിടത്ത് നിന്നാണ് സിനിമയുടെ തുടക്കം. ഒരു വീട്ടില്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആ വീട്ടിലേക്ക് ജോസഫ് അടിയന്തരമായി എത്തണമെന്നതാണ് എസ്.പിയുടെ നിര്‍ദ്ദേശം. തന്റെ പഴയ ബജാജ് ചേതക് സ്‌കൂട്ടര്‍ ജോസഫ് സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ പ്രേക്ഷകന്‍ ആകാംക്ഷയിലേക്ക് മൂക്കും കുത്തി വീഴും.
ഫ്ലാഷ്ബാക്കിലെ കുടുംബാന്തരീക്ഷത്തില്‍ സിനിമയുടെ മൂഡ് മാറുന്നുണ്ട്. എങ്കിലും ത്രില്ലര്‍ സ്വഭാവം മാറുന്നില്ല. ജോസഫിന്റെ ജീവിതത്തില്‍ യാദൃശ്ചികമായി പലതും സംഭവിക്കുന്നുണ്ട്. കുറ്റാന്വേഷകന്റെ കണ്ണിലൂടെ ആ യാദൃശ്ചികതകള്‍ കൂട്ടിയിണക്കുകയാണ് ജോസഫ്. ഓരോ അന്വേഷണത്തിലും ജോസഫ് സ്വീകരിക്കുന്ന ചില കുറുക്കുവഴികളുണ്ട്. അത് വിശ്വസനീയമായും പ്രൊഫഷണലായും പത്മകുമാര്‍ സ്‌ക്രീനിലെത്തിച്ചു.
കള്ളടിക്കുന്ന, കഞ്ചാവ് വലിക്കുന്ന, ഏകാകിയായ ജോസഫെന്ന മധ്യവയസ്‌കന്‍ ജോജുവിന്റെ കരിയര്‍ ബെസ്റ്റാണ്. കാമുകനായും ഭര്‍ത്താവായും അച്ഛനായും ജോജു പതിവു ശൈലിയിലാണ്. പക്ഷെ, സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള 'ജോസഫി'ലേക്കുള്ള ജോജുവിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ അതിഗംഭീരം. നരച്ചു നീണ്ട മീശയും താടിയും കണ്ണുകളിലെ തീക്ഷ്ണതയും ശരീരഭാഷയുമൊന്നും ജോജുവിന്റേതല്ല; ജോസഫിന്റേതാണ്.
'റോസ് ഗിറ്റാറിനാല്‍' എന്ന ചിത്രത്തില്‍ നായികയായിരുന്ന ആത്മിയയാണ് ജോസഫിന്റെ ഭാര്യ. മുമ്പ് ചില മലയാള ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള മാധുരിയെന്ന മാദകസുന്ദരിക്ക് ജോസഫിന്റെ കാമുകിയായി ലീഡ് റോള്‍ കിട്ടി. അതവര്‍ ഭംഗിയാക്കുകയും ചെയ്തു. നായകന്റെ കൂട്ടുകാരായി ഇര്‍ഷാദും സുധി കോപ്പയും തകര്‍ത്തു. എങ്കിലും, ദിലീഷ് പോത്തന്റെ പുതിയ മുഖവും ഭാവവും ജോസഫിന് മുതല്‍ക്കൂട്ടായി.
പൊലീസുകാരനായ ഷാഹി കബീറിന്റേതാണ് തിരക്കഥ. ജീവിതത്തില്‍ പൊലീസുകാരനായത് കൊണ്ടാവണം, ജോസഫിന്റെ കുറ്റാന്വേഷണം പഴുതില്ലാതെ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തിരക്കഥ തന്നെയാണ് ജോസഫിന്റെ ശക്തി.
രണ്ടര മണിക്കൂറുള്ള ജോസഫ് നിര്‍മ്മിച്ചതും ജോജുവാണ്. 'പണ്ട് പാടവരമ്പത്തിലൂടെ' എന്ന പാട്ടിലൂടെ ജോജു പിന്നണി ഗായകനുമായി. ഭാഗ്യരാജാണ് ആ പാട്ടെഴുതിയതും സംഗീതം ചെയ്തതും. അജീഷ് ദാസന്റെ മറ്റൊരു നല്ലപാട്ടുമുണ്ട് പടത്തില്‍. രഞ്ജിന്‍ രാജാണ് മറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് മനേഷ് മാധവന്റെ ഛായാഗ്രഹണവും അനില്‍ ജോണ്‍സണിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു.