ശാപം പേറി നശിച്ച കാഞ്ഞിരങ്ങാട് തറവാട്ടിലെ ഇളയവൻ ധ്രുവൻ തമ്പുരാന്റെ (ഷൈൻ ടോം ചാക്കോ) വേളിയായി കയറിവരുന്ന കുമാരി (ഐശ്വര്യ ലക്ഷ്മി) താൻപോലും അറിയാതെ എന്തെല്ലാമോ ദൗത്യങ്ങൾക്കായി നിയോഗിക്കപ്പെടുകയാണ്. അവളുടെ വരവിനായി പന്ത്രണ്ട് തലമുറകളുടെ കാത്തിരിപ്പുണ്ട്.
വിവാഹശേഷം മാടമ്പള്ളിയിൽ ഭർത്താവുമൊത്ത് താമസിക്കാൻ വരുന്ന ഗംഗയിലേക്ക് ചിന്ത പോവുക സ്വാഭാവികം. നിഷേധിക്കപ്പെട്ട ഇടങ്ങളിൽ കയറിച്ചെല്ലാനുള്ള കൗതുകം വരെ ഇവർ തമ്മിലെ സമാനതകൾ കടന്നു പോകും. പക്ഷെ കുമാരിയുടെ വഴി ഗംഗയുടേതല്ല.
സിനിമയിൽ പലതരം ഫോർമാറ്റുകൾ പരീക്ഷിക്കുന്നതിൽ കൗതുകമുള്ള പൃഥ്വിരാജിന്റെ പിന്തുണയുള്ള ചിത്രം, ഫോർമാറ്റ് പരീക്ഷണത്തിൽ വിജയിച്ചു എന്ന് പറഞ്ഞുകഴിഞ്ഞാൽ മറ്റുകാര്യങ്ങളിലേക്ക് കടക്കാം. മികച്ച ക്യാമറ, ലൈറ്റിങ്, ശബ്ദ സംവിധാനം, രംഗപശ്ചാത്തലം, വിഷ്വൽ എഫക്ട് തുടങ്ങി അഭിനയത്തിൽ വരെ കയ്യൊപ്പു ചാർത്തിയപ്പോൾ എവിടെയോ അടിതെറ്റി. ആ ഉത്തരം തിരക്കഥയിൽ നിന്നും കണ്ടെത്തണം. ഇത്രയുമുണ്ടായിട്ടും തീർത്തും അലക്ഷ്യമായി കൈകാര്യം ചെയ്ത തിരക്കഥ സിനിമയെ പൂർണ്ണതയിലെത്തിക്കുന്നതിൽ പിന്നോക്കമാക്കി.
advertisement
രണ്ടാം പകുതിയിലേക്കുള്ള ഇടവേള അവസാനിക്കുന്നിടത്ത് സിനിമയുടെ പോക്ക് കൃത്യമായി ഊഹിക്കാൻ കുട്ടി പ്രേക്ഷകർക്ക് പോലും സാധ്യമായേക്കും. പ്രൊഫഷണൽ നാടകങ്ങൾ പരിചയിച്ചവർക്ക് 'കുമാരി'യിൽ ഒരു ഓപ്പൺ എയർ നാടകം അനുഭവേദ്യമാകും. നാടകമായി അവതരിപ്പിച്ചാൽ, എന്തുകൊണ്ടും ആളെപ്പിടിച്ചിരുത്താനുള്ള എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്. അതുമല്ലെങ്കിൽ ഒരു ഹൊറർ, ഫാന്റസി ടി.വി. സീരിയൽ ഫോർമാറ്റിലും ചേർന്നുപോകും. പക്ഷെ സിനിമാ രൂപത്തിലേക്ക് വരുമ്പോൾ ശ്രദ്ധ നൽകേണ്ട ഇടങ്ങളിൽ അതില്ലാതെ പോയാൽ എന്ത് സംഭവിക്കും എന്നും ഇവിടെ കാണാം.
എങ്കിൽ സൂപ്പർ ഹീറോ, മിത്ത്, അതീന്ദ്രിയ ശക്തികളുടെ കഥകൾക്ക് കേരളത്തിൽ ഇപ്പോഴും കയ്യടി കിട്ടുന്നില്ലേ എന്ന ചോദ്യം തീർത്തും സ്വാഭാവികം. അതേ, കിട്ടുന്നുണ്ട്. പക്ഷെ അതൊക്കെയും കാഴ്ചക്കാരനെ കൂടി ബോദ്ധ്യപ്പെടുത്തുന്ന ഒരു ആഖ്യാനശൈലിയുടെ പിൻബലത്തിലായിരുന്നു എന്ന് കൂടി ഓർമ്മപെടുത്തട്ടെ.
അനന്തഭദ്രം, ഉറുമി സിനിമകളിൽ നിന്നുള്ള ചില ഏടുകൾ അവിടെയും ഇവിടെയുമായി ഓർമ്മവരുന്നതൊഴിച്ചാൽ, സർപ്രൈസ്, സസ്പെൻസ് സങ്കേതങ്ങൾ കാത്തിരിക്കുന്നവർ നിരാശരായേക്കും.
സ്ക്രിപ്റ്റിലെ പാളിച്ച മാറ്റിയാൽ, ഷൈൻ ടോം ചാക്കോയുടെ ധ്രുവൻ, ഐശ്വര്യയുടെ കുമാരി, ശിവജിത് പത്മനാഭന്റെ തുപ്പൻ തമ്പുരാൻ, ജിജു ജോണിന്റെ മൂത്ത തമ്പുരാൻ, സുരഭി ലക്ഷ്മിയുടെ ഇല്ലിമല ചാത്തന്റെ സേവക തുടങ്ങിയ വേഷങ്ങൾ മികവുറ്റതാണ്.
ഷൈൻ പേരുപോലെ തന്നെ തന്റെ കഥാപാത്രത്തെ തിളക്കമുള്ളതാക്കി. മനസ്സിനെ പിടിച്ചുകെട്ടാൻ മരുന്നുകളുടെ ബലത്തിൽ ജീവിക്കുന്ന, വീട്ടുകാരും നാട്ടുകാരുമടക്കം പരിഹസിക്കുകയും പഴിചാരുകയും ചെയ്യുന്ന ധ്രുവൻ തമ്പുരാനിൽ അധികാരം കൈവരുമ്പോൾ സംഭവിക്കുന്ന ട്രാൻസ്ഫോർമേഷൻ നല്ല നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ഓരോ ഘട്ടത്തിലും അതിന് അനുയോജ്യമായ ബോഡി ലാംഗ്വേജ് പ്രകടമാക്കാൻ ഷൈൻ ടോം ചാക്കോ മറന്നില്ല. ഒരേ സിനിമയിൽ തന്നെ ഹീറോ, വില്ലൻ പരിവേഷങ്ങൾ ഷൈൻ നല്ല നിലയിൽ അഭിനയിച്ചു മുഴുമിപ്പിച്ചു.