കൂട്ടുകാരനും സഹപാഠിയുമായ പീയുഷ് കല്ലുവിന്റെ ആഗ്രഹത്തിന് തുണയായി അവൾക്കൊപ്പം പമ്പയ്ക്ക് വണ്ടികയറുന്നു. ഇത്രയും ചെറിയ കുഞ്ഞുങ്ങൾ എങ്ങനെ സന്നിധാനം വരെയെത്തും എന്ന കാഴ്ച വലിയ അത്ഭുതങ്ങൾ കുത്തിക്കയറ്റാത്ത രണ്ടു മണിക്കൂറിൽ രസകരമായി അവതരിപ്പിച്ചുകൊണ്ടുള്ള കൊച്ചു ചിത്രമാണ് ‘മാളികപ്പുറം’.
വിദേശ ചിത്രങ്ങൾ കുട്ടികൾക്ക് നൽകുന്ന പ്രാധാന്യം കണ്ട് ചലച്ചിത്ര മേളകളിലും മറ്റും പോയി കയ്യടിച്ചു കൂട്ടുന്ന നമ്മൾ, മലയാള സിനിമയിൽ എപ്പോഴാണ് കുട്ടികൾക്ക് മാത്രമായി ഒരു സിനിമ ഏറ്റവും ഒടുവിൽ ഉണ്ടായത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവുമെങ്കിലും, അതേക്കുറിച്ച് പ്രേക്ഷകർ അറിയണമെങ്കിൽ ആണ്ടിലൊരിക്കൽ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉണ്ടാവാനായി കാത്തിരിക്കേണ്ടി വരും എന്നത് യാഥാർഥ്യം. ആ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പൊന്നും വാരി പോകുന്ന കാഴ്ചയും വിരളം. മുഖ്യധാരയിലെ കാഴ്ചയെക്കുറിച്ച് ഇരുത്തി ചിന്തിച്ചാലും എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് അല്ലെങ്കിൽ മാളൂട്ടി വരെ പിറകോട്ടു പോയി തിരികെവരേണ്ടി വരും എന്നതാണ് അവസ്ഥ.
advertisement
ടാബും മൊബൈലും സ്വൈപ്പ് ചെയ്ത്, വിദേശ നിർമിത പാവയും കളിപ്പാട്ടങ്ങളും ആവശ്യപ്പെടാത്ത കുട്ടികളാണ് കല്ലുവും പീയുഷും. അവരുടെ വീട്ടിൽ തന്നെ ഒരു സ്മാർട്ട് ഫോൺ ഉണ്ടോ എന്ന കാര്യം സംശയം. തീർത്തും ഗ്രാമീണരായി, ഇല്ലായ്മകൾ അറിഞ്ഞു വളർന്ന്, സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലെ സ്വപ്‌നങ്ങൾ യാതൊന്നും തന്നെയില്ല. അവർക്ക് ഹീറോ അവരുടെ അയ്യപ്പൻ മാത്രം.
സമീപകാല കേരളത്തിൽ കൊച്ചുകുട്ടികൾ തനിച്ചിറങ്ങി പുറപ്പെട്ടാൽ എന്ത് സംഭവിക്കും എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണങ്ങൾ വാർത്തയിൽ കാണുമ്പോൾ, ഫാന്ടസിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ച സിനിമാക്കഴ്ചയാണിത്. ഇതിനു മേമ്പൊടിയാവാൻ, വി.എഫ്.എക്‌സും ത്രീ ഡിയും ഒന്നുമില്ല, സാധാരണ മനുഷ്യർ മാത്രം.
യാത്രാമധ്യേ അവർ പരിചയപ്പെടുന്ന ഹീറോ അഥവാ സൂപ്പർഹീറോ (ഉണ്ണി മുകുന്ദൻ) കൂടി ചേരുന്നതും സിനിമ അതിന്റെ രസവും ആകാംക്ഷയും നിറഞ്ഞ കാഴ്ചകളിലേക്ക് കടക്കുകയാണ്. ആക്ഷൻ ചട്ടക്കൂടിൽ നിന്നും മെല്ലെ പുറത്തേക്കു വരുന്ന ഉണ്ണിക്കായി രാജമൗലിയുടെ RRRലെ രാം ചരണിനെ ഓർമ്മപ്പെടുത്തുന്ന ഒരു രംഗം സിനിമയിൽ ഉണ്ട്.
സ്ക്രിപ്റ്റിലും, അതുകൊണ്ട് നിർമിച്ച ഓരോ ഷോട്ടിലും നിറയുന്ന നൈർമല്യം തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എടുത്തുപറയാൻ കഴിയുക. പേരിനു വേണ്ടി എവിടെയെങ്കിലും ഒരിടത്ത് കുട്ടികളെ കാണിച്ച്, ശേഷം വേറെ റൂട്ടിലോടിച്ച് പടം അവസാനിപ്പിക്കുന്ന പരിപാടി ഇവിടെയില്ല. ദേവനന്ദ, ശ്രീപഥ്, ഇവർ രണ്ടുപേരും കുട്ടിത്തമുള്ള കുട്ടികളായ കല്ലുവും പീയുഷ്‌മായി പ്രേക്ഷകരുടെ ഹൃദയത്തെ സ്പർശിക്കും. കുട്ടികളുടെ മനസറിഞ്ഞ് അവരിലൊരാളായി മാറുന്ന ഉണ്ണി മുകുന്ദൻ കഥാപാത്രം കൂടിയാവുമ്പോൾ ‘മാളികപ്പുറത്തിന്’ മാധുര്യമേറും.
കന്നിചിത്രം എന്ന നിലയിൽ സംവിധായകൻ വിഷ്ണു ശശി ശങ്കർ, പ്രധാന ഓഡിയൻസായ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായാണ് വരവ്. ക്യാമറയും എഡിറ്റിംഗും ഉൾപ്പെടുന്ന വിഭാഗങ്ങൾ സിനിമയെ തനിമചോരാതെ സ്‌ക്രീനിൽ എത്തിക്കുന്നതിൽ നല്ലൊരു ഭാഗം നിർവഹിച്ചിട്ടുണ്ട്.
സിനിമയുടെ ഗാനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ചിത്രത്തിന്റെ മൂഡിന് മാത്രം ചേരുന്ന തരത്തിലെന്നതിനെക്കവിഞ്ഞ് മണ്ഡലകാലത്ത് അയ്യപ്പഭക്തർ ഏറ്റുപാടുക ഈ ഗാനങ്ങളാവുമെന്ന് ഉറപ്പിക്കാം. സന്തോഷ് വർമയുടെ വരികളോട് അത്യന്തം നീതിപുലർത്തുന്ന ചടുലതയുണ്ട് രഞ്ജിൻ രാജിന്റെ ഈണങ്ങൾക്ക്. ‘ഗണപതി തുണയരുളുക’ എന്ന ഗാനം തന്നെ ഉദാഹരണം.
വില്ലൻ വേഷത്തിൽ തമിഴ് നടൻ സമ്പത് റാം നല്ല അഭിനയം കാഴ്ചവയ്ക്കുമ്പോൾ, ‘മാമനും മോളും’ ഡാൻസ് വീഡിയോയിലൂടെ ശ്രദ്ധ നേടിയ ‘അരുൺ മാമൻ’ സിനിമയിലും ‘മാമനായി’ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുന്നു. റോളുകൾക്ക് ദൈർഘ്യം എത്രയുണ്ടെന്നത് മാറ്റിനിർത്തിയാൽ, രമേഷ് പിഷാരടി, ടി.ജി. രവി, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, മനോജ് കെ. ജയൻ, രൺജി പണിക്കർ, വിജയ കൃഷ്ണൻ, മനോഹരി ജോയ്, മഞ്ജുഷ, ആൽഫി പഞ്ഞിക്കാരൻ എന്നിവർ ഏൽപ്പിച്ച വേഷങ്ങളെ നല്ലരീതിയിൽ സ്‌ക്രീനിലെത്തിച്ചു.
പുതുവർഷത്തിൽ കുട്ടികളുടെ കയ്യുംപിടിച്ച് തിയേറ്ററിൽ പോകാൻ കാത്തിരിക്കുന്നവർക്കായി നല്ലൊരു തുടക്കമാവും ‘മാളികപ്പുറം’.