തകർപ്പൻ സീനുകളും മാസ് ഡയലോഗുകളുമായി പുറത്തിറങ്ങിയ ട്രെയ്‌ലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന ചിത്രമായിരിക്കും വൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കരുത്തനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement
വൺ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി പങ്കു വെച്ചിരുന്നു.
കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം 'വൺ' മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. വൺ എന്ന സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് 'വൺ'. ഇതിന് മുൻപും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.
മമ്മൂട്ടി പിണറായി വിജയനെ വെള്ളിത്തിരയിൽ അവതരിപ്പിക്കും എന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. പിണറായി വിജയന്റെ രൂപത്തിലെ നടൻ മമ്മൂട്ടിയുടെ സ്കെച്ച് 2020 ഏപ്രിൽ മാസത്തിൽ വൈറലായിരുന്നു. സേതു ശിവാനന്ദൻ എന്ന കലാകാരൻ ഭാവനയിൽ സൃഷ്‌ടിച്ച സ്കെച്ചായിരുന്നത്. "മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായി നമ്മുടെ സ്വന്തം മമ്മുക്ക വന്നാൽ (എന്റെ കാഴ്ചപ്പാടിൽ ) എങ്ങനെയായിരിക്കും ലുക്ക് എന്ന് ചെയ്തു നോക്കിയതാണ് ... സിനിമക്ക് വേണ്ടി ചെയ്ത കോൺസെപ്റ് ചിത്രമല്ല ഇത്." എന്ന് കലാകാരൻ വിശദീകരണവും നൽകിയിരുന്നു.
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന 'ദി പ്രീസ്റ്റ്' എന്ന ചിത്രം നിലവിൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ പുരോഹിതനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടു കൂടി പ്രദർശനം തുടരുകയാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.
