WWE താരങ്ങളായ ബിഗ് ഷോയും, സ്‌റ്റെഫാനി മെക്മോഹനും ആണ് ഇവിടെ നകുലനും ഗംഗയും ആവുന്നത്. അജ്മൽ സാബുവിന്റെ ഭാവനയിൽ വിരിഞ്ഞ ഈ വീഡിയോ ഇന്റർനെറ്റ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ലിപ് സിങ്ക് വരെ ചേർന്ന് പോകുന്നു എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. സിനിമയിൽ എഡിറ്ററായ അജ്മലിന്റെ ചില എഡിറ്റിംഗ് നേരമ്പോക്കുകളുടെ കൂട്ടത്തിലാണ് ഈ ഗംഗയും നകുലനും പുനർജനിക്കുന്നത്.
അടുത്തിടെ ഹിറ്റായ 'ലവ്, ആക്ഷൻ, ഡ്രാമ'യിലെ 'കുടുക്ക് പൊട്ടിയ കുപ്പായത്തിന്റെ' ടീസർ, ബിജു മേനോൻ ചിത്രം 41 ന്റെ ടീസർ, ട്രെയ്‌ലർ എന്നിവയുടെ എഡിറ്ററാണ് അജ്മൽ.
advertisement
"നാല് വിഡിയോകൾ മിക്സ് ചെയ്താണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. 2013 ലെയും 2015 ലെയും വിഡിയോകളും കൂടാതെ സ്‌റ്റെഫാനിയുടെ മാത്രമായ രണ്ടെണ്ണവും ഉൾപ്പെടുന്നു. ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്തതും വൈറൽ ആയി," അജ്മൽ പറയുന്നു.
പൂനെയിലെ പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പിനിടെ ഒരു രസത്തിന് തുടങ്ങിയതാണ് ബോളിവുഡ് ചിത്രങ്ങളുടെ മാഷ്അപ്പ്. ഒന്നര വർഷമായി ചെയ്യുന്ന വിഡിയോകൾ സ്വന്തം പേജിൽ അപ്‌ലോഡ് ചെയ്യാറുണ്ട് അജ്മൽ. ഒക്കെയും ഹിറ്റായും മാറുന്നുണ്ട്.
വിഡിയോകൾക്കായി സംഗീതം എടുക്കുന്ന അജ്‌മൽ തനിക്ക് സോണി മ്യൂസിക്കിന്റെ അനുമതിയുണ്ടെന്ന് പറയുന്നു. "സോണി മ്യൂസിക്കിന്റെ കോപ്പിറൈറ്റ് കിട്ടിയിട്ടുണ്ട്. പക്ഷെ അവകാശം ലഭിച്ചിട്ടില്ലാത്ത മ്യൂസിക് ക്ലിപ്പുകൾ എടുക്കുമ്പോൾ പ്രശ്നമാകാറുണ്ട്. അത് കൊണ്ട് പേജുകൾക്കു മുകളിൽ ഒരു ഭീഷണി ഇപ്പോഴും നിലനിക്കുന്നുണ്ട്. എന്തായാലും കൂടുതൽ വിഡിയോകൾ ഇനിയും ചെയ്യും," അജ്മൽ ആത്മവിശ്വാസത്തോടു കൂടി പറയുന്നു.
സ്പോട് എഡിറ്റിംഗ്, ക്യാമറ, മറാത്തി, തമിഴ് ചിത്രങ്ങളുടെ എഡിറ്റിങ് എന്നിവയും അജ്‌മൽ കൈകാര്യം ചെയ്തിട്ടുണ്ട്.
