കുടുംബ ബന്ധങ്ങളിൽ പുറത്തുനിന്നുമുള്ള ആക്രമണങ്ങൾ സംഭവിക്കുമ്പോൾ, അവിടെ രൂപപ്പെടുന്നൊരു ഗ്യാങ്സ്റ്റർ. ഗ്രേറ്റ് ഫാദർ, ഏബ്രഹാമിന്റെ സന്തതികൾ എന്നിവയ്ക്ക് ശേഷം ഹനീഫ് അദേനിയുടെ രചനയിൽ ചേർത്തുവയ്ക്കാവുന്നൊരു ഗ്യാങ്സ്റ്റർ ചിത്രം കൂടി- മിഖായേൽ. ആദ്യമായി വില്ലനും നായകനുമായി നിവിൻ പോളി അഭിനയിക്കുന്ന ചിത്രം. ഇതിൽ നല്ല വില്ലനായി നിവിൻ തിളങ്ങുമ്പോൾ, ക്രൂര വില്ലന്മാരുടെ പട്ടിക നിറയ്ക്കുന്നത്, സിദ്ധിഖ്, ഉണ്ണി മുകുന്ദൻ, സുദേവ് നായർ എന്നിവർ ചേർന്നും.
advertisement
സൂപ്പർമാൻ അച്ഛനും മകളും ആണ് ഗ്രേറ്റ് ഫാദർ എങ്കിൽ, ജ്യേഷ്ഠാനുജന്മാരുടെ ബന്ധം കൊണ്ടൊരു ക്രൈം ത്രില്ലെർ ആയി ഏബ്രഹാമിന്റെ സന്തതികൾ മാറിയെങ്കിൽ ഇവിടെ പ്രധാനം മൈക്കിൾ എന്ന ജ്യേഷ്ഠനും അയാളുടെ അനുജത്തി ജെനിയുമാണ്. ജെനിയൊരു അപകടത്തിൽപ്പെടുമ്പോൾ കാവൽ മാലാഖയായി ചുറ്റും നിൽക്കുന്ന മൂത്ത സഹോദരൻ. അത്തരമൊരു കഥാപാത്രത്തിന് പ്രതീക്ഷിക്കാവുന്ന ഗുണങ്ങളെല്ലാം മൈക്കിൾ അഥവാ മിഖായേൽ എന്ന നായകനുമുണ്ട്. അനുജത്തി അപകടത്തിൽപ്പെടുമ്പോൾ അയാൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ അവളെ രക്ഷിക്കാൻ എത്തുന്നു, ഏതു ദുർഘടമായ സന്ധിയിലും പിടിച്ചു നിൽക്കുന്നു, ഗുണ്ടകൾ അടിച്ചു നിലംപരിശാക്കിയപ്പോഴും അവിടെ നിന്നും ഉയർത്തെഴുന്നേൽക്കുന്ന സൂപ്പർ ഹ്യൂമൻ ആങ്ങളയായ നിവിൻ.
കായംകുളം കൊച്ചുണ്ണിയിൽ ധീരനായ മോഷ്ടാവിനെ അവതരിപ്പിച്ച നിവിനിൽ നിന്നും വില്ലനായ ഡോക്ടറിലേക്കുള്ള ദൂരം അളന്നാൽ അധികം വ്യത്യാസമുണ്ടാവില്ല. സംഘട്ടനരംഗങ്ങളിൽ കൂടുതലും ഒരു സ്ലോ പേസ് ഉപയോഗിച്ചിരിക്കുന്നത് നിവിന് ഇണങ്ങുന്ന രീതിയിൽ തന്നെയാണ്. വി.എഫ്.എക്സ്. ഫൈറ്റ് സീനുകൾ മലയാള സിനിമയിലും അരങ്ങു വാഴുമ്പോൾ സ്ലോ മോഷനും, ആയാസരഹിതമായ സ്റ്റണ്ട് സീക്വന്സുകളും കൊണ്ട് മിഖായേൽ നിറഞ്ഞു നിൽക്കുന്നു.
പുരുഷ കഥാപാത്രങ്ങൾ പെരുമഴ പോലെ പെയ്തിറങ്ങുമ്പോൾ ഇവിടെ നായികക്ക് ലഭിക്കേണ്ട പ്രസക്തി അനുജത്തിയുടെ വേഷം ചെയ്ത പെൺകുട്ടിക്കാണ്. അത് കൊണ്ട് തന്നെ വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്കുള്ള മഞ്ജിമ മോഹന്റെ തിരിച്ചു വരവിനോ, വടക്കൻ സെൽഫിയിലെ നിവിൻ-മഞ്ജിമ കൂട്ടുകെട്ട് വീണ്ടും കാണുന്നതിലുള്ള ആകാംഷക്കോ ചിത്രം അത്ര കണ്ടു പ്രാധാന്യം നൽകുന്നില്ല.
ബാബു ആൻ്റണി, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ തുടങ്ങിയ താരങ്ങൾക്കു നൽകിയ കഥാപാത്രങ്ങൾ അതിഥി വേഷത്തിനു സമാനമായി ചുരുങ്ങുന്നതും കാണാം. അടുത്തിടെ വിവാദമായ മലയാള സിനിമയിലെ അവയവദാന പരാമർശങ്ങളെ മിഖായേലും കൂട്ടുപിടിക്കുന്നുണ്ട്. ക്രൈമിന്റെ പല വശങ്ങൾ കൂട്ടിയിണക്കി ചേർത്തിരിക്കുന്നൊരു രണ്ടര മണിക്കൂർ ക്രൈം ഡ്രാമ എന്ന് മിഖായേലിനെ വിളിക്കാം.
