ഒരുകാലത്ത് വീണുകിട്ടിയ ആ പേര് തേച്ചാലും മായ്ച്ചാലും പോകില്ല എന്ന അവസ്ഥ വന്ന് ചേരുമ്പോൾ, പ്രാഥമിക വിദ്യാഭ്യാസം കഷ്‌ടിച്ചു കിട്ടിയ രാജീവൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം കേസ് വാദിച്ച് തെളിയിച്ചാൽ എങ്ങനെയുണ്ട്? 'ന്നാ താൻ കേസ് കൊട്' രാജീവന്റെ ഒറ്റയാൾ പോരാട്ടവും, കുഞ്ചാക്കോ ബോബന്റെ ഒറ്റയാൾ പടയുടെ വിജയവും ചേർന്നതാണ്.
ചെയ്യാത്ത മോഷണക്കുറ്റത്തിന് രാജീവൻ പ്രതിയാവുമ്പോൾ, അതിന്റെ മൂലകാരണം റോഡിലെ നികത്താത്ത കുഴിയും, ഇതെല്ലാം പൊതുജനത്തിന് ചെയ്തു നൽകേണ്ട വകുപ്പിന് മേൽനോട്ടം വഹിക്കുന്ന മന്ത്രി കെ.പി. പ്രേമനുമാണ് എന്ന് ഉറക്കെ പറയാനും, അതിനു വേണ്ടി ഏതറ്റം വരെ പോകാനും സാധാരണക്കാരിൽ സാധാരണക്കാരനായ രാജീവൻ തുനിഞ്ഞിറങ്ങിയാൽ, എന്ത് സംഭവിക്കും? 'പട്ടികടി കേസ്' എന്ന് എഴുതിത്തള്ളുമായിരുന്ന വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മന്ത്രിയെ പ്രതിക്കൂട്ടിൽ കയറ്റാനും ശക്തനാണോ ഈ തനി ഗ്രാമീണൻ?
advertisement
മലബാർ രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഒരു കൊടിയുടെയും അധികാരശക്തിയുടെയും പിൻബലമില്ലാത്ത, വിദ്യാസമ്പന്നനല്ലാത്ത വ്യക്തിയാണ് നമ്മുടെ കഥാനായകൻ. ഒരിക്കൽ മോഷ്‌ടാവായിരുന്ന രാജീവൻ കോടതിയിൽ സ്വന്തമായി കേസ് വാദിക്കുന്നു. കോടതിയിൽ ഉച്ചരിക്കപ്പെടുന്ന ഇംഗ്ലീഷ് വാക്കുകൾ കേട്ടാൽ അതിന്റെ അർഥം മനസ്സിലാവാത്ത രാജീവന് കഴിഞ്ഞ കാലം കൊണ്ട് പഠിച്ച നിയമ വകുപ്പുകൾ മനഃപാഠം. അയാൾ എവിടെയും അനുകമ്പ ചോദിച്ചു വാങ്ങുന്നില്ല. പറയാനൊരു ജോലിപോലുമില്ലാതെ, പിറക്കാനിരിക്കുന്ന കൺമണിയെ പേറുന്ന പങ്കാളിയും കിടന്ന കിടപ്പിലെ അച്ഛനുമടങ്ങുന്ന കുടുംബത്തിന്റെ നാഥനായിട്ടു കൂടി അധികാര വിരട്ടലുകളുടെ മുന്നിൽ പകച്ചുപോകുന്നില്ല അയാൾ.
ഡീഗ്ലാമർ ചെയ്യപ്പെട്ട്, നിൽപ്പിലും നോക്കിലും നടപ്പിലും സംസാരത്തിലും തന്നിലെ ഇതുവരെ കണ്ട നടനെ പാടെ പടിക്കുപുറത്തുനിർത്തിയാണ്, രാജീവന്റെ കുപ്പായത്തിലേക്ക് ചാക്കോച്ചൻ കയറിയത്. 'ദേവദൂതർ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററിൽ മുഴുവനും രാജീവന്റെ ആറാട്ട് പൂരമാണ് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം.
ഒരു കോമഡി ചിത്രമല്ലാഞ്ഞിട്ടുകൂടി ചിരിയുടെ രസച്ചരടുകൾ പൊട്ടാൻ പാകത്തിലെ സന്ദർഭോചിതമായ തമാശകൾ പറയാതെ വയ്യ. സറ്റയറിന്റെ സാദ്ധ്യതകൾ സിനിമ വേണ്ടുവോളം ചൂഷണം ചെയ്തിരിക്കുന്നു. 'ആൻഡ്രോയിഡ് കുഞ്ഞപ്പനെ' കൈപിടിച്ച് കൊണ്ടുവന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഇക്കുറി ഓരോ അഭിനേതാവിന്റെയും കഴിവിന്റെ മികച്ചത് പുറത്തുകൊണ്ടുവരാൻ തുനിഞ്ഞിറങ്ങിയ സംവിധായകൻ മാത്രമല്ല, രചയിതാവു കൂടിയായി എന്നതിന്റെ തെളിവ് സിനിമയിൽ സ്പഷ്‌ടം. സഹതാരങ്ങൾ തുടങ്ങി ജൂനിയർ ആർട്ടിസ്റ്റുമാരെക്കൊണ്ട് വരെ ഓരോ ഷോട്ടും പരമാവധി മുതലെടുക്കാൻ ചിത്രത്തെക്കൊണ്ടു കഴിഞ്ഞു. സിനിമയുടെ മൂഡിന് ചേരുന്ന ഫ്രയിമുകളും ശ്രദ്ധേയം.
നാല് മാസം മുൻപ് ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളെ സംബന്ധിച്ച ചില വിഷയങ്ങൾ കയറിപ്പറ്റിയതു തീർത്തും യാദൃശ്ചികമെന്നേ പറയാൻ സാധിക്കൂ. നമ്മിൽ പലരും ഉച്ചത്തിൽ വിളിച്ചു പറയാൻ ആഗ്രഹിച്ച്, എന്നാൽ പറഞ്ഞാൽ ആര് കേൾക്കും എന്ന ചിന്തയിൽ പിൻവലിഞ്ഞ കാര്യങ്ങൾ തലയുയർത്തി വിളിച്ചുപറയുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്.
പിന്നെ ഈ സിനിമ എന്തിന് കാണണം എന്ന് ചോദിക്കുന്നവരോട്-- റോഡ് അപകടങ്ങളിൽ പെട്ട് ജീവൻപോയ പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ ജീവിക്കുന്നവരും, അപകടം സംഭവിച്ചവരും, ജീവിതം നഷ്‌ടപ്പെട്ടവരും, അംഗഭംഗം ഉണ്ടായവരും തുടങ്ങി ഓട്ടപാച്ചിലിനിടെ റോഡിലെ കുണ്ടിലും കുഴിയിലും വണ്ടി ഓടിച്ച് നടു പഞ്ചറാവുന്നവരും നമുക്കിടയിലില്ലേ?
