TRENDING:

Prithviraj interview: അസാധ്യമെന്നൊന്നില്ലെന്ന് തെളിയിക്കാൻ നയൻ

Last Updated:

നിലവാരത്തിൽ നിന്നും വ്യതിചലിക്കാത്ത നിർമ്മാതാവ്, നല്ല സിനിമയുടെ വക്താവ്, നടൻ, സംവിധായകൻ. പൃഥ്വിരാജ് മനസ്സുതുറക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#മീര മനു
advertisement

സംവിധായകൻ ജെനൂസിനെ അച്ഛൻ കമലിനൊപ്പം സിനിമ ചെയ്യുമ്പോഴും, അല്ലാതെയും പരിചയമുണ്ട് പൃഥ്വിക്ക്. കമൽ ചിത്രം സെല്ലുലോയ്ഡിൽ പൃഥ്വി നായകനായപ്പോൾ, അസിസ്റ്റന്റ് ആയി ജെനൂസ് മുഹമ്മദ് ഉണ്ടായിരുന്നു. പിന്നീട് ജെനൂസിന്റെ ആദ്യ ചിത്രം 100 ഡേയ്സ് ഓഫ് ലവ് കാണുകയും ചെയ്തു. ജെനൂസ് ആദ്യമായി ഒരു തിരക്കഥ വായിച്ചു കേൾപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ, പൃഥ്വി പ്രതീക്ഷിച്ചതാവട്ടെ, മറ്റൊരു റൊമാന്റിക് കഥയാണ്. പക്ഷെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടായിരുന്നു ആ വരവ്. മലയാള സിനിമ സഞ്ചരിച്ചു പഴകിയ വഴികളിലൂടെയല്ല, നിർമ്മാതാവ് പൃഥ്വിയുടേയും, ജെനൂസിന്റെയും സ്വപ്നവും, സഞ്ചാരവും. ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തുന്ന നയനെക്കുറിച്ചും, തൻ്റെ സിനിമ സങ്കല്പങ്ങളെക്കുറിച്ചും പൃഥ്വി ന്യൂസ് 18 കേരളത്തോട്. പ്രത്യേക അഭിമുഖം

advertisement

നയനിലേക്ക് പൃഥ്വി

നിർമ്മാതാവ് ആകുന്നതിന് മുൻപാണ്, സ്ക്രിപ്റ്റ് കേൾക്കുന്നതും, ഈ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹമുണ്ടാവുന്നതും. പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ഇങ്ങനെയൊരു കഥയുമായാണ് ജെനൂസ് വരുന്നതെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. കേട്ട് കഴിഞ്ഞപ്പോൾ, ഈ സിനിമ എന്തായാലും നടക്കണം, ഇത് കാണണം എന്നതിയായ ആഗ്രഹം തോന്നി. ഈ കഥ കേൾക്കുന്നത് ഒരുപാട് നാളുകൾ മുൻപാണ്. ഒരു പ്രൊഡക്ഷൻ തുടങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്ന കാലം. പക്ഷെ ഉടനെ എന്നൊന്നും ചിന്തിച്ചിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ, ഞാൻ വിശ്വസിക്കുന്ന തരം സിനിമകൾ, അല്ലെങ്കിൽ, വ്യത്യസ്തമായ സിനിമകൾ ഇവിടെ സൃഷ്ടിക്കപ്പെടണം എന്ന തോന്നലുണ്ടായി. ഒരു നടനെന്ന നിലയിൽ പ്രേക്ഷകന് നൽകുന്ന ദൃശ്യാനുഭവം വ്യത്യസ്തമാകണം എന്ന ചിന്തയുടെ വക്താവാണ് ഞാൻ. ഞാൻ ആദ്യമായി നിർമ്മാണത്തിൽ ഭാഗമായ സിനിമ, ഒരു സാധാരണ കൊമേർഷ്യൽ സിനിമാ ഫോർമുലകൾക്കുള്ളിൽ ആവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ചിന്തയിൽ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭത്തിന് എല്ലാത്തരത്തിലും അനുയോജ്യമായ സിനിമയാണ് നയൻ എന്നെനിക്കു തോന്നി.

advertisement

നയനെക്കുറിച്ച്‌

നയൻ ഒരു അച്ഛനും, മകനും തമ്മിലുള്ള ബന്ധത്തിൻറെ കഥയാണ്. എളുപ്പത്തിൽ, ഒറ്റ വാചകത്തിൽ അതിനെക്കുറിച്ചു പറയാൻ സാധിക്കില്ല. ഒരു വലിയ, ആഗോള സംഭവത്തിൻറെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിലെ കേന്ദ്രകഥാപാത്രങ്ങളാണിവർ. ഇതിൽ സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കളോജിക്കൽ ത്രില്ലെർ എന്നിവ സന്നിവേശിപ്പിച്ചിട്ടുണ്ട്. വാക്കുകളിലുപരി, ദൃശ്യങ്ങളിലൂടെ കഥ പറയുന്ന രീതിയാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ലൊക്കേഷൻസും, ഷൂട്ട് ചെയ്തിരിക്കുന്ന രീതികളും വ്യത്യസ്തമാകുന്നു. മടുപ്പിക്കാത്ത ദൃശ്യാനുഭവം നൽകുന്ന സിനിമയാവുമെന്ന് കരുതുന്നു. അത് പ്രേക്ഷകർ തിയേറ്ററിൽ പോയി ആസ്വദിച്ചറിയട്ടെയെന്ന് ആഗ്രഹിക്കുന്നു.

advertisement

മലയാള സിനിമയുടെ വെല്ലുവിളി

കേരളമെന്ന സംസ്ഥാനം ചെറുതാണെന്നും, മറ്റു രാജ്യങ്ങളിലുള്ള മലയാളികളുടെ സാന്നിധ്യം താരതമ്യേന കുറവാണെന്നതുമാണ് നമ്മുടെ പരിമിതികൾ. ടെക്‌നിഷ്യൻസ്, അഭിനേതാക്കൾ, ഉള്ളടക്കം, ആശയരൂപീകരണം എന്നീ കാര്യങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയിൽ ലോകോത്തര നിലവാരത്തിലെ വ്യക്തികളുണ്ട്. ഈ ചുരുങ്ങിയ ചുറ്റുവട്ടത്തിൻറെ പരിമിതികൾ മറികടക്കാൻ സാധിക്കുന്നത് ഉള്ളടക്കത്തിലൂടെയാണ്. കേരളത്തിൽ നിർമ്മിക്കുന്ന മലയാള സിനിമയുടെ ഉള്ളടക്കം, മലയാളം അറിയാത്ത, മലയാളിയെ അറിയാത്ത, കേരളമെന്തെന്നറിയാത്തവരെ ആകർഷിക്കുന്ന രീതിയിലാവണം. ഒറ്റ സിനിമ എടുക്കുന്നു, അതിലൂടെ ലോകം മുഴുവനും സഞ്ചരിക്കുന്നു എന്ന പൊടുന്നനെയുള്ള പ്രക്രിയയല്ലിത്. ചില സിനിമകൾ കഴിഞ്ഞകാലത്തെ അവലോകനം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.

advertisement

പീക് ടൂർ സീസണിലാണ് നയൻ മണാലിയിൽ ഷൂട്ട് ചെയ്തത്. ഒരുപാട് പേർ ഷൂട്ടിംഗ് കാണാൻ വന്നിട്ടുണ്ടായിരുന്നു. മലയാളികളല്ലാത്ത ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എന്നോട് വന്നു പറയുന്നത്, മുംബൈ പോലീസ് എന്നോ അല്ലെങ്കിൽ 'ദി ഡോക്ടർ ഫിലിം' എന്ന അയാളും ഞാനും തമ്മിലിനെയോ പറ്റിയാണ്. ഈ സിനിമകൾ നിർമ്മിക്കപ്പെട്ട സമയവും, മറ്റു മാധ്യമങ്ങൾ വഴി പ്രചാരണം ലഭിച്ച സമയവും തമ്മിൽ വലിയൊരു കാലയളവുണ്ടായിരിക്കും. അത്തരത്തിൽ നല്ല സിനിമകൾ ഒരുപാടുണ്ട്. അതിൻറെ ഭാഗമായി നിൽക്കണം എന്നെനിക്കാഗ്രഹമുണ്ട്. നയൻ മലയാളികൾക്കും, മലയാളികളല്ലാത്തവർക്കും അത്തരമൊരാസ്വാദനം ഒരുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നിലവാരത്തിൽ വിട്ടു വീഴ്ച ചെയ്യാത്ത പൃഥ്വി നിർമ്മാതാവുമ്പോൾ

സ്വന്തമായി സിനിമ നിർമ്മിക്കുമ്പോഴാണ് താൻ സിനിമയുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പൃഥ്വി പറയുന്നു. "സ്വന്തം ബാനറിൽ പുറത്തിറക്കുന്ന ആദ്യ സിനിമയാണ് നയൻ. ഓഗസ്റ്റ് സിനിമക്കൊപ്പം നിന്നപ്പോഴും, ക്വാളിറ്റിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഞങ്ങൾ ചെയ്തിട്ടില്ല. നയനിൽ ഒരു ശതമാനം പോലും കുറവ് വരുത്താൻ ഞങ്ങൾ തയ്യാറായിട്ടില്ല. നയനിൽ വി.എഫ്.എക്‌സിനും, മറ്റു കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്ന് മനസ്സിലാക്കി റിലീസ് തിയ്യതി നീട്ടി വയ്ക്കണം എന്നൊരവസ്ഥയിൽ എത്തിയപ്പോൾ, മികച്ചൊരു സിനിമ ഒരുക്കാനായി സോണി പിക്‌ചേഴ്‌സും ഞങ്ങളും പെട്ടെന്നൊരു തീരുമാനം എടുക്കുകയായിരുന്നു. ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിനേക്കാൾ കുറഞ്ഞ ബഡ്ജറ്റിലാണ് നയൻ നിർമ്മിച്ചത്. എൻ്റെ സംവിധായകൻ, ടെക്‌നിഷ്യൻ സംഘം, പ്രൊഡക്ഷൻ കമ്പനി, ഭാര്യ സുപ്രിയ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് എന്നിവരുടെയെല്ലാം മിടുക്കാണത്. എന്നാലും ഇതിൽ എവിടെയെങ്കിലും ഞങ്ങൾ ആഗ്രഹിച്ചൊരു കാര്യം എടുക്കാതിരിക്കുകയോ, ഇല്ലെങ്കിൽ ആഗ്രഹിച്ചൊരു സീൻ എടുക്കേണ്ട രീതിയിൽ എടുക്കാതിരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ എടുത്ത സിനിമയിൽ മാത്രമല്ല, ഞാൻ അഭിനയിച്ച പല സിനിമകളിലും ഇത് തന്നെയാണ് അവസ്ഥ എന്നെനിക്കറിയാം.

നടൻ, നിർമ്മാതാവ്, സംവിധായകൻ. ഇതിൽ പൃഥ്വിക്കിഷ്ടം ഏതാണ്?

അടിസ്ഥാനമായും ഞാനൊരു നടനാണ്, സിനിമയിൽ അഭിനയിക്കുന്നയാളാണ്. സിനിമയെ മൊത്തത്തിൽ സമീപിക്കുന്നൊരു നടനാണ് ഞാനെന്നു വിശ്വസിക്കുന്നു. അത് കൊണ്ട് സംവിധായകനായപ്പോഴും വലിയൊരു മാറ്റമൊന്നും ഞാൻ ഫീൽ ചെയ്തില്ല. സിനിമയിലെ ക്രിയാത്മകതയുടെ പരകോടിയെന്നു പറയുന്നത് സംവിധാനമാണ്. പക്ഷെ എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ സിനിമയുടെ ഭാഗമായി നിൽക്കുകയെന്നതാണ് പ്രധാനം. അങ്ങനെ ചിന്തിക്കുമ്പോൾ, ഒരു നടനിൽ നിന്നും സംവിധായകനിലേക്ക് വലിയ ദൂരമുണ്ടെന്ന് തോന്നിയിട്ടില്ല. ആസ്വദിച്ചാണ് സംവിധാനം ചെയ്യുന്നതും, നിർമ്മക്കുന്നതും. എന്നാൽ അഭിനയമെന്ന കലയോടാണ് ഞാൻ അടുത്ത് നിൽക്കുന്നത്.

നയൻ എന്ന വി.എഫ്.എക്സ്. ഹെവി സിനിമ

ചിത്രത്തിന്റെ പ്രമേയം അത്രയും വി.എഫ്.എക്സ്. ആവശ്യപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സ് എന്ന് മാത്രമല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. സിമ്പിൾ, മീഡിയം, ഹൈ കോംപ്ലക്സിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന, പല ഘട്ടങ്ങളിലെ സങ്കീർണ്ണത അതിൻറെയുള്ളിൽ ഉണ്ടാവും. വിഷയവും, അത്തരം ഘടകങ്ങൾ ഉള്ളടക്കത്തിൽ ഉള്ളത് കാരണവും കുറച്ചേറെ ഹൈ കോംപ്ലക്സിറ്റി വർക്ക് ആണ് നയനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വി.എഫ്.എക്‌സും ഡിജിറ്റൽ ഇന്റർമീഡിയറ്റും നിർവഹിച്ചിരിക്കുന്നത് ആക്സൽ മീഡിയ എന്ന കമ്പനിയാണ്. അവർ സിനിമയെ സമീപിച്ച രീതി പ്രശംസനീയമാണ്.

ഒരു സിനിമ ആരംഭിച്ചാൽ, ഒരേ സമയം വേറെയും ഒരുപാട് സിനിമകളിലേക്ക് അവർ കടക്കില്ല. കൈയിലുള്ള സിനിമ എത്രയും വേഗം ചെയ്തു തീർക്കാൻ ശ്രമിച്ചു അടുത്തതേറ്റെടുക്കാൻ ശ്രമിക്കുന്നൊരു പക്ഷക്കാരുണ്ട്. മറുപക്ഷം, വേറൊരു സിനിമ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നാലും, ഈ സിനിമയ്ക്കു മേൽ കൂടുതൽ വർക്ക് ചെയ്യണം, കൂടുതൽ സമയം വേണമെന്ന് ചിന്തിക്കും. അവരിപ്പോ ഒരു മാസം കൊണ്ട് നയനിന്റെ വർക്ക് തീർത്താലും, ആറ് മാസം കൊണ്ട് തീർത്താലും ആദ്യം പറഞ്ഞ പ്രതിഫലമേ കിട്ടാൻ പോകുന്നുള്ളൂ. സമയം കൂടുന്തോറും, അവർക്കുണ്ടാവുന്ന ചെലവും നഷ്ടവും ഏറെയാവും. അത് മനസ്സിലായിട്ടും, ഏറ്റവും മികച്ച രീതിയിൽ എത്തിച്ചിട്ടേ നിർമ്മാതാവിന് കൊടുക്കാവൂ എന്ന മനോഭാവം ആക്സൽ മീഡിയക്കുണ്ട്.

സുപ്രിയ മേനോൻ സഹ-നിർമ്മാതാവുമ്പോൾ

ചെക്കുകൾ ഒപ്പിടുക, ക്രീയേറ്റീവ് ആയ തീരുമാനങ്ങൾ എടുക്കുക എന്നതൊഴിച്ചാൽ നിർമ്മാതാവെന്ന നിലയിൽ ഞാൻ ഒന്നും അറിയേണ്ടി വന്നിട്ടില്ല. ഇപ്പോൾ വിലകൂടിയൊരു ഉപകരണം സിനിമയ്ക്കു വേണമെകിൽ, ഇത്രയും ചിലവേറിയതു വേണോ എന്ന് സുപ്രിയ എന്നോട് വന്നു ചോദിക്കും. ആവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞാൽ ശരി. മണാലിയിൽ ഒരു ക്രെയിൻ രണ്ടു ദിവസം വന്നു പോകണമെങ്കിൽ അതിന്റെ ആവശ്യമുണ്ടോ എന്ന് തിരക്കി, കാര്യം നടപ്പിലാക്കാൻ കഴിവുള്ളയാളാണ്. എങ്ങനെ ഇവിടുന്നൊരു ടീം ഫ്ലൈറ്റ് കയറി ഡൽഹിയിൽ എത്തുന്നു, അവിടുന്ന് കുളുവിലും, അവിടുന്ന് ബസ്സിലേറി മണാലിയിലും, ഷൂട്ടിംഗ് ലൊക്കേഷനിലും എത്തുന്നു എന്നൊന്നും പിന്നെ ഞാൻ അറിഞ്ഞിട്ടില്ല.

മണാലിയിലെ പീക്ക് ടൂറിസ്റ്റ് സീസണിലാണ് ഷൂട്ടിംഗ്. മണാലിയിൽ പോയവർക്കറിയാം മെയ് മാസം അവിടെ എന്താണവസ്ഥയെന്ന്. ഹോട്ടൽ മുറികൾ കിട്ടാൻ പോലും ബുദ്ധിമുട്ടുള്ള കാലഘട്ടം. അവിടെ ഇത്രയും വലിയൊരു ക്രൂവിനെ കൊണ്ട് പോയി, വലിയൊരു സിനിമ പ്ലാൻ ചെയ്ത ബഡ്ജറ്റിനും താഴെ ചെയ്യാൻ സാധിച്ചെങ്കിൽ സുപ്രിയയുടെയും ഹാരിസിൻറെയും (ലൈൻ പ്രൊഡ്യൂസർ) നേട്ടമാണ്.

സ്പിതി താഴ്വരയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് നയൻ. കാരണമുണ്ട്, അവിടെ എത്തിപ്പെടുന്നത് ചില്ലറ കാര്യമല്ല. 12-13 മണിക്കൂർ കാർ യാത്ര. മണാലിയിൽ നിന്നും സ്പിതിയിലേക്കു റോഡ് മാർഗം ആണെങ്കിലും, അവിടെ റോഡ് ഇല്ല. പുഴകളും, അരുവികളും കടക്കണം. പണ്ട് അൻവറിനായി സ്പിതിയിലേക്കുള്ള യാത്ര പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ആ യാത്ര നിർത്തിയ സ്ഥലത്താണ് 'കണ്ണിനിമ നീളെ' എന്ന ഗാനം ചിത്രീകരിച്ചത്. അന്നത്രയും ബുദ്ധിമുട്ടിയെങ്കിൽ, കുറച്ചു നേരത്തെ പ്ലാൻ ചെയ്തതു കാരണം ഇത്തവണ ഞങ്ങൾ എത്തിച്ചേർന്നു. അതിന്റെ യാത്രയും, ചിലവും ഒക്കെ വെല്ലുവിളിയാണ്. അത് മനോഹരമായി നിർവ്വഹിച്ചതിലുള്ള ക്രെഡിറ്റ് സുപ്രിയക്കും, ഹാരിസിനും, ഹാരിസിന്റെ ടീമിനുമാണ്.

അലംകൃതയുടെ വെക്കേഷൻ നയനിൽ

വേനലവധിയുടെ 25-ഓളം ദിവസം അലംകൃത ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മണാലിയിലെ ഒരു ഫൈവ് സ്റ്റാർ ഹെറിറ്റേജ് പ്രോപ്പർട്ടിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വളരെയധികം ആവശ്യക്കാരുള്ള സ്ഥലമായതു കൊണ്ട്, ഷൂട്ടിങ്ങിനായി മൊത്തത്തിൽ ഏറ്റെടുക്കണമെന്നായിരുന്നു അവരുടെ നിബന്ധന. അങ്ങനെ അവിടെ ഞങ്ങൾ മാത്രമായി. ചുറ്റും ഞങ്ങളുടെ ആൾക്കാർ മാത്രം. ആലിക്കൊരു (അലംകൃത) പ്ലേഗ്രൗണ്ട് പോലെയായിരുന്നു. അലോകും (ചിത്രത്തിലെ ബാല താരം) ഉണ്ടായിരുന്നു. കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു.

ചിത്രത്തിന്റെ അണിയറയിൽ

സംവിധായകൻ ജെനൂസിന്റെതാണ് തിരക്കഥ. നയൻ ജെനൂസിന്റെ വീക്ഷണമാണ്. സിനിമ ഈയൊരു രൂപത്തിൽ എത്തിയതിന് പ്രധാന കാരണം ഛായാഗ്രാഹകൻ അഭിനന്ദൻ (അഭിനന്ദൻ രാമാനുജം) ആണ്. ദൃശ്യങ്ങളിലൂന്നിയുള്ള ചിത്രത്തിന് അഭിനന്ദൻ രചിച്ച  മനോഹരമായ ഭാഷയുണ്ട്. കലാ സംവിധായകൻ ഗോകുൽ ദാസാണ് മറ്റൊരാൾ. മണാലിയിൽ നിന്നും രോഹ്താങ്ങിലേക്കു പോകുന്ന വഴി, വളരെ ബുദ്ധിമുട്ടുള്ളൊരു സ്ഥലത്തൊരു ഒബ്സെർവഷൻ ടവർ സെറ്റിട്ടിരുന്നു. അവിടെ ആളെയെത്തിച്ച്‌ പണിയെടുപ്പിക്കുകയെന്നത് തന്നെ ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. മണാലിയിലെ കാടിനുള്ളിൽ, ഒരു ഗോത്ര ഗ്രാമം സെറ്റു ചെയ്തു. അതെല്ലാം കൃത്യമായ ബഡ്ജറ്റിനും, സമയത്തിനുമുള്ളിൽ മനോഹരമായി ചെയ്യാൻ ഗോകുൽ ദാസെന്ന മികച്ച പ്രൊഡക്ഷൻ ഡിസൈനർക്ക് സാധിച്ചു.

പശ്ചാത്തല സംഗീതം ഡി.ജെ.ശേഖറാണ്. സംഗീതം ഷാൻ റഹ്മാൻ. ഗാനങ്ങൾ ഉടനെയെത്തും. ഒക്കെയും കൂടാതെ ടെക്‌നീഷ്യന്മാരുടെ വലിയൊരു നിരതന്നെയുണ്ട്. ഒരു റെഡ് ജെമിനൈ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ് നയൻ. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിൽ ചിത്രീകരിക്കുന്ന ക്യാമറയാണ്. എന്ത് കൊണ്ടെന്നത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj interview: അസാധ്യമെന്നൊന്നില്ലെന്ന് തെളിയിക്കാൻ നയൻ