'കോമഡി, സൗഹൃദം, നിവിൻ പോളി, അജു വർഗീസ്; ഹാ, അടിപൊളി' എന്നേ ഏതൊരു മലയാളി പ്രേക്ഷകന്റെയും ചിന്തയിൽ തോന്നുകയുള്ളൂ. 'ഒരു വടക്കൻ സെൽഫി' മുതൽ 'ലവ്, ആക്ഷൻ, ഡ്രാമ' വരെ കണ്ടതതാണ്. അതാണ് ഇവർ ഒന്നിച്ചാലുള്ള പ്രതീക്ഷയും. ഉറങ്ങിക്കിടക്കുന്നവരെ പോലും വിളിച്ചുണർത്തി ചിരിപ്പിക്കാനുള്ള കഴിവാണ് ഈ കെമിസ്ട്രിയിൽ എപ്പോഴും കണ്ടിട്ടുള്ളത്. പക്ഷെ ഈ വരവിൽ എന്ത് പറ്റി?
'ഏജ് റിഗ്രെഷൻ' എന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരാളെ മുൻനിർത്തി കഥ പറയാനുള്ള ശ്രമം നല്ലതാണ്. മോശം കാലത്തെ മാനസികാവസ്ഥ മറികടക്കാൻ നന്നായി ജീവിച്ച നാളുകളിൽ തുടർന്ന് പോകുന്ന ഒരു അവസ്ഥയെ ഇവിടെ പരിചയപ്പെടുത്തുന്നു. 'കഴിഞ്ഞ കാലത്തു നിന്നും ബസ് കിട്ടാത്തവർ' എന്ന് വിളിച്ചു നിങ്ങൾ എപ്പോഴെങ്കിലും ഒരാളെ കളിയാക്കിയിട്ടുണ്ടോ? അങ്ങനെ കളിയാക്കപ്പെടുന്ന മനുഷ്യരിൽ ഒരാളുണ്ട് ഇവിടെ. അത് ഒരു തമാശയല്ലെന്നും, വൻ ദുരന്തങ്ങളിൽ അവസാനിക്കാതിരിക്കാനുള്ള ഒരു വ്യക്തിയുടെ എസ്കേപ്പിസ്റ് പോംവഴിയാനെന്നുമുള്ള ബോധ്യമാണ് കളിയാക്കൽ പ്രസ്ഥാനക്കാർക്ക് ആവശ്യം. അതിവിടെ കാണാം. അത്തരം അവസ്ഥയെ മുൻനിർത്തി സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമം നടന്നിട്ടുണ്ട്. എത്രത്തോളം ഫലവത്തായി എന്ന് പ്രേക്ഷകർ പറയട്ടെ.
advertisement
കാഴ്ചക്കാർക്ക് നവ്യാനുഭവമായി തീർന്നേക്കാമായിരുന്ന ഈ ത്രെഡ് പക്ഷേ ചുറ്റുമുള്ള ഘടകങ്ങളുടെ ഒച്ചയിൽ പതിഞ്ഞ സ്വരമായി മാറി. സിനിമയിൽ കാണുന്ന നിലയിലെ ആഡംബര സെറ്റുകളോ, കാഴ്ചകളോ, വിദേശ ലൊക്കേഷനോ ഇല്ലാതെ തന്നെ മനോഹരമാക്കാൻ സാധ്യതകൾ ഉണ്ടായിട്ടും, അങ്ങോട്ടേയ്ക്ക് ആരും എത്തിനോക്കിയിട്ടുപോലുമില്ല.
ട്വിസ്റ്റുകൾ കടന്നുവരുന്ന സ്ഥലങ്ങളിൽ എളുപ്പം കണക്ട് ചെയ്യാൻ സാധിക്കാതെ പോകുന്നത് മറ്റൊരു പോരായ്മയായി. ലോജിക്കിന്റെ അഭാവം സ്‌പഷ്‌ടമാണ്. ഇവിടങ്ങളിൽ സ്ക്രിപ്റ്റ് മുറുക്കം കൂട്ടേണ്ടിയിരുന്നു.
പഠിച്ച്, ജോലി നേടി, ജീവിതം കെട്ടിപ്പടുത്താൽ എന്തെല്ലാമോ ആയിപ്പോയി എന്ന ചിന്തയിൽ ജീവിക്കുന്നവർക്ക്, മനുഷ്യ ബന്ധങ്ങളിൽ എത്ര വിലകൊടുത്താലും കിട്ടാത്തത് എന്താണ് എന്നുള്ള ഓർമ്മപ്പെടുത്തൽ രസകരമാണ് താനും.
ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ച ഫോമിലെ പ്രകടനങ്ങൾ പുറത്തെടുത്തു കഴിഞ്ഞ നാല് നടന്മാരാണ് ഇവിടെയുള്ളത് എന്ന കാര്യം ഓർക്കണം. നിവിൻ പോളിക്ക് 'പടവെട്ട്' ആണെങ്കിൽ, അജുവിന് മേപ്പടിയാനിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ റോൾ എടുത്തുപറയാനുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്ര വീരന്റെ വേഷമിട്ട സിജു, അടുത്തിറങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളായ 'ലളിതം സുന്ദരം', '12th മാൻ', 'പ്രകാശൻ പറക്കട്ടെ' തുടങ്ങിയ സിനിമകളിലെ ക്യാരക്ടർ വേഷങ്ങൾ ചെയ്ത സൈജു എന്നിവരെ വിളിച്ചുകൂട്ടി ഒരു തട്ടുപൊളിപ്പൻ പടം കൊടുത്താലും അതൊരല്പം കൂടി ഗൗരവത്തോടെ തുന്നിച്ചേർത്ത ശേഷം അവരെ ഏൽപ്പിക്കാമായിരുന്നു. റോഷാക്കിൽ ശ്രദ്ധേയ പ്രകടനം നടത്തിയ നായിക ഗ്രെയ്‌സ് ആന്റണിയുടെ കാര്യവും വ്യത്യസ്തമല്ല.
സുപ്രധാന ഘടകങ്ങൾ മാറ്റിവച്ചാൽ, പാർട്ടി ലൈഫ് കാണുന്ന നിലയിൽ സിനിമയെ സമീപിക്കാവുന്നതാണ്.
