Read: ടിക്ടോക് വീഡിയോ ചെയ്യൂ, ലാൽ ജോസിൽ നിന്നും സമ്മാനം നേടൂ
ആദ്യ പകുതി മുഹമ്മദ് (സിദ്ധിഖ്) എന്ന നന്മ നിറഞ്ഞ മനുഷ്യന്റെ ജീവിതമാണ്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന സന്തുഷ്ട കുടുംബം. മക്കൾ മൂന്നും വിവാഹിതർ. ഹജ്ജിന് പോകുന്ന മുഹമ്മദ് യാത്രയ്ക്ക് മുന്നോടിയായി നടത്തേണ്ട പൊരുത്തപ്പെടൽ ആരംഭിക്കുകയാണ്. ആരെങ്കിലും അയാളാൽ ദുഃഖം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അവരോടു ക്ഷമ ചോദിച്ച് അനുവാദം വാങ്ങണം. ആദ്യ പകുതിയിലേറെയും ഈ നിമിഷങ്ങളാണ്. ഇത് മുഹമ്മദിന്റെ വ്യക്തിത്വം ഊട്ടിയുറപ്പിക്കാൻ നടത്തുന്നതാണെങ്കിലും വല്ലാത്ത നീണ്ടുപോകൽ പ്രേക്ഷകന് അനുഭവപ്പെടും. പലപ്പോഴും ഇതൊക്കെ മറ്റൊരു കഥക്ക് വഴിത്തിരിവാകുമോ എന്ന രീതിയിലാണ് സ്ക്രിപ്റ്റിന്റെ പോക്ക്. എന്നാൽ കഥ അങ്ങനെയല്ല എന്ന് തെളിയിച്ചു കൊണ്ടാണ് സിനിമ.
advertisement
ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണന്റെ വരവാണ് ചിത്രത്തിന്റെ വഴിത്തിരിവ്. കൗമാര കാലത്ത് കൂട്ടുകാർക്കൊപ്പം ഒരു കുറ്റത്തിൽ അറിയാതെ പെട്ട് പോയ കൃഷ്ണനെതിരെ ഇരുപതു വർഷത്തിനു ശേഷം പെട്ടെന്നൊരു ദിവസം പോലീസ് കേസ് ചാർജ് ചെയ്യുകയും അയാൾ രണ്ടു വർഷം ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുന്നതും ആണ് ചിത്രത്തിൽ. ഈ വേളയിൽ വർഷങ്ങളായി തെളിയാത്ത കേസ് എടുത്തു തെളിയിച്ചു കാട്ടി മെഡൽ വാങ്ങും എന്ന് ഊറ്റം കൊള്ളുന്നുണ്ട് ഇൻസ്‌പെക്ടർ.
ഒരു മുൻപരിചയവും ഇല്ലാത്ത മുഹമ്മദ് പ്രതിസന്ധിഘട്ടത്തിൽ സഹായിക്കുന്നത് കൃഷ്ണന്റെ ജീവിത ഗതി മാറ്റി മറിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
വൈകാരികത മുറ്റിയ നിമിഷങ്ങളെ അവതരിപ്പിച്ച് മുഹമ്മദ് ആയി തിളങ്ങിയ സിദ്ധിഖ് സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നു. വിശ്വാസത്തെ മുറുകെപ്പിടിച്ച് പ്രതിസന്ധികളെ നേരിട്ട് നല്ല മനസ്സിന്റെ ഉടമയായ ഒരാൾക്ക് എങ്ങനെ സമൂഹത്തിൽ ജീവിക്കാം എന്ന് കഥാപാത്രം തെളിയിക്കുന്നു. ഈ അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റും. നന്മ വറ്റിയിട്ടില്ലാത്ത മനസ്സുകളെ സ്‌ക്രീനിൽ തേടുന്ന പ്രേക്ഷകന് മുഹമ്മദും കൂട്ടരും നല്ല പാഠവുമായി ഒപ്പമുണ്ടാകും. എന്നാൽ യഥാര്‍ത്ഥജീവിതത്തെ അതിജീവിച്ച കഥ പകർത്തുമ്പോൾ അതിവൈകാരികതയും അതിഭാവുകത്വവും അൽപം കുറയ്ക്കാമായിരുന്നു എന്നും തോന്നും.
