സുശാന്ത് കടുത്ത മാനസിക സമ്മര‍്ദ്ദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും സമാന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്.
അവസാനം പുറത്തിറങ്ങിയ ചിച്ചോരെയ്ക്ക് ശേഷം ഏഴ് സിനിമകൾ സുശാന്തിന് ലഭിച്ചിരുന്നതായും എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആ സിനിമകളെല്ലാം അദ്ദേഹത്തിന് നഷ്ടമായെന്നും സഞ്ജയ് നിരുപം ട്വീറ്റിൽ പറയുന്നു.
എന്തുകൊണ്ടാണ് ഒപ്പു വെച്ച സിനിമകൾ സുശാന്തിന് നഷ്ടമായത്. സിനിമാ മേഖലയിലെ നിഷ്ഠൂരത മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇതാണ് പ്രതിഭാശാലിയായ ഒരു കലാകാരനെ ഇല്ലാതാക്കിയതെന്നും ട്വീറ്റിൽ നിരുപം പറയുന്നു.
അതേസമയം, ഏതൊക്കെ സിനിമകളാണ് സുശാന്തിന് നഷ്ടമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.
ബോളിവുഡിന്റെ കാപട്യ സ്വഭാവത്തെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും ഇതിനകം നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
സുശാന്തിന്റെ മരണത്തിൽ ഞെട്ടലും ഖേദപ്രകടനവും അറിയിച്ച് എല്ലാ താരങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്. വിവേക് ഒബ്റോയി, കൃതി സനോൻ, ശ്രദ്ധ കപൂർ, രാജ്കുമാർ റാവോ, സംവിധായകൻ അഭിഷേക് കപൂർ തുടങ്ങിയവർ മാത്രമായിരുന്നു എത്തിയത്.
ബോളിവുഡ് ഒരു കുടുംബമാണെന്ന് പുറമേ പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നായിരുന്നു വിവേക് ഒബ്റോയ് പ്രതികരിച്ചത്. നടി കങ്കണ റണൗട്ടും ബോളിവുഡിലെ ലോബിയിങ്ങിനെ കുറിച്ച് ശക്തമായി പ്രതികരിച്ചിരുന്നു. സുശാന്തിന് സിനിമകൾ നഷ്ടമായതായി കങ്കണയും സൂചിപ്പിക്കുന്നുണ്ട്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ ലോകത്തെ കോക്കസിനെ കുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും വീണ്ടും സജീവ ചർച്ച ഉയർന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രിവിലേജ് ക്ലബ്ബിനെ വിമർശിച്ചും ജസ്റ്റിസ് ഫോർ സുശാന്ത് എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങാണ്.
ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് സുശാന്തിന്റെ വാക്കുകൾ പങ്കുവെച്ചായിരുന്നു നടൻ പ്രകാശ് രാജിന്റെ പ്രതികരണം. സ്വജനപക്ഷപാതത്തെ അതിജീവിച്ചയാളാണ് താനെന്നും അതിനിടയിലാണ് താൻ വളർന്നതെന്നും പറഞ്ഞ പ്രകാശ് രാജ്, സുശാന്തിന് അതിന് കഴിയാതെ പോയെന്നും പറയുന്നു. ഇത്തരം മോശം പ്രവണതകൾക്കെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.