ഈ വർഷം റിലീസായ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബോക്സ് ഓഫീസ് പ്രകടനമാണിത്. വിജയ് മുഖ്യകഥാപാത്രത്തിലെത്തിയ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) ആണ് ഒന്നാമത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 26 കോടി രൂപയാണ് വേട്ടയന് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ ജയിലറിനെ അപേക്ഷിച്ച് വേട്ടയന് സ്വീകര്യത കുറവാണ് ലഭിച്ചിട്ടുള്ളത്. ജയിലർ ആദ്യ ദിനം ഇന്ത്യയില്‍നിന്ന് 48 കോടി രൂപയായിരുന്നു നേടിയത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു. 350 കോടിയിലധികം രൂപ ഇന്ത്യയില്‍നിന്ന് നേടാനും നെല്‍സണ്‍ ചിത്രത്തിനായിരുന്നു.
advertisement
ഗോട്ടിന്റെ ആദ്യ ദിന ബോക്‌സ് ഓഫിസ് കളക്ഷൻ 44 കോടി രൂപയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം നേടി. എന്നാല്‍, ഇന്ത്യയിലെ ഗോട്ടിന്റെ ഫൈനല്‍ കളക്ഷൻ ജയിലറിനു പിന്നിലായിരുന്നു. 250 കോടി രൂപയാണ് ഗോട്ടിന് ഇന്ത്യയില്‍നിന്ന് ലഭിച്ചത്.ജയ് ഭീം എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ ജ്ഞാനവേലിന് രജിനികാന്ത് എന്ന താരത്തെയും കഥയെയും ഒരുപോലെ ബാലൻസ് ചെയ്യാൻ സാധിച്ചില്ലെന്നാണ് പ്രധാന വിമർശനം.
സ്ഥിരം കണ്ടുമടുത്ത കൊമേഴ്സ്യൽ എലമെൻ്റുകളെ മാറ്റി നിർത്തി കഥക്ക് മുൻതൂക്കം നൽകി ഒരുക്കിയ ചിത്രമാണ് വേട്ടയ്യൻ എന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങളിൽ കാണാനാകുന്നത്. എൻകൗണ്ടറുകളെക്കുറിച്ച് പറയുന്ന ചിത്രം വളരെ ഗൗരവത്തോടെയുള്ള കഥപറച്ചിൽ രീതിയാണ് പിന്തുടരുന്നത്. ചിത്രത്തിൽ തലൈവർക്കൊപ്പം ഫഹദിന്റെ കഥാപാത്രവും പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.