2019-ൽ ബീർബൽ ട്രൈലജി കേസ് 1: ഫൈൻഡിങ് വജ്രമുനി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രുക്മിണി വസന്തിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. 2023-ൽ പുറത്തിറങ്ങിയ സപ്ത സാഗരടാച്ചെ എല്ലോ – സൈഡ് A & B-യിലെ പ്രിയ എന്ന കഥാപാത്രം, വിമർശകരുടെ പ്രശംസയും ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് – കന്നഡയും സൈമ ക്രിട്ടിക്സ് പുരസ്കാരവും സ്വന്തമാക്കി. പിന്നീട് ബാനദറിയാലി, ബഗീര, ഭൈരത്തി റനഗൽ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായി. 2025-ൽ വിജയ് സേതുപതിയോടൊപ്പം തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കുന്ന രുക്മിണി, കാന്താര 2യിലെ കനകാവതിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ്.
advertisement
സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ അന്ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ ഇതിൻറെ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.
ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാന്താര ചാപ്റ്റർ 1-നെ കാത്തിരിക്കുന്നത്. മൂന്ന് വർഷമാണ് ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കാനായി വേണ്ടിവന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1, 2025 ഒക്ടോബർ 2ന്, ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തും.